ഗ്യാസ് സിലിണ്ടർ ബുക്കിംഗിന്റെ പേരിൽ പുതിയ സൈബർ തട്ടിപ്പ്; ജാഗ്രത പാലിക്കണം

സംസ്ഥാനത്ത് ഗ്യാസ് സിലിണ്ടർ ബുക്കിംഗും ബിൽ അപ്ഡേഷനും പേരിൽ പുതിയ രീതിയിലുള്ള സൈബർ തട്ടിപ്പ് സജീവമാകുന്നതായി മുന്നറിയിപ്പ്. സിലിണ്ടർ ലഭ്യതക്കുറവ് സംബന്ധിച്ച വ്യാജ വാർത്തകൾ പ്രചരിപ്പിച്ചാണ് തട്ടിപ്പുകാർ ഉപഭോക്താക്കളെ വലയിലാക്കുന്നത്.
ആദ്യം ഗ്യാസ് കണക്ഷനുമായി ബന്ധപ്പെട്ടതായി തോന്നിക്കുന്ന ഒരു ടെക്സ്റ്റ് സന്ദേശം മൊബൈലിലേക്ക് എത്തും. തുടർന്ന് വാട്‌സാപ്പ് വഴി ബന്ധപ്പെട്ടു ‘GAS BILL UPDATE APK’ എന്ന പേരിലുള്ള ഫയൽ അയക്കും. ഗ്യാസ് ബുക്കിംഗ് വിവരങ്ങൾ പുതുക്കാനോ കുടിശ്ശിക തീർക്കാനോ ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്യണമെന്ന് ആവശ്യപ്പെടും.
എന്നാൽ ഈ APK ഫയൽ ഇൻസ്റ്റാൾ ചെയ്താൽ ഫോണിന്റെ നിയന്ത്രണം തട്ടിപ്പുകാർക്ക് ലഭിക്കും. തുടർന്ന് ബാങ്ക് വിവരങ്ങൾ, UPI പിൻ നമ്പർ, OTP തുടങ്ങിയവ ചോർത്തി അക്കൗണ്ടിലെ പണം തട്ടിയെടുക്കുന്നതാണ് രീതി.
എങ്ങനെ സുരക്ഷിതരാകാം?
വാട്‌സാപ്പ്, SMS വഴി ലഭിക്കുന്ന സംശയാസ്പദ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്. APK ഫയലുകൾ ഒരിക്കലും ഇൻസ്റ്റാൾ ചെയ്യരുത്. ഗ്യാസ് ബുക്കിംഗിനും പേയ്മെന്റിനുമായി ഔദ്യോഗിക വെബ്‌സൈറ്റുകളോ Play Store-ലുള്ള ഔദ്യോഗിക ആപ്പുകളോ മാത്രം ഉപയോഗിക്കുക.
അടിയന്തരമായി ബിൽ അടയ്ക്കണമെന്നോ കണക്ഷൻ റദ്ദാക്കുമെന്നോ ഉള്ള സന്ദേശങ്ങൾ വിശ്വസിക്കരുത്. ഗ്യാസ് ഏജൻസിയെ നേരിട്ട് ബന്ധപ്പെട്ട് സത്യാവസ്ഥ ഉറപ്പാക്കുക. OTP, ബാങ്ക് വിവരങ്ങൾ, പാസ്വേഡ് തുടങ്ങിയവ ആരോടും പങ്കുവെക്കരുത്. സൈബർ തട്ടിപ്പുകൾ ദിനംപ്രതി പുതിയ രൂപങ്ങളിൽ എത്തുന്നതിനാൽ ജാഗ്രതയും ബോധവത്കരണവും മാത്രമാണ് പ്രധാന പ്രതിരോധം.