
പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് ഹോർമുസ് കടലിടുക്കിൽ നിർത്തിവെച്ചിരുന്ന ഇന്ത്യൻ കപ്പലുകൾ വീണ്ടും യാത്ര ആരംഭിച്ചു. കടൽഗതാഗത നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെയാണ് കപ്പലുകൾ മുന്നേറിയത്. അതേസമയം ഹോർമുസ് അശാന്തമെന്നും കപ്പലുകൾ നീങ്ങുന്നില്ലെന്നും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ ഇത് അടിസ്ഥാനരഹിതമാണ്.
ലോകത്തിലെ പ്രധാന എണ്ണവ്യാപാര പാതയായ ഹോർമുസ് കടലിടുക്കിൽ നിലവിൽ സ്ഥിതി ശാന്തമാണ്. കടലിടുക്ക് തുറന്നത് ഇന്ത്യയ്ക്കും മറ്റ് രാജ്യങ്ങൾക്കും വലിയ ആശ്വാസമായി. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം ശക്തമായതോടെയാണ് ഇവിടെ സുരക്ഷാ ആശങ്ക ഉയർന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ നിരവധി ചരക്ക് കപ്പലുകൾ സുരക്ഷിത സ്ഥലങ്ങളിൽ നങ്കൂരമിട്ട് കാത്തുനിന്നിരുന്നു. ഇപ്പോൾ സ്ഥിതി ശാന്തമായതോടെ യാത്ര തുടരാമെന്ന് അധികൃതർ അറിയിച്ചു. ഇന്ത്യൻ കപ്പലുകളുടെ സുരക്ഷയ്ക്കായി ഇന്ത്യൻ നാവികസേന നിരീക്ഷണം തുടരുകയാണ്. ‘ഓപ്പറേഷൻ സങ്കൽപ്’ന്റെ ഭാഗമായി യുദ്ധക്കപ്പലുകളും മേഖലയിൽ വിന്യസിച്ചിട്ടുണ്ട്. കടലിടുക്ക് സാധാരണ നിലയിലായതോടെ എണ്ണവില കുറയാനിടയുണ്ടെന്നാണ് വിലയിരുത്തൽ.