കേരളത്തിൽ 55°C വരെ ചൂട് കൂടുമെന്നത് വ്യാജ പ്രചാരണം: മുന്നറിയിപ്പുമായി ദുരന്തനിവാരണ അതോറിറ്റി

കേരളത്തിൽ വരും ദിവസങ്ങളിൽ താപനില 45°C മുതൽ 55°C വരെ ഉയരുമെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സന്ദേശങ്ങൾ പൂർണ്ണമായും വ്യാജമാണെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി (KSDMA) അറിയിച്ചു. ‘സിവിൽ ഡിഫൻസ് വകുപ്പിന്റെ’ പേരിലാണ് ഈ സന്ദേശങ്ങൾ പ്രചരിക്കുന്നത്. എന്നാൽ കേരളത്തിൽ ഇത്തരമൊരു സർക്കാർ വകുപ്പില്ലെന്നും അഗ്‌നിരക്ഷാ സേനയ്ക്ക് കീഴിലുള്ള ഒരു സന്നദ്ധ സംഘടന മാത്രമാണ് സിവിൽ ഡിഫൻസെന്നും അധികൃതർ വ്യക്തമാക്കി. ഇത്തരം കാലാവസ്ഥാ പ്രവചനങ്ങൾ നടത്താൻ സിവിൽ ഡിഫൻസിന് അധികാരമില്ലെന്നും, കേന്ദ്ര കാലാവസ്ഥാ വകുപ്പോ (IMD) സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയോ ഇത്തരമൊരു മുന്നറിയിപ്പ് നൽകിയിട്ടില്ലെന്നും വ്യക്തമാക്കിക്കൊണ്ട് ജനങ്ങൾ പരിഭ്രാന്തരാകരുതെന്ന് സർക്കാർ നിർദ്ദേശിച്ചു.
താപനില ഉയരുന്നത് കാരണം മൊബൈൽ ഫോണുകൾ പൊട്ടിത്തെറിക്കുമെന്നും വാഹനങ്ങളിൽ ഇന്ധനം പൂർണ്ണമായി നിറയ്ക്കരുത് എന്നുമുള്ള പ്രചാരണങ്ങൾ ശാസ്ത്രീയ അടിത്തറയില്ലാത്തവയാണ്. അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് വാഹനങ്ങളും ഇന്ധന ടാങ്കുകളും നിർമ്മിക്കുന്നത് എന്നതിനാൽ സാധാരണ താപനിലയിൽ ടാങ്ക് നിറയ്ക്കുന്നത് അപകടകരമല്ല. ഇത്തരത്തിൽ അശാസ്ത്രീയമായ വിവരങ്ങൾ ഔദ്യോഗികമെന്ന പേരിൽ പ്രചരിപ്പിക്കുന്നത് പൊതുജനങ്ങളിൽ അനാവശ്യ ഭീതി പടർത്താനാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
വ്യാജ വാർത്തകൾ നിർമ്മിക്കുന്നതും പ്രചരിപ്പിക്കുന്നതും ദുരന്തനിവാരണ നിയമം 2005, സെക്ഷൻ 54 പ്രകാരം ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരക്കാർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. കാലാവസ്ഥയുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങൾക്കും മുൻകരുതലുകൾക്കുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ബുള്ളറ്റിനുകളും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റുകളും സോഷ്യൽ മീഡിയ പേജുകളും മാത്രം ആശ്രയിക്കണമെന്നും വ്യാജ സന്ദേശങ്ങൾ പങ്കുവെക്കരുതെന്നും പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.