Fact Check

എന്തുകൊണ്ട് സിബിഎസ്ഇ റീ-ഇവാലുവേഷൻ ഫീ കുറക്കുന്നു? ഇതാണ് യാഥാർഥ്യം

എന്തുകൊണ്ട് സിബിഎസ്ഇ റീ-ഇവാലുവേഷൻ ഫീ കുറക്കുന്നു? ഇതാണ് യാഥാർഥ്യം

പന്ത്രണ്ടാം ക്ലാസ് ഫലം വന്ന ഉടനെ തന്നെ റീ-ഇവാലുവേഷൻ ഫീ കുറയ്ക്കുന്നതായി സിബിഎസ്ഇ പ്രഖ്യാപിച്ചു. നേരത്തെ 100 രൂപയായിരുന്നു റീ-ഇവാലുവേഷൻ ഫീ ഇപ്പോൾ ഓരോ ചോദ്യത്തിനും 25 രൂപ എന്ന നിരക്കിലേക്ക് കുറച്ചിരുന്നു. ഇതുപോലെ സിബിഎസ്ഇയുടെ മറ്റു പല സേവനങ്ങളുടെയും നിരക്കും കുറച്ചു. വിദ്യാർത്ഥികൾക്ക് കുറഞ്ഞ ചിലവിൽ മികച്ച സേവനം നൽകാനാണ് ഈ തീരുമാനം എന്ന സിബിഎസ്ഇയുടെ വാദത്തിൽ എത്രത്തോളം കഴമ്പുണ്ട്?

ഒഎസ്എം സംവിധാനത്തിലെ പോരായ്മകൾ മറയ്ക്കാൻ

ഈ വർഷം സിബിഎസ്ഇയുടെ മൂല്യനിർണയം ഓൺ സ്ക്രീൻ മാർകിങ് (ഒഎസ്എം) എന്ന സംവിധാനത്തിലൂടെയാണ് നടന്നത്. ആയിരക്കണക്കിന് വിദ്യാർഥികളാണ് ഈ സംവിധാനം മൂലം തങ്ങളുടെ മാർക്ക് കുറഞ്ഞ് പോയെന്ന് പരാതി ഉന്നയിച്ചത്. പന്ത്രണ്ടാം ക്ലാസ്സിലെ ആകെ ഫലത്തിന്റെ ശതമാനവും കുറഞ്ഞു. കഴിഞ്ഞ വർഷം 88.39% ഉണ്ടായിരുന്നത് ഈ വർഷം 85.2% ആണ്. ഒഎസ്എം സംവിധാനം നേരിട്ട് മൂല്യനിർണയം നടത്തുന്നതിനേക്കാൾ ഫലപ്രദമാണെന്ന സിബിഎസ്ഇയുടെ വാദം ഇതോടെ പൊളിഞ്ഞു.

സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഉത്തര കടലാസുകൾ മൂല്യനിർണയം നടത്തുന്ന രീതിയാണ് ഒഎസ്എം സംവിധാനം. 3 ഘട്ടങ്ങളിൽ ആയിട്ടാണ് ഈ മൂല്യ നിർണയം നടക്കുക. “ഏകദേശം 98 ലക്ഷം ഉത്തരക്കടലാസുകളാണ് ഒഎസ്എം സംവിധാനം ഉപയോഗിച്ച് മൂല്യനിർണയം നടത്തിയത്. എന്നാൽ അതിൽ പതിമൂവായിരത്തിലധികം ഉത്തരക്കടലാസുകളിൽ മഷി തെളിയാത്തത് കൊണ്ട് അധ്യാപകരെ കൊണ്ട് തന്നെ പരിശോധിപ്പിക്കേണ്ട അവസ്ഥ വന്നു”, സ്കൂൾ എഡ്യൂക്കേഷൻ സെക്രട്ടറി സഞ്ജയ് കുമാർ പറഞ്ഞു. മുൻപ് 2014 ൽ പരീക്ഷിച്ച് പരാജയപ്പെട്ടൊരു സംവിധാനമാണ് ഒഎസ്എം സംവിധാനം.

സിബിഎസ്ഇയുടെ പുതുക്കിയ സേവന നിരക്കുകൾ

ഉത്തരങ്ങൾ കാണാനും പരിശോധിക്കാനും
പഴയ നിരക്ക് – ₹ 700
പുതിയ നിരക്ക് – ₹ 100

ഉത്തര പേപ്പർ വെരിഫിക്കേഷൻ
പഴയ നിരക്ക് – ₹ 500
പുതിയ നിരക്ക് – ₹ 100

പുനർ മൂല്യനിർണയത്തിന് (ഓരോ ചോദ്യത്തിന്)
പഴയ നിരക്ക് – ₹ 100
പുതിയ നിരക്ക് – ₹ 25

പുനർ മൂല്യനിർണയത്തിന് ശേഷം മാർക്ക് വർധിക്കുകയാണെങ്കിൽ അടച്ച ഫീ തിരികെ നൽകുമെന്നും സിബിഎസ്ഇ അറിയിച്ചിട്ടുണ്ട്. മെയ് 19 മുതൽ 22 വരെയാണ് പുനർ മൂല്യനിർണയത്തിന് അപേക്ഷിക്കാനുള്ള സമയ പരിധി.

Share Email
Top