Explained

‘കോക്ക്രോച്ച് ജനതാ പാർട്ടി’യുടെ പിന്നിലാര്‌? അറിയേണ്ടതെല്ലാം….

‘കോക്ക്രോച്ച് ജനതാ പാർട്ടി’യുടെ പിന്നിലാര്‌? അറിയേണ്ടതെല്ലാം….

ഇന്ത്യയിലെ ഭരണ സംവിധാനങ്ങൾക്കെതിരെ പോരാടുന്ന ഒരു യുവ മുന്നേറ്റമെന്ന അവകാശവാദത്തോടെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട ‘കോക്ക്രോച്ച് ജനതാ പാർട്ടി’ ഇപ്പോൾ രാജ്യത്താകെ സംസാര വിഷയമാണ്. യുവാക്കൾക്കിടയിൽ ഉടലെടുത്തൊരു മുന്നേറ്റം നാളെ ഭരണപക്ഷ പാർട്ടികളെ വരെ പിന്നിലാക്കാൻ സാധ്യതയുണ്ടെന്ന് ചിലർ അഭിപ്രായപ്പെടുന്നു. ഇപ്പോളിതാ സിജെപിയുടെ എക്സ് അക്കൗണ്ട് സസ്‌പെൻഡ് ചെയ്തിരിക്കുന്നു. അറിയാം എന്താണ് ‘കോക്ക്രോച്ച് ജനതാ പാർട്ടി’ എന്നും എന്താണ് ഇവരുടെ അജണ്ടയെന്നും…

എവിടെ ഒളിഞ്ഞിരിക്കുകയായിരുന്നു ഈ ‘പാറ്റകൂട്ടം’?

ആക്ഷേപഹാസ്യത്തിലൂടെ രാഷ്ട്രീയത്തെ വിമർശിക്കുക എന്നത് പല തവണ നടന്നിട്ടുണ്ട്. അതിൽ ഏറ്റവും പുതുമയേറിയതും ഒരു “ഡിജിറ്റൽ” പാർട്ടി രൂപീകരണത്തിന് വരെ വഴി തെളിക്കുന്നതുമായ ആശയമായിരുന്നു യുവാക്കളെ പാറ്റകളോട് ഉപമിച്ച ചീഫ് ജസ്റ്റിസ് സൂര്യ കാന്തിന്റെ പ്രസ്താവന. “ഇന്ത്യയിലെ തൊഴിൽ രഹിതരായ യുവത്വം പാറ്റകളെപോലെയാണ്, അവർ തൊഴിലിടങ്ങളിലും സമൂഹത്തിലും തങ്ങളുടേതായ ഇടം കണ്ടെത്താൻ കഷ്ടപ്പെടുന്നു” എന്നാണ് കാന്ത് പറഞ്ഞത്. ഈ പരാമർശം സമൂഹ മാധ്യമങ്ങളിൽ വൻ വിവാദത്തിനു വഴിവെച്ചു. ഈ രാജ്യം ഭരിക്കുന്നവരേക്കാൾ നന്നായി മാറ്റം കൊണ്ടുവാരാൻ ഇപ്പറഞ്ഞ ‘പാറ്റകൾക്ക്’ സാധിക്കുമെന്നും അതിനായി തൊഴിൽ രഹിതർക്ക് പങ്കെടുക്കാവുന്ന പല ഓൺലൈൻ ക്യാമ്പയിനുകളും ആരംഭിച്ചു. യുവാക്കൾ പാറ്റകളുടെ മാസ്ക് ധരിച്ച് പൊതുനിരത്തിലിറങ്ങി സാമൂഹ്യ കാര്യങ്ങളിൽ ഇടപെടുന്ന ഒരു ട്രെൻഡ് ഇതിലൂടെ രൂപംകൊണ്ടു.

അഭിജീത്ത് ദീപ്‌കെയുടെ കടന്നുവരവ്

ബോസ്റ്റൺ യൂണിവേഴ്സിറ്റിയിൽ നിന്ന് പബ്ലിക് റിലേഷൻസിൽ ബിരുദാനന്തര ബിരുദം നേടിയ അഭിജീത്ത്, സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിലൂടെ പൊളിറ്റിക്കൽ പി ആർ രംഗത്ത് പ്രവർത്തിക്കുകയായിരുന്നു. 2020 – 22 കാലയളവിൽ ആം ആദ്മി പാർട്ടിക്ക് വേണ്ടി ഓൺലൈൻ പൊളിറ്റിക്കൽ കാമ്പയിനുകൾ മെനഞ്ഞിരുന്നു ഈ മഹാരാഷ്ട്രക്കാരൻ. സൂര്യ കാന്ത് പറഞ്ഞ പാറ്റകൂട്ടത്തിന്റെ തൊഴിലില്ലായ്മയെ ഫലപ്രദമായൊരു പ്രക്ഷോഭത്തിലേക്ക് നയിക്കാൻ സോഷ്യൽ മീഡിയക്ക് സാധിക്കുമെന്ന് അയാൾ മനസിലാക്കി. ഇങ്ങനെ ‘കോക്ക്രോച്ച് ജനതാ പാർട്ടി’ രൂപം കൊണ്ടു.

സിജെപി എങ്ങനെ പ്രവർത്തിക്കുന്നു?

നിങ്ങൾ തൊഴിൽ രഹിതരാണോ? മടിയന്മാരാണോ? നിലവിലുള്ള ഭരണ സംവിധാനങ്ങളോടുള്ള വിയോജിപ്പ് തുറന്ന് പറയാൻ സാധിക്കുമോ? എങ്കിൽ നിങ്ങൾക്ക് സിജെപി യിൽ അംഗത്വം നേടാം. ഈ മാനദണ്ഡങ്ങളെല്ലാം നിർഷകർഷമല്ല. “മീം കൾച്ചറി”ന്റെ ഭാഗമായി തൊഴിലായ്മയുടെ ഈ മൂർദ്ധന്യാവസ്ഥ പലരെയും ഈ പാർട്ടിയിലേക്ക് ആകർഷിച്ചതാണ്. സിജെപിയുടെ പ്രകടനപത്രികയിൽ തന്നെ വ്യത്യസ്തതകൾ ഏറെ: –

  • വിരമിച്ച ശേഷം ചീഫ് ജസ്റ്റിസുമാർക്ക് രാഷ്ട്രീയ പദവികളോ രാജ്യസഭാ സീറ്റുകളോ നൽകില്ല.
  • വോട്ടർ പട്ടികയിൽ നിന്നുള്ള പേരുകൾ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ നിരീക്ഷിക്കും.
  • സീറ്റുകളുടെ ക്രമാനുഗത വർധനവിന് കാത്തിരിക്കാതെ, പാർലമെന്റിലും മന്ത്രിസഭയിലും സ്ത്രീകൾക്ക് 50% സംവരണം ഉറപ്പാക്കും.
  • തിരഞ്ഞെടുപ്പിന് ശേഷം ജനപ്രതിനിധികൾ പാർട്ടി മാറുന്നത് തടയുന്നതിനായി കർശനമായ കൂറുമാറ്റ വിരുദ്ധ നിയമങ്ങൾ നടപ്പാക്കും.

ഈ പ്രസ്താവനകളെല്ലാം ആക്ഷേപഹാസ്യത്തിലുപരി ഇന്ന് ഇന്ത്യയിൽ നടക്കുന്ന അരാജകത്വങ്ങൾക്കെതിരെയുള്ള യുവതയുടെ ശബ്ദമാണ്. നേപ്പാളിൽ ജെൻ സി പ്രക്ഷോഭം നടന്നപ്പോൾ പരിഹസിച്ച പലരും ഇന്ന് നമ്മുടെ നാട്ടിലെ ജെൻ സിയുടെ ചോദ്യങ്ങൾക്ക് മുന്നിൽ ചൂളിപ്പോകുന്നു. ഒരു ട്രെൻഡ് മതി ജീവിതം മാറാൻ എന്ന പുതുതത്വം മെനഞ്ഞെടുത്ത ഈ ‘പാറ്റകളുടെ പാർട്ടി’ ഏത് ദിശയിലേക്ക് നീങ്ങുമെന്ന് കണ്ടറിയാം…

Share Email
Top