രാജ്യത്ത് സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചു; എൻസിആർബി റിപ്പോർട്ട് പുറത്ത്

നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യുറോയുടെ 2024 ലെ റിപ്പോർട്ട് പുറത്ത്. റിപ്പോർട്ട് പ്രകാരം സൈബർ കുറ്റകൃത്യങ്ങളിൽ രാജ്യത്ത് വർധനവുണ്ടായി. 17%മാണ് ഒരു വർഷത്തിൽ ഇന്ത്യയിൽ കൂടിയ സൈബർ കുറ്റകൃത്യ നിരക്ക്.
2024-ൽ 1,01,928 സൈബർ കുറ്റകൃത്യങ്ങളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതിന് മുൻപുള്ള വർഷം 86,420 ആയിരുന്നു ഈ കണക്ക്. 2024-ൽ രജിസ്റ്റർ ചെയ്ത സൈബർ കുറ്റകൃത്യ കേസുകളിൽ 72.6 ശതമാനവും സൈബർ തട്ടിപ്പിനായുള്ളവയായിരുന്നു. അതായത് 1,01,928 കേസുകളിൽ 73,987 എണ്ണം സൈബർ തട്ടിപ്പായിരുന്നു. അതിന് പിന്നാലെ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട കേസുകൾ 3.1 ശതമാനം ആണ്. 3,190 കേസുകൾ ആണിത്. ഭീഷണിപ്പെടുത്തി പണം തട്ടുന്ന കേസുകൾ 2.5 ശതമാനവും (2,536 കേസുകൾ) ഉണ്ടായിരുന്നു.
എന്നാൽ ആകമാനമുള്ള കുറ്റകൃത്യങ്ങളുടെ നിരക്ക് കുറഞ്ഞതായാണ് റിപ്പോർട്ട് സാക്ഷ്യപ്പെടുന്നത്. 2023 -നേക്കാൾ 6 %മാണ് ഈ കണക്കിൽ ഇടിവ് വന്നിരിക്കുന്നത്. ആകെ 58.86 ലക്ഷം കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്, ഇതിൽ 35.44 ലക്ഷം കേസുകൾ ഇന്ത്യൻ ഇന്ത്യൻ ശിക്ഷാ നിയമ പ്രകാരവും 23.41 ലക്ഷം കേസുകൾ പ്രത്യേക നിയമ പ്രകാരവുമാണ്. 2024-ൽ “രാജ്യത്തിനെതിരായ കുറ്റങ്ങൾ” എന്ന വിഭാഗത്തിൽ 5,194 കേസുകളാണ് രേഖപ്പെടുത്തിയത്. ഇതിൽ തന്നെ 4,395 എണ്ണം (84.6%) പൊതുമുതൽ നശിപ്പിക്കൽ തടയൽ നിയമപ്രകാരവും, 649 എണ്ണം (12.5%) നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമപ്രകാരവുമാണ് രജിസ്റ്റർ ചെയ്തത്. പട്ടികജാതിക്കാർക്കെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ആകെ 55,698 കേസുകൾ രജിസ്റ്റർ ചെയ്തതായി റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ഇത് 2023 -നേക്കാൾ 3.6% കുറവാണ്.
കുറ്റകൃത്യങ്ങളുടെ കണക്കുകളിൽ കുറവ് ഉണ്ടാകുന്നത് ആശ്വാസകരമായ വാർത്തയല്ല, റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം കുറയുന്നു എന്നതിന്റെ തെളിവാണ്. രേഖകളിൽ ഇല്ലാത്ത കേസുകൾ എങ്ങുമെത്താതെ തഴയപ്പെടുന്നു എന്നുള്ളതാണ് ഇതിലെ യാഥാർഥ്യം.