
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഞെട്ടിക്കുന്ന ഫലങ്ങൾ വന്നപ്പോൾ ആരും പ്രതീക്ഷിക്കാത്ത നേട്ടം കൈവരിച്ചത് നടൻ വിജയിയുടെ പാർട്ടിയായ തമിഴക വെട്രി കഴകമാണ്. 108 സീറ്റുകൾ നേടി സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയരാൻ ടിവികെക്ക് ഇങ്ങനെ സാധിച്ചു? മുൻ മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം കെ സ്റ്റാലിന് വരെ കാലിടറിയത് ജെൻ-സി വിജയ്‌യുടെ പാർട്ടിയെ പിന്തുണച്ചത് കൊണ്ടാണോ?
ഡിഎംകെക്ക് എവിടെയാണ് തെറ്റുപറ്റിയത്?
പണ്ട് മുതൽ തന്നെ ദ്രാവിഡ രാഷ്ട്രീയം ഉയർത്തിയ പാർട്ടിയാണ് ഡിഎംകെ. തമിഴ്‌നാട്ടിൽ ദ്രാവിഡ മുന്നേറ്റങ്ങൾ വിദ്യാർഥി രാഷ്ട്രീയത്തിൽ അതിഷ്ടിതവുമായിരുന്നു. അടിച്ചമർത്തപ്പെട്ട സമൂഹത്തിന്റെ സ്വരം എന്ന നിലയിൽ ഒരു ചിത്രം വരച്ച് കാണിക്കാൻ ഡിഎംകെക്ക് സാധിച്ചിരുന്നു. അങ്ങനെയൊരു വിദ്യാർഥി മുന്നേറ്റമൊന്നും ഇന്ന് തമിഴ്‌നാട്ടിലില്ല. പല കോളേജുകളിലും വിദ്യാർഥി യൂണിയനുകൾ പോലുമില്ല. ഇനി ഉണ്ടെങ്കിൽ തന്നെ അരാഷ്ട്രീയ ആശയങ്ങൾക്ക് ജെൻ-സി വിദ്യാർഥികളുടെ ഇടയിൽ ‘മാർക്കറ്റ്’ ഉണ്ട്. പ്രൊഫഷണൽ ഡിഗ്രി കരസ്ഥമാക്കി ജോലിക്കായി വിദേശത്തേക്ക് പോകാൻ തയ്യാറെടുക്കുന്ന ഭൂരിഭാഗം വിദ്യാർഥികൾക്കും നാട്ടിലെ രാഷ്ട്രീയ സംഭവങ്ങളിൽ താല്പര്യക്കുറവാണ്. ഡിഎംകെ തുടർച്ചയായി പറയുന്ന പഴയ ദ്രാവിഡ പ്രത്യയശാസ്ത്രം ഈ വിദ്യാർഥികൾക്ക് നിറം മങ്ങിയതാണ്.
വിജയ്‌യുടെ തന്ത്രങ്ങൾ ജെൻ-സിയെ ഏങ്ങനെ സ്വാധീനിച്ചു?
കൃത്യമായൊരു സംഘടനാ ഘടനയോ രാഷ്ട്രീയ പാടവമോ ഇല്ലാത്ത വിജയ്ക്ക് പക്ഷെ തന്നെ ഏങ്ങനെ ആളുകളുടെ മുന്നിൽ അവതരിപ്പിക്കണം എന്നറിയാം. വിജയ് ജനങ്ങളെ സമീപിച്ചത് സ്ഥിരം പ്രചാരണ ശൈലികളിലൂടെയല്ല. യുവ വോട്ടർമാരുടെ ശ്രദ്ധ ആകർഷിക്കുന്ന ഓൺലൈൻ മാധ്യമങ്ങളിലൂടെ വിജയ് അവരിലേക്ക് കടന്നുചെന്നു. ‘വിസിൽ’ എന്ന ടിവികെയുടെ പാർട്ടി ചിഹ്നം സോഷ്യൽ മീഡിയയിൽ നിറഞ്ഞതോടെ തമിഴ്നാട്ടിലെ ദ്വിദള രാഷ്ട്രീയതിനുപരി എന്ത് എന്ന ചോദ്യത്തിന് അവർ ഉത്തരം കണ്ടെത്തി. രാഷ്ട്രീയത്തിലിറങ്ങും മുൻപേയുള്ള വിജയിയുടെ സിനിമകളും വലിയ രീതിയിൽ ടിവികെയുടെ ജനപ്രീതിയെ സ്വാധീനിച്ചിട്ടുണ്ട്.
ടിവികെയുടെ വരവോടെ തമിഴ്‌നാട് രാഷ്ട്രീയത്തിന്റെ മുഖഛായ മാറുകയാണ്. ചെറിയ പാർട്ടികൾ അടക്കമുള്ളവർ ഈ മാറ്റാതെ ഉറ്റുനോക്കുന്നു. ഈ മാറ്റങ്ങളെല്ലാം ആർക്ക് ഗുണകരമാകുമെന്ന് കണ്ടറിയണം.