Explained

ഖജനാവിലെ പൂച്ച കോടിപതി; ട്രഷറിയിൽ 5429 കോടി രൂപ നീക്കിയിരിപ്പെന്ന് വിവരാവകാശ രേഖ

ഖജനാവിലെ പൂച്ച കോടിപതി; ട്രഷറിയിൽ 5429 കോടി രൂപ നീക്കിയിരിപ്പെന്ന് വിവരാവകാശ രേഖ

സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് പ്രതിപക്ഷത്ത് ഇരിക്കുമ്പോൾ കള്ളപ്രചരണം നടത്തിയ യുഡിഎഫ് അധികാരത്തിലെത്തിയ ശേഷം ജനകീയ പ്രഖ്യാപനങ്ങൾ നടപ്പിലാക്കാതിരിക്കാൻ അതേ ആയുധം പയറ്റുകയാണ്. മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണി ഖജനാവിൽ പൂച്ച പെറ്റുകിടക്കുകയാണെന്നാണ് ആക്ഷേപിച്ചത്. എന്നാൽ ഇതിന്റെ യാഥാർഥ്യം എന്താണ്?

സംസ്ഥാന ഖജനാവിൽ എൽഡിഎഫ് സർക്കാർ അധികാരമൊഴിയുമ്പോൾ 5429 കോടി രൂപ ബാക്കിയുണ്ടെന്നാണ് വിവരാവകാശ രേഖ. തിരഞ്ഞെടുപ്പിലെ യുഡിഎഫിന്റെയും വിഡി സതീശന്റെയും ക്യാമ്പെയ്നുകളിൽ പ്രധാനപ്പെട്ട മുദ്രാവാക്യവും കേരളത്തിന്റെ ഖജനാവ് അധികാരമൊഴിയാൻ പോകുന്ന എൽഡിഎഫ് സർക്കാർ കാലിയാക്കിയിരിക്കുന്നുവെന്നും, കോടികളുടെ ബാധത നിലവിൽ കേരളത്തിനുണ്ടെന്നുമുള്ള തരത്തിലായിരുന്നു. യുഡിഎഫ് അധികാരത്തിലെത്തിയാൽ കടമെടുക്കില്ലെന്നും കടമെടുപ്പല്ലാതെ മറ്റ് മാർഗങ്ങളിലൂടെ സംസ്ഥാനത്തിന്റെ വരുമാനമുയർത്തുമെന്നുമായിരുന്നു വിഡി സതീശൻ പ്രഖ്യാപിച്ചിരുന്നു.

അധികാരത്തിലേറി ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ 2000 കോടിയോളം രൂപയുടെ ആനുകൂല്യങ്ങൾ ആത്മവിശ്വാസത്തോടെ പ്രഖ്യാപിച്ച മുഖ്യമന്ത്രി വിഡി സതീശൻ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വെളിവാക്കുന്ന ധവളപത്രമിറക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതുവരെ ധവളപത്രവുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തീകിരച്ചിട്ടില്ല.

സ്ത്രീകളുടെ സൗജന്യ യാത്രയുമായി ബന്ധപ്പെട്ട നടപടികൾ ആരംഭിച്ച ശേഷം ഇടയ്ക്ക് നിർത്തിവച്ചതിനെ തുടർന്ന് വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെയാണ് സംസ്ഥാന ഖജനാവ് കാലിയാണെന്നും പ്രഖ്യാപനങ്ങൾ നടപ്പിലാക്കാൻ സാവകാശം ആവശ്യമാണെന്നും യുഡിഎഫ് കേന്ദ്രങ്ങൾ പ്രചരിപ്പിച്ചത്.

ഇതിന് പിന്നാലെ മുൻധനമന്ത്രി വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. 4000 കോടിയോളം രൂപ ഖജനാവിൽ നീക്കിയിരിപ്പുണ്ടെന്ന് തെരഞ്ഞെടുപ്പ് സമയത്ത് തന്നെ പറഞ്ഞ മുൻ ധനമന്ത്രി കണക്കുകൾ പുറത്തുവന്നതിന് പിന്നാലെ 6000 കോടിയോളം രൂപ സർക്കാറിലേക്ക് ഇതുവരെ വന്ന ബില്ലുകളെല്ലാം കൊടുത്ത് തീർത്ത ശേഷം നീക്കിയിരിപ്പുണ്ടെന്ന് കെ എൻ ബാലഗോപാൽ പറഞ്ഞിരുന്നു.

നിലവിൽ പുറത്തുവന്ന വിവരാവകാശ രേഖ പ്രകാരം 5429 കോടി രൂപ സംസ്ഥാന ഖജനാവിൽ നീക്കിയിരിപ്പുണ്ട്. യുഡിഎഫ് സർക്കാർ കടമെടുക്കില്ലെന്ന് പ്രഖ്യാപിച്ചെങ്കിലും നിയമസഭ അറിയാതെ എടുത്ത 1800 കോടി ഉൾപ്പെടെ വി ഡി സതീശൻ സർക്കാർ അധികാരമേറ്റെടുത്ത് ഏഴ് ദിവസം പോലും തികയും മുന്നെ 4600 കോടി രൂപയാണ് സർക്കാർ കടമെടുത്തിരിക്കുന്നത്.

Share Email
Top