Explained

ഭിന്നിപ്പിച്ച് ഭരിക്കാനുള്ള ബിജെപി തന്ത്രം പാർലമെന്റിൽ പാളി

ഒരു രാജ്യത്തെ ഭരണഘടനാ ഭേദഗതികൾ ഒരു പാർലമെന്റിനെ സംബന്ധിച്ച നടപടിക്രമം മാത്രമല്ല, ആ രാജ്യത്തിന്റെ നിലനിൽപ്പ് എങ്ങനെയായിരിക്കണമെന്ന സാധ്യത കൂടി അവിടെ പരിശോധിക്കപ്പെടുന്നുണ്ട്. ജനാധിപത്യത്തിൽ അധിഷ്ഠിതമായ നമ്മുടെ രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങളും, ജനാധിപത്യം തന്നെയും ഏകാധിപത്യത്തിലേക്ക് നടന്നടുത്തുകൊണ്ടിരിക്കുന്ന രാഷ്ട്രീയ പരിസരത്തിലാണ് കഴിഞ്ഞദിവസം പാർലമെന്റിൽ 131 ആം ഭരണഘടന ഭേദഗതി ബിൽ നരേന്ദ്രമോദി സർക്കാർ അവതരിപ്പിച്ചത്.

വനിതാ ശാക്തീകരണത്തിന് പ്രാധാന്യം നൽകുന്നു എന്ന വ്യാജേന മറ്റു ചില നിക്ഷിപ്ത താല്പര്യങ്ങൾ കൂടി മുൻനിർത്തിയാണ് ബില്ല് അവതരിപ്പിച്ചത് . അതിൽ ഏറ്റവും പ്രധാനം ലോക്സഭാ മണ്ഡലങ്ങളുടെ പുനക്രമീകരണവും കേന്ദ്ര ഭരണ പ്രദേശങ്ങൾ സംബന്ധിച്ച പുതിയ ബില്ലുമായിരുന്നു. ജനസംഖ്യ മുൻനിർത്തി രാജ്യത്തെ ലോക്സഭാ മണ്ഡലങ്ങളുടെ എണ്ണം പുനക്രമീകരിക്കുക എന്ന ലക്ഷ്യമായിരുന്നു വനിതാ സംവരണം എന്ന പുറംമോടിയിൽ അവതരിപ്പിക്കപ്പെട്ട ബില്ലിന്റെ പിന്നിലെ രാഷ്ട്രീയ ഉദ്ദേശം. ബില്ല് പരാജയപ്പെടുന്നതോടെ 12 വർഷം നീണ്ട നരേന്ദ്രമോദിയുടെ സംഘപരിവാർ വാഴ്ചയുടെ പതനവും ജനാധിപത്യത്തിന്റെ ഉയിർത്തെഴുന്നേല്പമാണ് കാണാൻ കഴിയുന്നത്.

ഭരണഘടനയുടെ അടിസ്ഥാന ആശയങ്ങൾ റദ്ദ് ചെയ്യുകയും തങ്ങൾക്ക് അനുകൂലമായി മാറ്റി എഴുതുകയും ചെയ്യാൻ പറ്റുന്ന അത്ര അംഗബലം നരേന്ദ്രമോദിയുടെ കഴിഞ്ഞ രണ്ട് സർക്കാറിനും ഉണ്ടായിരുന്നു. അവർ മുന്നോട്ടുവെക്കുന്ന വിഭജന ആശയങ്ങൾക്ക് വരും ഭാവിയിൽ ഇന്ത്യയിൽ പ്രസക്തിയില്ല എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് അവർ തങ്ങൾക്ക് അനുകൂലമായ ഭൂപ്രദേശങ്ങളിൽ കൂടുതൽ സീറ്റുകൾ ഏതുവിധേനയും ഉണ്ടാക്കി അധികാരം ഉറപ്പിക്കാൻ ഉള്ള നീക്കമായിരുന്നു ഈ പുതിയ ബില്ല്. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധങ്ങളിൽ വരുന്ന ഗണിതപരമായ സ്വരച്ചേർച്ച ഇല്ലായ്മ ചെയ്യുന്നു എന്നതിലാണ് ഈ ബില്ലിന്റെ യഥാർത്ഥ അപകടം മറഞ്ഞിരിക്കുന്നത്. അതിനപ്പുറം മോദി ഭരണത്തിന് കീഴിൽ ഒരു പതിറ്റാണ്ടിനു മുകളിലായി സംഭവിച്ചുകൊണ്ടിരിക്കുന്ന ഫെഡറൽ തത്വങ്ങളുടെ ലംഘനങ്ങൾക്ക് ആക്കം കൂട്ടലും.

വർഗീയമായ അജണ്ടകളിലൂടെ രാഷ്ട്രീയ നിലനിൽപ്പ് സാധ്യമാക്കുന്ന സംഘപരിവാർ അജണ്ട, അധികാരത്തിനു വേണ്ടി ഒരിക്കൽ കൂടി ബ്രിട്ടീഷുകാർ നടപ്പിലാക്കിയ പൂർവ്വകാല നയങ്ങളുടെ പുസ്തകങ്ങൾ പൊടിതട്ടി നോക്കുകയാണ്. അതിൽ നിന്നും ലഭിക്കുന്ന ഭിന്നിപ്പിച്ചു ഭരിക്കൽ തന്ത്രത്തിന്റെ ഏറ്റവും പുതിയ പതിപ്പായി കൂടി വേണം ഈ പരാജയപ്പെട്ട ഭരണഘടന ഭേദഗതിയെ കാണാൻ. രാജ്യം വടക്കൊന്നും തെക്കേന്നും ഭിന്നിപ്പിക്കുക വഴി വന്നുചേരുന്നത് ഹിന്ദി ഹൃദയ ഭൂമിയിലെ ഭാഷാപരവും സാംസ്കാരികവുമായ പ്രതിസന്ധിയും പ്രശ്നങ്ങളുമായിരിക്കും. എഴുപതുകളിൽ തമിഴ് ഭാഷ പ്രശ്നം എങ്ങനെ സംഭവിച്ചോ അതിനെ ഭൂമിശാസ്ത്രപരമായ ചേരുവകൾ കൂടി ചേർത്ത് കൂടുതൽ ആളിക്കത്തിച്ച് ഭിന്നിപ്പുണ്ടാക്കുക. ആ ഭിന്നിപ്പിനെ ഇനി രാഷ്ട്രീയ നേട്ടമാക്കുക. ഹിന്ദി ഹൃദയ ഭൂമിയിലും സംഘപരിവാറിന് വേരോട്ടമുള്ള മണ്ണുകളിലും കൂടുതൽ ലോക്സഭാ സീറ്റുകൾ അനുവദിക്കുക വഴി അധികാരം എക്കാലവും തങ്ങൾക്കൊപ്പം നിലനിന്നു പോകാനുള്ള മാർഗ്ഗമായി അവർ കണ്ടു. അതിനെ ഒരു ആവശ്യമായി കാണുന്നതിനു വേണ്ടി മാത്രമാണ് വനിതാ സംവരണമെന്ന പുറംമോടി അവതരിപ്പിച്ചത്. പാർലമെന്റിനെ കാലങ്ങളായി നോക്കുകുത്തിയാക്കുന്ന സംഘപരിവാറിനേറ്റ തിരിച്ചടിയാണിത്. ഭിന്നിപ്പിച്ചു ഭരിക്കാനുള്ള രാഷ്ട്രീയ തന്ത്രത്തിനേറ്റ കനത്ത ആഘാതവും.

Share Email
Top