
വയനാട് ടൗൺഷിപ്പിലെ വീടുകളിൽ വിള്ളൽ കണ്ടെത്തി എന്ന രീതിയിൽ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ പൂർണ്ണമായും ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയാണ്. നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി നടക്കുന്ന ഗുണനിലവാര പരിശോധനകളെ തെറ്റായ രീതിയിൽ വ്യാഖ്യാനിച്ചതാണ് ഇത്തരം വാർത്തകൾ കൊടുക്കുന്നത്. യഥാർത്ഥത്തിൽ അവിടെ കണ്ടെത്തിയിട്ടുള്ളത് താപനിലയിലുണ്ടാകുന്ന വ്യത്യാസം മൂലം നിർമ്മാണ വേളയിൽ സ്വാഭാവികമായി ഉണ്ടാകാറുള്ള ചെറിയ ഷ്രിങ്കേജ് ക്രാക്കുകൾ മാത്രമാണ്. ഇത് കെട്ടിടത്തിന്റെ ഉറപ്പിനെ ബാധിക്കുന്ന തരത്തിലുള്ള സ്ട്രക്ച്ചറൽ ക്രാക്കുകളല്ല.
വീടുകളുടെ നിർമ്മാണം പൂർത്തിയാക്കി കൈമാറുന്നതിന് മുൻപ് കരാർ കമ്പനിയായ ULCCS-ന്റെ ടീമും സർക്കാർ സ്ഥാപനമായ KIFCON-ഉം ചേർന്ന് കർശനമായ പരിശോധനകൾ നടത്താറുണ്ട്. ഇതിന്റെ ഭാഗമായി നടത്തിയ വാട്ടർ പോണ്ടിംഗ് ടെസ്റ്റിൽ രണ്ട് വീടുകളിൽ ചെറിയ രീതിയിൽ വെള്ളം കിനിഞ്ഞിറങ്ങുന്നത് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടു. ഇത്തരത്തിൽ വെള്ളം കിനിയുന്ന ഭാഗങ്ങൾ കൃത്യമായി അടയാളപ്പെടുത്തി പരിഹരിക്കുന്നതിനായി എൻജിനീയർമാർ മാർക്കർ പെൻ ഉപയോഗിച്ച് ആ ഭാഗങ്ങളിൽ വരകൾ ഇട്ടിരുന്നു. ദൂരെ നിന്ന് നോക്കുമ്പോൾ വിള്ളലുകളായി തെറ്റിദ്ധരിക്കപ്പെട്ടത് ഈ മാർക്കർ അടയാളങ്ങളാണ്.
നിർമ്മാണത്തിലെ പോരായ്മകൾ സ്വയം കണ്ടെത്തി പരിഹരിക്കാനുള്ള പരിശോധനയ്ക്കിടയിലെ ദൃശ്യങ്ങളാണ് മാധ്യമങ്ങൾ തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്നത്. ഏകദേശം എൺപതോളം വ്യത്യസ്ത ഗുണനിലവാര പരിശോധനകൾ പൂർത്തിയായതിന് ശേഷം മാത്രമേ ഈ വീടുകൾ ഗുണഭോക്താക്കൾക്ക് കൈമാറുകയുള്ളൂ എന്നതാണ് യാഥാർത്ഥ്യം. വീട് നിർമ്മാണം പൂർത്തിയായിട്ടും വീടുകളിൽ താമസം വൈകുന്നത് ഈ ഉപരിശോധനകൾ നടക്കുന്നത് കൊണ്ടാണ്.