Fact Check

എ.കെ.ആന്റണിയ്ക്ക് ശേഷം കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി വി ഡി സതീശനോ ? എന്താണ് യാഥാർഥ്യം

എ.കെ.ആന്റണിയ്ക്ക് ശേഷം കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി വി ഡി സതീശനോ ? എന്താണ് യാഥാർഥ്യം

മുൻ മുഖ്യമന്ത്രി എ കെ ആന്റണിയ്ക്ക് ശേഷം കേരളത്തിലെ ഏറ്റവും പ്രായകുറഞ്ഞ മുഖ്യമന്ത്രി വി ഡി സതീശനാണെന്ന പ്രചാരണം ശക്തമായി നടക്കുന്നുണ്ട്. കോൺഗ്രസിലെ തർക്കങ്ങൾക്കും ചർച്ചകൾക്കും ഒടുവിൽ ഇന്ന് രാവിലെയാണ് വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. തൊട്ടു പിന്നാലെ വി ഡി സതീശൻ കേരളത്തിന്റെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ മുഖ്യമന്ത്രിയാണെന്നുള്ള പ്രചാരണമാണ് വലതുപക്ഷ സോഷ്യൽ മീഡിയ ഹാൻഡിലുകൾ നടത്തുന്നത്. എന്നാൽ ഇത് തികച്ചും വസ്തുതാവിരുദ്ധമാണ്.

എന്താണ് യാഥാർഥ്യം ?

1957ൽ കേരളത്തിലെ ആദ്യത്തെ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ആദ്യ മുഖ്യമന്ത്രിയായി ഇ എം എസ് നമ്പൂതിരിപ്പാട് അധികാരമേൽക്കുമ്പോൾ അദ്ദേഹത്തിന്റെ പ്രായം വെറും 48 വയസായിരുന്നു. ഇടതുപക്ഷത്തിന്റെ നേതൃത്വത്തിൽ അധികാരത്തിലെത്തിയ ആദ്യ മന്ത്രിസഭയിൽ കെ ആർ ഗൗരിയമ്മയും പി കെ ചാത്തൻ മാസ്റ്ററും ഉൾപ്പടെ 40 വയസ്സിനു താഴെ പ്രായമുള്ള മന്ത്രിമാർ ഉണ്ടായിരുന്നു.

കേരള ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി എ കെ ആൻ്റണിയാണ്.1977-ൽ ആദ്യമായി മുഖ്യമന്ത്രിയായി അധികാരമേൽക്കുമ്പോൾ അദ്ദേഹത്തിന്റെ പ്രായം വെറും 36 വയസ്സായിരുന്നു. എന്നാൽ ആന്റണിയ്ക്ക് ശേഷം ആ പട്ടികയിൽ വരുന്നത് ഇ എം എസ് ആണ് എന്നതാണ് യാഥാർഥ്യം. ഇതുകൂടാതെ മറ്റ് പല പ്രമുഖരും മുഖ്യമന്ത്രിയായത് സതീശനേക്കാൾ ചെറിയ പ്രായത്തിലാണ്.

അധികാരമേൽക്കുമ്പോൾ കേരള മുഖ്യമന്ത്രിമാരുടെ പ്രായം:

എകെ ആന്റണി – 36
ഇ എം എസ് – 47
ആർ ശങ്കർ – 52
സി എച്ച് മുഹമ്മദ് കോയ – 52
പി.കെ. വാസുദേവൻ നായർ – 52
സി അച്യുതമേനോൻ – 56
കെ.കരുണാകരൻ – 59
ഉമ്മൻ ചാണ്ടി – 60
ഇ കെ നായനാർ – 61
വി ഡി സതീശൻ – 61
പിണറായി വിജയൻ – 71
പട്ടം താണുപിള്ള – 74
വിഎസ് അച്യുതാനന്ദൻ – 82

1964 ൽ ജനിച്ച വി ഡി സതീശന് ഈ മാസം 31ന് 62 വയസ്സ് തികയും. സർക്കാരിന്റെ തന്നെ പ്രായപരിധി വച്ച് 60 വയസ്സ് കഴിഞ്ഞ ഒരു മുതിർന്ന പൗരനെയാണ് ‘യുവ മുഖ്യമന്ത്രി’യായി അവതരിപ്പിക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നത്. മുൻകാല മുഖ്യമന്ത്രിമാരുടെ പ്രായം കണക്കിലെടുക്കുമ്പോൾ സതീശനെ യുവനേതാവായി ചിത്രീകരിക്കുന്നത് ചരിത്രപരമായ സത്യങ്ങൾക്ക് നിരക്കാത്തതാണ്.

Share Email
Top