‘ബിജെപിയിലെത്തിയ സി.സി.മുകുന്ദനെ ചേർത്തുപിടിച്ച് സിപിഎം’; ഇതാണ് യാഥാർഥ്യം

സിപിഎമ്മിനെതിരെ വീണ്ടും കുപ്രചരണവുമായി മാതൃഭൂമി. ‘സിപിഐ വിട്ട് ബിജെപിയിലെത്തിയ സി.സി.മുകുന്ദനെ ചേർത്തുപിടിച്ച് സിപിഎം. പിണറായി വിജയനൊപ്പം വേദി പങ്കിടാൻ ക്ഷണം’ എന്ന മാതൃഭൂമിയുടെ ന്യൂസ് കാർഡ് യാഥാർഥ്യത്തെ വക്രീകരിച്ച് നൽകൽ ആണെന്ന് സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി കെ.വി.അബ്ദുൾ ഖാദർ വ്യക്തമാക്കി.
സിപിഎം നേതാവ് കെ.വി.പീതാംബരന്റെ സ്മരണയ്ക്കായി നിർമിച്ച ലൈബ്രറിയുടെ ഉദ്ഘാടനത്തിനായാണ് നാട്ടിക മുൻ എംഎൽഎ കൂടിയായ സി.സി.മുകുന്ദൻ എത്തിയത്. അന്ന് എംഎൽഎ ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ ലൈബ്രറി നിർമാണത്തിനായി അനുവദിച്ചിരുന്നു. ലൈബ്രറിയുടെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് പിണറായി വിജയനാണ് നിർവഹിച്ചത്. ലൈബ്രറിക്കായി ഫണ്ട് അനുവദിച്ച മുൻ എംഎൽഎയെ പരിപാടിയിലേക്ക് ക്ഷണിച്ചത് ജനാധിപത്യമര്യാദയുടെ ഭാഗമാണ്. അതിനെയാണ് മാതൃഭൂമി വക്രീകരിച്ച് നൽകിയിരിക്കുന്നതെന്ന് സിപിഎം ജില്ലാ സെക്രട്ടറി സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കി.
സിപിഎം ജില്ലാ സെക്രട്ടറിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
സംഭവങ്ങളെ വക്രീകരിച്ച് തെറ്റായ വാർത്ത നൽകുന്നതിന്റെ ഉദാഹരണമാണ് ഈ വാർത്ത.. മാതൃഭൂമി പത്രവും ചാനലും തരംതാഴുന്നതിന്റെ അപ്പുറം എത്തിയിരിക്കുന്നു എന്ന് ഈ ന്യൂസ് കാർഡ് തെളിയിക്കുന്നു. സി പി ഐ വിട്ട് ബി ജെ പിയിൽ എത്തിയ സി സി മുകുന്ദനെ സിപിഎം ചേർത്തു പിടിക്കുന്നു എന്ന് നൽകിയാൽ അത് സെൻസേഷണൽ വാർത്തയാണ്. പക്ഷെ എന്താണ് യഥാർത്ഥത്തിലുള്ള വസ്തുത എന്നറിഞ്ഞാലാണ് ഈ കള്ള വാർത്താ അവതാരകന്റെ മനസിലിരിപ്പ് വായനക്കാരന് ബോധ്യമാവുക.
സി പി ഐ (എം) ന്റെ ജില്ലയിലെ ഉശിരൻ നേതാവായിരുന്നു കെ.വി പീതാംബരൻ. നാട്ടിക മണപ്പുറത്തെ മത്സ്യ തൊഴിലാളി കുടുംബത്തിൽ ജനിച്ച അദ്ദേഹം നന്നെ ചെറുപ്പത്തിൽ ബീഡി തൊഴിലാളിയായി. യുവജന സംഘാടകനായി. ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ചു. മികച്ച ഗ്രന്ഥശാല പ്രവർത്തകനും നാടക പ്രവർത്തകനും സർവ്വോപരി നാട്ടിക മണപ്പുറത്തിന്റെ ധീരപോരാളിയുമായിരുന്നു. ഇദ്ദേഹത്തിന്റെ സ്മരണക്ക് ഒരു റഫറൻസ് ലൈബ്രറി വേണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ മൂന്ന് സെന്റ് സ്ഥലം വാങ്ങി. ലൈബ്രറി കമ്മിറ്റി ഉണ്ടാക്കി. ലൈബ്രറി കെട്ടിടം നിർമ്മിക്കാൻ ആവശ്യമായ പണം അനുവദിക്കണമെന്ന് അന്നത്തെ നാട്ടിക എം എൽ എ സി.സി മുകുന്ദന് നിവേദനം നൽകി. അദ്ദേഹം 25 ലക്ഷം രൂപ അനുവദിച്ചു. കെട്ടിടം സമയബന്ധിതമായി നിർമ്മാണം പൂർത്തിയാക്കി. ഇതിന്റെ ഉൽഘാടനത്തിന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിയ്യതി ലഭിച്ചു. സ്വാഭാവികമായും ഉൽഘാടന പരിപാടിയിൽ ഫണ്ട് അനുവദിച്ച മുൻ എം എൽ എ യെ ക്ഷണിക്കണ്ടേ. അതല്ലെ ജനാധിപത്യ മര്യാദ.? മുൻ എം എൽ എ ഇപ്പോൾ മറ്റൊരു പാർട്ടിയിലാണ് എന്നതുകൊണ്ട് അദ്ദേഹത്തെ ഒഴിവാക്കുന്നതാണോ ശരി ? അങ്ങിനെയായിരുന്നെങ്കിൽ മാതൃഭൂമി എങ്ങിനെയാകും വാർത്ത നൽകുക ?
ലൈബ്രറി ഭാരവാഹികൾ സ്വാഭാവികമായും മുൻ എം എൽ എയെ ക്ഷണിച്ചു. അദ്ദേഹത്തിന്റെ പേര് മുഖ്യാതിഥിയായി നോട്ടീസിൽ വച്ചു. ഉദ്ഘാടനത്തിന് മുമ്പ് സി.സി മുകുന്ദൻ ലൈബ്രറി കെട്ടിടം കാണാൻ എത്തി. ഇത്രയുമാണ് വസ്തുത… ഇതിനെയാണ് ‘രാഷ്ട്രീയമായ വ്യാഖ്യാനം നൽകി വാർത്ത ചമച്ചത്. ഇതിൽ ‘രാഷ്ട്രീയ നിലപാടിൽ നിന്ന് വ്യതിചലിച്ച ഒരാളെ ചേർത്തു പിടിക്കുന്ന പ്രശ്നമില്ല. മറിച്ച് ജനാധിപത്യ കീഴ് വഴക്കങ്ങൾ പാലിക്കുക മാത്രമെ ഉണ്ടായിട്ടുള്ളു.