Fact Check

‘പ്രകാശ് രാജിനെ എഴുന്നേൽപ്പിച്ച് ആ കസേരയിൽ ധാർഷ്ട്യത്തോടെ ഞാൻ ഇരിക്കുന്നു’; കുപ്രചരണത്തിൽ വ്യക്തത വരുത്തി പി.രാജീവ്

‘പ്രകാശ് രാജിനെ എഴുന്നേൽപ്പിച്ച് ആ കസേരയിൽ ധാർഷ്ട്യത്തോടെ ഞാൻ ഇരിക്കുന്നു’; കുപ്രചരണത്തിൽ വ്യക്തത വരുത്തി പി.രാജീവ്

തനിക്കെതിരായ കുപ്രചരണത്തിൽ തെളിവ് സഹിതം വ്യക്തത വരുത്തി സിപിഎം നേതാവ് പി.രാജീവ്. കൊച്ചിയിൽ നടന്ന ജന്തർ മന്തർ പരിപാടിക്കിടെ നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജിനെ അദ്ദേഹം ഇരിക്കുന്ന കസേരയിൽ നിന്ന് എഴുന്നേൽപ്പിച്ച് അവിടെ രാജീവ് ധാർഷ്ട്യത്തോടെ ഇരിക്കുകയാണെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വ്യാജ വീഡിയോ പ്രചരിക്കുന്നുണ്ട്. ഇതിനെതിരെയാണ് രാജീവ് രംഗത്തെത്തിയത്.

എന്താണ് യാഥാർഥ്യം?

പ്രചരിക്കുന്ന വീഡിയോയും അവിടെ യഥാർഥത്തിൽ എന്താണ് സംഭവിച്ചതെന്നും വ്യക്തമാക്കി പി.രാജീവ് ഫെയ്‌സ്ബുക്കിൽ പോസ്റ്റിട്ടിട്ടുണ്ട്.

രാജീവിന്റെ വാക്കുകൾ: എങ്ങനെയാണ് സാമൂഹ്യമാധ്യമങ്ങൾ വഴി ചിത്രങ്ങളും വീഡിയോകളും ദുരുപയോഗപ്പെടുത്തി വ്യാജനിർമ്മിതികളിലൂടെ വ്യക്തിഹത്യക്ക് ശ്രമിക്കുന്നത് എന്നതിന്റെ ഒടുവിലത്തെ ഉദാഹരണം കാണാം. കഴിഞ്ഞ ദിവസം കൊച്ചിയിലെ ജന്തർമന്തർ പരിപാടിയിൽ നടൻ പ്രകാശ് രാജിനെ എഴുന്നേൽപ്പിച്ച് ധാർഷ്ട്യത്തോടെ ഞാൻ ഇരിക്കുന്ന വീഡിയോ പ്രചരിപ്പിക്കുന്നുണ്ടെന്ന് ചില സുഹൃത്തുക്കൾ ശ്രദ്ധയിൽപ്പെടുത്തി. Kaithapully channel എന്ന യൂട്യൂബ് ചാനലും ഒരാൾ അയച്ചുതന്നു. അതിൽ ആദ്യം ഞാൻ പ്രകാശ് രാജിന്റെ അടുത്ത് ഇരിക്കുന്നു. അദ്ദേഹം എഴുന്നേൽക്കുമ്പോൾ ഞാൻ ആ കസേരയിൽ ഇരിക്കുന്നു. പിന്നീട് ഞാൻ അഭിജിത്ത് ദീപ്‌കെയുടെ അടുത്തിരിക്കുന്ന വിഷ്വൽ കൂടി കാണിക്കുന്നു. ഇതുവഴി ഒരു തെറ്റായ അഭിപ്രായം രൂപീകരിക്കാൻ ശ്രമിക്കുന്നു.

ഇനി ഒറിജിനൽ വീഡിയോ നോക്കൂ…

പരിപാടി നടക്കുന്നതിനിടയിൽ എത്തിയ ഞാൻ പ്രകാശ് രാജിന്റെ അടുത്തുള്ള കസേരയിലാണ് ഇരുന്നത്. അഭിജിത്ത് പ്രസംഗം കഴിഞ്ഞുവന്നപ്പോൾ ഞങ്ങൾ പരസ്പരം ആശ്ലേഷിച്ചു. പിന്നീട് പ്രകാശ് രാജ് ഇരുന്ന കസേരയിൽ അഭിജിത്ത് ഇരുന്നു. പ്രകാശ് രാജ് സൈഡിലുള്ള കസേരയിൽ ഇരിക്കാൻ പോയപ്പോൾ ഞാൻ ഇരുന്ന കസേര ഒഴിഞ്ഞ് അദ്ദേഹത്തെ അങ്ങോട്ട് വിളിച്ച് ഇരുത്തുന്നു. അവർ രണ്ടുപേരും ഒന്നിച്ചിരിക്കേണ്ടവരാണല്ലോ. ആ വരിയിൽ ഒഴിഞ്ഞുകിടന്ന കസേരയിൽ ഞാൻ ഇരിക്കുകയും ചെയ്തു. പിന്നീട് പ്രകാശ് രാജ് എഴുന്നേറ്റു പോയ ഘട്ടത്തിൽ അഭിജിത്തിനോട് ഒരു കാര്യം പറയാൻ ഞാൻ അടുത്തേക്ക് പോയി ആ കസേരയിൽ വന്നിരുന്നു. ആ സമയം തിരിച്ചുവന്ന പ്രകാശ് രാജ് സൈഡിലുള്ള ഞാൻ ഇരുന്ന കസേരയിൽ ഇരിക്കുന്നു. അഭിജിത്തിനോട് സംസാരിച്ചു കഴിഞ്ഞപ്പോൾ തിരിച്ചുചെന്ന് പ്രകാശ് രാജിനെ മധ്യത്തിലുള്ള അഭിജിത്തിന്റെ അടുത്ത് അദ്ദേഹമിരുന്ന കസേരയിലേക്ക് ക്ഷണിച്ച് ഞാൻ നേരത്തെയിരുന്ന കസേരയിൽ ഇരിക്കുന്നു. ഇതാണ് എഡിറ്റ് ചെയ്ത് തെറ്റായി പ്രചരിപ്പിക്കാൻ ശ്രമിച്ചത്.

വാൽക്കഷ്ണം: വലിയ റീച്ചൊന്നുമില്ലല്ലോ എന്നു കരുതി വേണമെങ്കിൽ അവഗണിക്കാമെങ്കിലും എത്രമാത്രം നികൃഷ്ടമായ രീതികളാണ് ആളുകൾ അവലംബിക്കുന്നത് എന്ന് തിരിച്ചറിയേണ്ടതുണ്ടെന്നതുകൊണ്ടാണ് ഈ പോസ്റ്റ്.

വീഡിയോ കാണാം

Share Email
Top