Explained Fact Check

എസ്.എം.എ മരുന്ന് വിവാദം; രക്ഷിതാക്കളുടെ ആശങ്ക അടിസ്ഥാന രഹിതമോ?

എസ്.എം.എ മരുന്ന് വിവാദം; രക്ഷിതാക്കളുടെ ആശങ്ക അടിസ്ഥാന രഹിതമോ?

AP Ragind / ragindap001@gmail.com

എസ്എംഎ രോഗബാധിതർക്ക് എൽഡിഎഫ് സർക്കാർ നൽകിവന്നിരുന്ന മരുന്ന് മാറ്റിയതിൽ രക്ഷിതാക്കൾ പ്രകടിപ്പിക്കുന്ന ആശങ്ക അടിസ്ഥാന രഹിതമോ ? മരുന്ന് വിതരണത്തിന്റെ പേരിൽ നടക്കുന്ന വിവാദങ്ങൾ പേറ്റന്റ് യുദ്ധമോ ? ഗുണമേന്മ ഉറപ്പുള്ള മരുന്ന് മാറ്റിയതിൽ സർക്കാറിന് നിക്ഷിപ്ത താൽപര്യമുണ്ടോ ?

നമുക്ക് പരിശോധിക്കാം:

എസ്എംഎ അഥവാ സ്പൈനൽ മസ്‌കുലർ അട്രോഫി ഒരു ജനിതക രോഗമാണ്. ശരീര ചലനങ്ങൾ നിയന്ത്രിക്കുന്ന മോട്ടോർ ന്യൂറോണുകൾ നിലനിർത്താൻ ആവശ്യമായ എസ്എംഎൻ പ്രോട്ടീനുകൾ ഉണ്ടാക്കുന്ന എസ്എംഎൻ 1 എന്ന ജീനിലെ വൈകല്യം കാരണമുണ്ടാവുന്ന രോഗമാണ് എസ്എംഎ. കേരളത്തിൽ സർക്കാർ രജിസ്ട്രിയിലും ചികിത്സാ പദ്ധതികളിലും ഉൾപ്പെട്ടവരായി രോഗം തിരിച്ചറിഞ്ഞ 208 പേരാണ് നിലവിലുള്ള.

ചികിത്സയ്ക്ക് വേണ്ടിവരുന്ന ഭീമമായ സാമ്പത്തികമായിരുന്നു രോഗബാധിതരായിരുന്നവരുടെ കുടുംബത്തെ അലട്ടിയിരുന്ന എറ്റവും പ്രധാന പ്രശ്നം. ഈ വിഷയത്തെ ആദ്യം അഡ്രസ് ചെയ്തത് 2022 ൽ എൽഡിഎഫ് സർക്കാരാണ്. 2021 ൽ കണ്ണൂരിലെ എസ്എംഎ ബാധിതന് ജീൻ തെറാപ്പിക്കായി ക്രൗഡ് ഫണ്ടിംഗിലൂടെ വലിയ തുക സ്വരൂപിക്കേണ്ടിവന്നത് ചികിത്സയുടെ ഭാരിച്ച ചെലവ് സമൂഹത്തിൽ കൂടുതൽ ചർച്ചയായി. രോഗബാധിതരുടെ രക്ഷിതാക്കൾ വർഷങ്ങളായി ഉയർത്തുന്ന ആവശ്യം ഇതോടെ ശക്തമായി. അങ്ങനെയാണ് 2022 ജൂലൈ 16 ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ എസ്എംഎ ബാധിതരായ 14 കുട്ടികൾക്ക് സൗജന്യ റസ്ഡിപ്ലാം മരുന്ന് വിതരണം ചെയ്തത്.

തുടക്കത്തിൽ സൗജന്യ മരുന്ന് വിതരണത്തിനുള്ള പ്രായം 6 വയസായിരുന്ന പ്രായപരിധി പിന്നീട് 12 വയസായും 2026 ൽ 25 വയസായും ഉയർത്തി. വിപണിയിൽ 5.5 ലക്ഷം രൂപ വിലവരുന്ന മരുന്ന് വിലപേശി 1, 1.25 ലക്ഷം രൂപയ്ക്ക് വാങ്ങിയാണ് 2022 ൽ എൽഡിഎഫ് സർക്കാർ രോഗികൾക്ക് സൗജന്യമായി നൽകിയിരുന്നത്. ഇത് റോഷിന്റെ ഒറിജിനൽ റസ്ഡിപ്ലാം ആണ്.

അത് മാറ്റിയാണ് യുഡിഎഫ് സർക്കാർ ഇപ്പോൾ നാറ്റകോയുടെ നാറ്റ് സ്മാർട്ട് എന്ന ജനറിക് മരുന്ന് വിതരണം ചെയ്യാൻ തീരുമാനമെടുത്തത്.

എന്താണ് ഒറിജിനൽ മരുന്നും ജനറിക് മരുന്നും തമ്മിലുള്ള വ്യത്യാസം ഇവ തമ്മിലുള്ള ഭീമമായ വിലവ്യത്യാസത്തിന്റെ കാരണം എന്താണ് ?

ഒറിജിനൽ മരുന്നുകളുടെ അതേതോതിൽ എല്ലാ ഘടകങ്ങളും ഉൾപ്പെടുത്തി തന്നെ തയ്യാറാക്കുന്ന മരുന്നുകളാണ് ജനറിക് മരുന്നുകൾ ഒറിജിനൽ മരുന്നുകൾക്ക് ഗവേഷണത്തിനും വികസനത്തിനുമുള്ള ഭീമമായ പ്രാരംഭ ചെലവുകളാണ് ജനറിക് മരുന്നുകളെക്കാൾ വില ഒറിജിനൽ മരുന്നുകൾക്കുണ്ടാവാൻ കാരണം. പേറ്റന്റ് കാലാവധിക്കുള്ളിൽ മറ്റൊരു കമ്പനിക്ക് മരുന്ന് ഉൽപാദിപ്പിക്കാൻ കഴിയില്ലെന്ന കുത്തകയും ഈ വില വവ്യത്യാസത്തിന് കാരണമാണ്. ജനറിക് മരുന്നുകൾ ഗവേഷണമുൾപ്പെടെയുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുക ചെലവഴിക്കേണ്ടതില്ല ഒറിജിനൽ കമ്പനി നടത്തിയ ഗവേഷണത്തിലെ ഇക്വേഷനുകൾ ഉപയോഗിച്ച് മരുന്ന് ഉൽപാദിപ്പിക്കുന്നതിനുള്ള ചിലവ് മാത്രമാണ് ജനറിക് മരുന്നുകൾക്കുണ്ടാവുന്നത്. എന്നാൽ ഇവ സാധാരണക്കാർക്ക് വിതരണം ചെയ്യുന്നതിന് മുന്നെ ബയോ ഇക്വലൻസി ടെസ്റ്റ് നടത്തേണ്ടതുണ്ട്

ഇവിടെയാണ് നിലവിലെ വാർത്തകളും വിവാദങ്ങളും നാം ശ്രദ്ധയോടെ പരിശോധിക്കേണ്ടത്.

ഒക്ടോബർ 19 നാണ് ബിഗ് ടിവി ക്ലിനിക്കൽ സാമ്പിൾ എന്ന് ലേബലൊട്ടിച്ച നാറ്റ് സ്മാർട്ട് എന്ന മരുന്ന് എസ്എംഎ ബാധിതർക്ക് തിരുവനന്തപുരത്തെ എസ്എടി ആശുപത്രിയിൽ വിതരണം ചെയ്തു എന്ന വാർത്ത തെളിവുകൾ സഹിതം റിപ്പോർട്ട് ചെയ്യുന്നത്.

വാർത്തയിലൂടെ പുറത്തുവന്ന കാര്യങ്ങൾ എന്തൊക്കെയാണ്

  1. ആശുപത്രിയിൽ രോഗികൾക്ക് വിതരണം ചെയ്ത മരുന്ന് ഫിസിഷ്യൻ സാമ്പിൾ അഥവാ ക്ലിനിക്കൽ ട്രയലിന് മാത്രം എന്ന് ലേബൽ ചെയ്ത മരുന്നാണ്
  2. നാറ്റ് സ്മാർട്ട് ബയോ ഇക്വലൻസി ടെസ്റ്റ് പൂർത്തിയാക്കും മുന്നെയാണ് രോഗികൾക്ക് വിതരണം ചെയ്തത്
  3. നാറ്റ്കോ കമ്പനി കോൺഗ്രസിന് 13 കോടിയോളം രൂപ ഇലക്ടറൽ ബോണ്ട് വഴി നൽകിയിട്ടുണ്ട്
  4. നിലവിൽ വിതരണം ചെയ്യുന്ന മരുന്ന് നല്ല രീതിയിൽ രോഗാവസ്ഥ മെച്ചപ്പെടുത്തുന്നതാണ്. അപ്പോൾപിന്നെ മുന്നറിയിപ്പില്ലാതെ പ്രാക്ടിക്കൽ ഹിസ്റ്ററിയില്ലാത്ത മരുന്ന് നൽകുന്നതെന്തിനാണ് ?. ഇത് രക്ഷിതാക്കളിൽ ആശങ്കയുണ്ടാക്കുന്നു.

ഇനി ഈ വാർത്തയ്ക്കെതിരെ ഉയരുന്ന വിമർശനങ്ങൾ നോക്കാം

  1. മരുന്നിന് പേറ്റന്റുള്ളവർ തന്നെ തുടങ്ങിവച്ച ക്യാമ്പെയ്ൻ മാധ്യമങ്ങളും രക്ഷിതാക്കളും ഏറ്റെടുക്കുകയായിരുന്നു.
  2. മരുന്ന് കമ്പനികളുടെ കുത്തക തകർത്ത് സാധാരണക്കാർക്ക് താങ്ങാവുന്ന വിലയിൽ മരുന്ന് ലഭ്യമാക്കുന്ന ജനറിക് മരുന്ന് നിർമാതാക്കൾക്കൊപ്പമാണ് നമ്മൾ നിൽക്കേണ്ടത്
  3. നാറ്റകോ വർഷങ്ങളുടെ പാരമ്പര്യമുള്ള വിശ്വാസ യോഗ്യമായ കമ്പനിയാണ്. ജനറിക് മരുന്ന് നിർമാണ മേഖലയിൽ സുപ്രീം കോടതിവരെ പോയി കുത്തകകൾക്കെതിരായ വിധി സമ്പാദിച്ച് കാൻസർ മരുന്നുകൾ വിലക്കുറവിൽ ലഭ്യമാക്കുന്ന സ്ഥാപനമാണ്.
  4. കമ്പനിയുടെ ചെറിയ വീഴ്ചകൾ പോലും പെരുപ്പിച്ച് കാണിച്ച് ഇല്ലാതാക്കാൻ എതിർവശത്ത് കുത്തകകൾ തക്കംപാർത്തിരിക്കുമ്പോൾ കൃത്യമായ പരിശോധനകൾ കമ്പനി എന്തായാലും നടത്തും.

എന്നതൊക്കെയാണ്.

അപ്പോൾ ആരാണിവിടെ കുറ്റക്കാർ? എന്താണ് യഥാർത്ഥത്തിൽ പ്രശ്നം ?

നാറ്റ്കോയുടെ വിശ്വാസ്യതയിലും പാരമ്പര്യത്തിലും സംശയമുന്നയിക്കാൻ കഴിയുന്ന തെളിവുകൾ ഇതുവരെ നമുക്ക് മുന്നിലേക്ക് വന്നിട്ടില്ല, അത് മാത്രമല്ല കാൻസറിനുള്ള ജനറിക് മരുന്നുകൾ കേരളത്തിൽ ഉൾപ്പെടെ കാലങ്ങളായി വിതരണം ചെയ്യുന്ന കമ്പനിയാണ് നാറ്റ് കോ,

പക്ഷെ എസ്എംഎ ബാധിതർക്കുള്ള നാറ്റ് സ്മാർട്ട് ബയോ ഇക്വലൻസി ടെസ്റ്റ് നടത്തിയതിന് ശേഷമാണോ വിതരണം ചെയ്തതെന്ന് കമ്പനിയോ സർക്കാരോ ഇതുവരെ വ്യക്തമാക്കിയിട്ടില്ല, മാത്രമല്ല ക്ലിനിക്കൽ പർപ്പസിന് മാത്രമെന്ന് ലേബൽ ചെയ്ത മരുന്നാണ് രോഗികൾക്ക് സർക്കാർ വാങ്ങിനൽകിയിരിക്കുന്നത്. മരുന്ന് ഫലപ്രാപ്തി പരിശോധന പൂർത്തിയാക്കിയിട്ടില്ലെന്ന രക്ഷിതാക്കളുടെ സംശയത്തിന്റെ പ്രധാന കാരണം ഇതാണ്.

ഇത്തരം ലേബലുകളുള്ള മരുന്നുകൾ നിലവിലെ ഇന്ത്യൻ നിയമമനുസരിച്ച് രോഗികൾക്ക് വിതരണം ചെയ്യാൻ പാടില്ലാത്തതാണ്. പിന്നെ എങ്ങനെയാണ് ഈ മരുന്ന് സർക്കാറിന് രോഗികൾക്ക് വിതരണം ചെയ്യാനായി ലഭ്യമാക്കുന്നത് നാറ്റ് കോ കമ്പനി കോൺഗ്രസിന് നൽകിയ 12.5 കോടിയുടെ ഇലക്ടറൽ ബോണ്ടും ബിജെപിക്ക് നൽകിയ 15 കോടിയുടെ ഇലക്ടറൽ ബോണ്ടും ഇവിടെയാണ് സംശയം ജനിപ്പിക്കുന്നത്.

മരുന്ന് ആദ്യമായി മനുഷ്യരിൽ പ്രയോഗിച്ച് നടത്തുന്ന ടെസ്റ്റാണ് ബയോ ഇക്വലൻസി ടെസ്റ്റ് പക്ഷെ ഇത്തരം പരീക്ഷണങ്ങൾ നടത്തുന്നത് ഇതിനായി തയ്യാറായി വരുന്ന പൂർണ ആരോഗ്യമുള്ള വളണ്ടിയർമാരിലാണ്. മാത്രമല്ല പരീക്ഷണ ഘട്ടത്തിൽ വളണ്ടിയർമാക്ക് മെഡിക്കൽ സഹായം കൈയ്യെത്തും ദൂരത്ത് ഉറപ്പ് വരുത്തിയ ശേഷം മാത്രമാണ് ഇത്തരം ടെസ്റ്റുകൾ നടത്തുന്നത് അതും അവരുടെ മുൻകൂർ അനുമതി ഉറപ്പാക്കിയ ശേഷം മാത്രം. 12 വയസിൽ താഴെയുള്ള കുഞ്ഞുങ്ങളിൽ മരുന്ന് പരീക്ഷണം നടത്താൻ പാടില്ലെന്നതും ഇന്ത്യയിലെ നിയമമാണ്.

കേരളത്തിലെ എസ്എംഎ ബാധിതരിൽ 12 വയസ് തികയാത്ത നിരവധി പേരുണ്ട്, മാത്രമല്ല ആശുപത്രിയിൽ എത്തിയ ശേഷമാണ് മരുന്ന് മാറിയ വിവരം അറിയുന്നത് എന്നത് രക്ഷിതാക്കളുടെ പ്രതികരണത്തിൽ നിന്നും വ്യക്തമാണ്. എന്നാൽ ഇവരെല്ലാം വിദേശ മരുന്ന് കമ്പനിയെ മാത്രം വിശ്വാസത്തിലെടുക്കുന്നവരാണെന്ന ആരോഗ്യ മന്ത്രിയുടെ പ്രതികരണം അപക്വമാണ്.

രോഗത്തെക്കുറിച്ചും രോഗാവസ്ഥയെക്കുറിച്ചും നന്നായി പഠിക്കുന്നവരാണ് എസ്എംഎ ബാധിതരുടെ രക്ഷിതാക്കൾ നേരത്തെ വിതരണം ചെയ്യുന്ന ഫലപ്രാപ്തി അതുകൊണ്ട് തന്നെ അവർ ആധികാരികമായി സംസാരിക്കുകയും ചെയ്യുന്നുണ്ട്. മുന്നറിയിപ്പില്ലാതെ മരുന്ന് മാറ്റുന്നത് കുഞ്ഞുങ്ങളുടെ റിക്കവറിയെ ബാധിക്കുമെന്ന അവരുടെ ആശങ്ക ഗൗരവമുള്ളതാണ്. സ്വന്തം കുഞ്ഞുങ്ങളെ പരീക്ഷണത്തിന് വിട്ടുകൊടുക്കാൻ ഏത് രക്ഷിതാക്കൾ തയ്യാറാവും.

സാമ്പത്തിക ലാഭം മാത്രം നോക്കിയാണ് സർക്കാർ പൊതുജനാരോഗ്യ മേഖലയിൽ ഇടപെടാനുദ്ദേശിക്കുന്നതെങ്കിൽ അത് ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കും. മരുന്ന് മാറ്റത്തിന്റെ കാരണവും മരുന്നിന്റെ ഫലപ്രാപ്തിയും ആരോഗ്യ പ്രവർത്തകരെയും രോഗികളുടെ സംരക്ഷകരെയും ബോധ്യപ്പെടുത്തുകയെന്നത് സർക്കാറിന്റെ ബാധ്യതയാണ്. നമ്മുടെ കുഞ്ഞുങ്ങൾ പരീക്ഷണ വസ്തുക്കളാവുന്നില്ലെന്നുറപ്പുവരുത്തേണ്ടത് സർക്കാറിന്റ ഉത്തരവാദിത്വമാണ്.

ഈ ഉത്തരവാദിത്വങ്ങളും ബാധ്യതയും മറന്നുകൊണ്ടുള്ള സർക്കാറിന്റെയോ മന്ത്രിയുടെയോ സർക്കാർ പ്രതിനിധികളുടെയോ പ്രതികരണങ്ങൾ ഗുരുതരമായ തെറ്റാണ്.

Share Email
Top