ഇന്ധനവിലയും പാചകവാതക വിലയും ഉയരുന്നതിൽ കേന്ദ്രത്തിനു പങ്കില്ലേ? ഇതാണ് യാഥാർഥ്യം

പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് ഇന്ധന വില വർധിപ്പിക്കാൻ തീരുമാനിച്ചു. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുകയാണ്. ഈ സാഹചര്യത്തിൽ പെട്രോൾ-ഡീസൽ വിലയും പാചകവാതക വിലയും ഉയർത്താൻ തീരുമാനിച്ചത്.
പശ്ചിമേഷ്യൻ സംഘർഷങ്ങളെത്തുടർന്ന് ക്രൂഡ് ഓയിൽ വില ബാരലിന് 105 ഡോളർ കടന്ന പശ്ചാത്തലത്തിൽ, മെയ് 15-ഓടെ പെട്രോളിനും ഡീസലിനും ലിറ്ററിന് 4 മുതൽ 5 രൂപ വരെ വർധിപ്പിക്കാനാണ് നീക്കം. ഇതിനൊപ്പം ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതകത്തിന് 50 രൂപ വരെ വർധിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസ്സങ്ങൾ വിതരണ ശൃംഖലയെ ബാധിക്കുന്നതിനാൽ വരും ദിവസങ്ങളിൽ വില ഇനിയും ഉയരാനാണ് സാധ്യത.
വില വർധിപ്പിക്കണമെന്ന എണ്ണക്കമ്പനികളുടെ ആവശ്യത്തിനു കേന്ദ്ര സർക്കാർ വഴങ്ങേണ്ടി വന്നു എന്നാണ് പല ദേശിയ മാധ്യമങ്ങളും വാർത്തകൾ നല്കുന്നത്. എന്നാൽ യഥാർത്ഥത്തിൽ രാജ്യത്തെ ഇന്ധന വിലയിൽ പ്രധാനമായും വിലനിർണ്ണയം, നികുതി, നിയന്ത്രണം എന്നിവയിൽ അന്തിമ തീരുമാനം എടുക്കുന്നതിൽ കേന്ദ്ര സർക്കാർ വലിയ പങ്കു വഹിക്കുന്നുണ്ട്. ഇന്ധനവില അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വിലയുമായി ബന്ധപ്പെട്ടിരിക്കുന്നുവെങ്കിലും, പമ്പിൽ നൽകുന്ന അവസാന വിലയിൽ സർക്കാരിന് വലിയ സ്വാധീനമുണ്ട്.
എന്നാൽ മുൻകാലത്ത് ഇന്ധനവിലയുടെ അന്തിമ തീരുമാനാധികാരം പൂർണമായും കേന്ദ്ര സർക്കാരിനായിരുന്നു.
പിന്നാമ്പുറം ഇങ്ങനെ :
കേന്ദ്ര സർക്കാർ പെട്രോൾ, ഡീസൽ വില നിർണയിക്കാനുള്ള സർവ്വാധികാരം ഓയിൽ മാർക്കറ്റിംഗ് കമ്പനികൾക്ക് കൈമാറിയത് Fuel Price Deregulation എന്ന പ്രക്രിയയിലൂടെയാണ്. 2010 ജൂണിൽ മൻമോഹൻ സിംഗ് സർക്കാരിന്റെ കാലത്ത് പെട്രോൾ വില നിയന്ത്രണം ഒഴിവാക്കി, അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വില, ഡോളർ-രൂപ വിനിമയ നിരക്ക്, റിഫൈനിംഗ് ചെലവ് തുടങ്ങിയ വിപണി ഘടകങ്ങളെ അടിസ്ഥാനമാക്കി കമ്പനികൾക്ക് വില നിശ്ചയിക്കാനുള്ള അധികാരം നൽകി. ഗതാഗതവും വിലക്കയറ്റവും ബാധിക്കുന്നതിനാൽ ഡീസൽ വില കുറച്ച് വർഷങ്ങൾ കൂടി സർക്കാരിന്റെ ഭാഗിക നിയന്ത്രണത്തിലായിരുന്നു. പിന്നീട് 2014 ഒക്ടോബറിൽ നരേന്ദ്ര മോഡി സർക്കാർ ഡീസൽ വിലയും സ്വതന്ത്രമാക്കി. തുടർന്ന് 2017-ൽ ഇന്ത്യ ദിനംപ്രതി ഉള്ള ഇന്ധന വില പരിഷ്കരണ സംവിധാനം ആരംഭിച്ചു. ഇതോടെ ഇന്ത്യൻ ഓയിൽ കോര്പറേഷന് , ഭാരത് പെട്രോളിയം , ഹിന്ദുസ്ഥാൻ പെട്രോളിയം പോലുള്ള പൊതുമേഖലാ കമ്പനികൾ വിപണി അനുസരിച്ച് ദിവസേന വില പുതുക്കാൻ തുടങ്ങി. ഇന്ന് ഇന്ധനവില ഔദ്യോഗികമായി വിപണിയോട് ബന്ധിപ്പിച്ചിട്ടുണ്ടെങ്കിലും, നികുതികളും നയപരമായ തീരുമാനങ്ങളും വഴി കേന്ദ്ര സർക്കാർ ഇപ്പോഴും അതിൽ ശക്തമായ സ്വാധീനം ചെലുത്തുന്നുണ്ട്.