Fact Check

നിയമസഭയിൽ അടിയന്തിര പ്രമേയം അവതരിക്കാൻ ബിജെപിക്ക് സാധിക്കുമോ?ഇതാണ് യാഥാർഥ്യം…

നിയമസഭയിൽ അടിയന്തിര പ്രമേയം അവതരിക്കാൻ ബിജെപിക്ക് സാധിക്കുമോ?ഇതാണ് യാഥാർഥ്യം…

ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ നേടിയത് മൂന്നു സീറ്റുകളാണ്. പക്ഷെ ഒരു നിയമസഭാ സാമാജികന് സഭയിൽ ഉപയോഗിക്കാൻ പറ്റുന്ന എല്ലാ അവകാശങ്ങളും ബിജെപിക്ക് കേരള നിയമസഭയിൽ ഉപയോഗിക്കാൻ ആകുമോ? സഭയിൽ കുറഞ്ഞ അംഗബലമുള്ള ബിജെപിക്ക് ഉപയോഗിക്കാനാകുന്ന അവകാശങ്ങൾ വളരെ വിരളമാണ്.

അടിയന്തിര പ്രമേയം അവതരിപ്പിച്ചിട്ട് കാര്യമില്ല…

അടിയന്തിര വിഷയം ചർച്ച ചെയ്യാനായി സഭ നിർത്തിവെക്കാനുള്ള നോട്ടീസ്, ചട്ടം 50 പ്രകാരം പ്രതിപക്ഷം ഉന്നയിക്കും. ഒരു എംഎൽഎക്കോ ഒന്നിലധികം എംഎൽഎമാർക്കോ ഒരുമിച്ചും ഈ പ്രമേയം അവതരിപ്പിക്കാം. എന്നാൽ സഭ നിർത്തി വച്ച് ഈ വിഷയം ചർച്ചക്ക് എടുക്കണമെങ്കിൽ കുറഞ്ഞത് 15 എംഎൽഎമാരുടെ എങ്കിലും പിന്തുണ ആവശ്യവുമാണ്. ഇല്ലായെങ്കിൽ ഈ പ്രമേയം സ്‌പീക്കർക്ക് തള്ളിക്കളയാവുന്നതാണ്. 3 എംഎൽഎമാർ മാത്രമുള്ള ബിജെപിക്ക് അടിയന്തിര പ്രമേയത്തിന് പിന്തുണ ലഭിക്കണമെങ്കിൽ പിന്നെയും 12 എംഎൽഎമാരുടെ സഹായം ആവശ്യമാണ്. ഇത് ലഭിക്കുക എന്നാണ് പ്രയാസമാണ്.

വാക്ക്ഔട്ട് പ്രസംഗത്തിന് സാധ്യതകൾ കുറവ്

ബിജെപിയുടെ മൂന്ന് അംഗ ഗ്രൂപ്പിന് ഭരണപക്ഷവുമായി വിയോജിച്ച് പ്രതിപക്ഷത്തോടൊപ്പം ഇറങ്ങിപോയാൽ മാത്രമേ വാക്ക്ഔട്ട് പ്രസംഗം നടത്താൻ ആകു. സാധാരണയായി പ്രതിപക്ഷം വാക്ക്ഔട്ട് നടത്തുമ്പോൾ എല്ലാ ഘടക കക്ഷികളിലെയും നേതാക്കൾക്കും പ്രസംഗിക്കാൻ അവസരം ലഭിക്കും. ഇറങ്ങി പോകുക എന്നത് പ്രതിപക്ഷത്തെ അനുകൂലിക്കുന്ന നടപടിയാണ്. മറിച്ചാണെങ്കിൽ പ്രസംഗത്തിനുള്ള അവസരവുമില്ല. ചർച്ചകളിൽ അംഗങ്ങളുടെ എണ്ണത്തിന് ആനുപാതികമായി മാത്രമേ പ്രസംഗിക്കാനുള്ള അവസരം ലഭിക്കു. ചുരുക്കി പറഞ്ഞാൽ നിയമസഭാ നിയമങ്ങളുടെ ചക്രവ്യൂഹത്തിൽ അകപ്പെട്ടിരിക്കുകയാണ് ബിജെപിയുടെ നിയുക്ത എംഎൽഎമാർ.

സബ്ജക്ട് കമ്മിറ്റികളിൽ പരിമിത അംഗത്വം

എല്ലാ എംഎൽഎമാരും കുറഞ്ഞത് ഒരു സബ്ജക്ട് കമ്മിറ്റിയിലെങ്കിലും അംഗം ആകണം എന്ന് നിർബന്ധം ഉണ്ട്. അതിനാൽ ബിജെപിക്ക് എന്തായാലും 3 സബ്ജക്ട് കമ്മിറ്റികളിൽ അംഗമാകാൻ സാധിക്കും. ബാക്കിയുള്ള സബ്ജക്ട് കമ്മിറ്റികളിൽ ഇവർക്ക് അംഗത്വം നൽകണോ എന്ന് തീരുമാനിക്കേണ്ടത് സ്‌പീക്കറാണ്. ഭരണപക്ഷത്തിന്റെ നിലപാട് പോലെയിരിക്കും ബിജെപിയുടെ പ്രാതിനിധ്യവും രചിക്കപ്പെടുക.

ഈ അവകാശങ്ങൾക്ക് പുറമെ ചോദ്യം, സബ്മിഷൻ, ശ്രദ്ധ ക്ഷണിക്കൽ എന്നിവക്കെല്ലാം ബിജെപിക്ക് പൂർണ അവസരം ലഭിക്കുന്നതായിരിക്കും.

Share Email
Top