Fact Check

ബ്രിക്സിലെ ലോകനേതാക്കൾ സെൽഫി എടുത്തോ? ഇതാണ് യാഥാർഥ്യം

ബ്രിക്സിലെ ലോകനേതാക്കൾ സെൽഫി എടുത്തോ? ഇതാണ് യാഥാർഥ്യം

ഇന്ത്യ ആതിഥേയത്വം വഹിച്ച് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ വച്ച് കഴിഞ്ഞ ദിവസങ്ങളിലായി നടന്ന ബ്രിക്സ് ഉച്ചകോടിയിലെ ഒരു ഫോട്ടോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ ചർച്ച. മോദിയും പുടിനും ഷി ചിൻപിംഗും അടക്കം ലോകനേതാക്കൾ ഒത്തുചേർന്ന് നിക്കുന്ന ഒരു സെൽഫി.

ബ്രിക്സിലെ സെൽഫിയിൽ ആരൊക്കെ?

സെൽഫി എടുക്കുന്നത് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ആണ്. തൊട്ടടുത്ത് നരേന്ദ്ര മോദി ഉണ്ട്. അടുത്തായി സൗത്ത് ആഫ്രിക്കൻ പ്രസിഡണ്ട് സിറിൽ രാമഫോസയും ഉണ്ട്. ഇവരെ കൂടാതെ ബ്രസീലിയൻ പ്രസിഡണ്ട് ലുലാ ഡാ സിൽവ, യുഎഇ പ്രസിഡണ്ട് മുഹമ്മദ് ബിൻ സയ്ദ്, ചൈനീസ് പ്രസിഡണ്ട് ഷി ചിൻപിംഗ്, തുർക്കിഷ് പ്രസിഡണ്ട് റെജപ് എർദ്വാൻ, മുൻ തുർക്കിഷ് പ്രസിഡണ്ട് ഇബ്രാഹിം റൈസി എന്നിവരും ചിത്രത്തിലുണ്ട്. ലോകനേതാക്കൾ ഒന്നിച്ചെടുത്ത സെൽഫി ലോകത്തിനു നൽകുന്നത് പുതു പ്രതീക്ഷയാണെന്ന് സോഷ്യൽ മീഡിയ ഒന്നടങ്കം പറഞ്ഞു.

ഈ സെൽഫി എഐ ആണോ?

പക്ഷെ ചിത്രം എഐ ആണെന്ന് തെളിയിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. വസ്തുതാപരമായും സാങ്കേതികപരമായുമുള്ള പിഴവുകൾ ചിത്രത്തിലുണ്ട്.

  • കഴിഞ്ഞ 17 വർഷത്തിൽ ആദ്യമായി ബ്രസീലിയൻ പ്രസിഡണ്ട് ലുലാ ഡാ സിൽവ ഇത്തവണത്തെ ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുത്തില്ല. പകരം വിദേശകാര്യ മന്ത്രി മൗറോ വിയേറയാണ് പങ്കെടുത്തത്.
  • യുഎഇ പ്രസിഡന്റിന് പകരം യുഎഇ രാജകുമാരൻ ഖാലിദ് ബിൻ മുഹമ്മദ് ആണ് ഉച്ചകോടിയിൽ പങ്കെടുത്തത്.
  • തുർക്കിയുടെ പ്രസിഡന്റും ഉച്ചകോടിയിൽ എത്തിയില്ല.
  • ഏറ്റവും വലിയ പിഴവ് 2024 ൽ മരണപ്പെട്ട മുൻ തുർക്കിഷ് പ്രസിഡണ്ട് ഇബ്രാഹിം റൈസി ചിത്രത്തിൽ ഉള്ളതാണ്.
  • കൂടാതെ ഓപ്പൺ എഐയുടെ ചിഹ്നവും വ്യക്തമാണ്.

യാഥാർഥ്യം അറിയാതെ ഈ ചിത്രം പങ്കുവച്ചത് നിരവധി പേരാണ്. ബിജെപി വക്താവായ ഷാസിയ ഇൽമി അടക്കം ഈ ചിത്രം തന്റെ എക്സ് അക്കൗണ്ട് വഴി പങ്കുവച്ചു. ചിത്രം എഐ ആണെന്ന് അറിഞ്ഞതോടെ ഇവരെല്ലാം തങ്ങളുടെ അക്കൗണ്ടിൽ നിന്ന് ചിത്രം മാറ്റി. എഐ ഏതാണ് എന്ന് തിരിച്ചറിയാൻ കേന്ദ്ര ഭരണ പാർട്ടിയിലെ വക്താക്കൾക്ക് പോലും സാധിക്കുന്നില്ല എന്നത് എഐ സൃഷ്ടിക്കുന്ന പുകമറയുടെ തെളികൂടിയാണ്.

Share Email
Top