
നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് അന്വേഷണം ഊർജിതമാകുന്നതിനിടെ മുൻ വർഷത്തെ ചോദ്യപേപ്പറും ചോർന്നു എന്ന സംശയം ബലപ്പെടുന്നു. രാജസ്ഥാനിൽ അറസ്റ്റിലായ ബിജെപി നേതാവ് ദിനേശ് ബിവാളിൻ്റെ കുടുംബത്തിലെ അഞ്ച് പേർക്ക് കഴിഞ്ഞ തവണ നീറ്റിന് ഉയർന്ന മാർക്ക് ലഭിച്ചിരുന്നു. പ്ലസ്ടുവിന് ശരാശരി മാർക്ക് മാത്രമുള്ള ഇവർക്ക് നീറ്റിൽ ഉയർന്ന സ്കോർ കിട്ടിയതിനെക്കുറിച്ച് അന്വേഷണം തുടങ്ങി.
2025 നവംബർ 6 ന് ഇപ്പോൾ കേസിൽ പിടിയിലായ യുവമോർച്ച നേതാവ് ദിനേശ് ബിവാൾ ഫേസ്ബുക്കിൽ ഒരു പോസ്റ്റിൽ എഴുതിയത് ” എന്റെ കുടുംബത്തിന് വളരെയധികം അഭിമാനകരമായ കാര്യം പങ്കുവയ്ക്കുന്നു കുടുബത്തിലെ അഞ്ച് കുട്ടികൾ സർക്കാർ മെഡിക്കൽ കോളേജിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ദിനേശിന്റെ സഹോദരനും അന്തരവനും ഇപ്പോൾ അറസ്റിലായിട്ടുണ്ട്
അതിനിടെ കേസിൽ അറസ്റ്റിലായ എൻടിഎയിലെ അധ്യാപിക മനീഷ ഗുരുനാഥ് മന്ധാരെ പി വി കുൽക്കർണി എന്നീ അധ്യാപകർ എൻടിഎയുടെ സെർവറിൽ നിന്നാണ് ചോദ്യങ്ങൾ ചോർത്തിയതെന്ന് വ്യക്തമായി. രണ്ട് സെറ്റ് ചോദ്യ പേപ്പറുകൾ ചോർന്നുവെന്നാണ് സിബിഐ കണ്ടെത്തൽ. ഒന്ന് കൈപ്പടയിലും മറ്റൊന്ന് ടൈപ്പ് ചെയ്ത രൂപത്തിലുമാണ് ചോർന്നിരിക്കുന്നത്. ചോദ്യക്കടലാസ് തയ്യാറാക്കിയവരും പരിഭാഷകരും നിലവിൽ സിബിഐ നിരീക്ഷണത്തിലാണ്. സംശയത്തിൽ ഉള്ളവരുടെ പട്ടിക ഇതിനോടകം എൻടിഐ, അന്വേഷണ ഏജൻസിക്ക് കൈമാറിയിട്ടുണ്ട്. നിലവിലെ ചോദ്യപേപ്പർ സമിതിയെ പിരിച്ചുവിട്ടു. ജൂൺ 21 ന് നടക്കാനിരിക്കുന്ന പുനഃപരീക്ഷയ്ക്കായി പുതിയ ചോദ്യപ്പേപ്പർ സമിതി ഉടൻ രൂപീകരിക്കും.
സിബിഐ അന്വേഷണത്തിന്റെ വിവരങ്ങൾ പുറത്തുവരുമ്പോൾ കൂടുതൽ പ്രതിരോധത്തിലാകുകയാണ് കേന്ദ്രസർക്കാരും എൻടിഎയും. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ചോദ്യപേപ്പർ ചോർച്ചയിൽ ആശങ്കയും നിരാശയും പ്രകടിപ്പിച്ചു . രാജ്യമൊട്ടാകെ അധ്യാപകരും വിദ്യാർത്ഥികളും ഇടതു സംഘടനകളും വൻപ്രതിക്ഷേധമാണ് ഉയർത്തുന്നത് . രാജ്യത്തെ 551 നഗരങ്ങളിലും വിദേശത്തെ 14 നഗരങ്ങളിലുമായി 5432 കേന്ദ്രങ്ങളിലായി നടന്ന നീറ്റ് പരീക്ഷ 22.05 ലക്ഷം വിദ്യാർഥികൾ എഴുതിയിരുന്നു . കേരളത്തിൽ 1.28 ലക്ഷം പേരും പരീക്ഷയെഴുതി .ചോദ്യപേപ്പർ ചോർച്ച കണ്ടെത്തിയതിനെ തുടർന്നാണ് മെയ് മൂന്നിന് നടത്തിയ പരീക്ഷ റദാക്കിയത് .