പേപ്പർ കറൻസിക്ക് വിട പറയുമോ? വരുന്നു പ്ലാസ്റ്റിക് നോട്ടുകൾ

മഴക്കാലമാണ്, മഴയത്ത് പേഴ്സിൽ ഇരുന്നു നനഞ്ഞ നോട്ടുകൾ പുസ്തകത്തിൽ ഉണക്കാൻ വയ്ക്കുന്നത് മലയാളികളുടെ ഒരു ശീലമാണ്. എന്നാൽ ഇനി മഴയത്ത് നോട്ടുകൾ നനയുമെന്നോ മുഷിഞ്ഞ നോട്ടുകൾ കീറുമെന്നോ ഉള്ള പേടി വേണ്ട. ഇന്ത്യയിൽ പേപ്പർ കറൻസി നോട്ടുകൾക്ക് പകരം പ്ലാസ്റ്റിക് നോട്ടുകൾ വിപണിയിലേക്ക് ഇറക്കാനുള്ള ആലോചനകൾക്ക് അവസാന ഘട്ടത്തിലാണ്. കഴിഞ്ഞ പത്ത് വർഷത്തോളമായി കറൻസി നോട്ടുകൾ പ്ലാസ്റ്റിക് ആകുവാനുള്ള ആലോചനകൾ ആർ ബി ഐ നടത്തി വരികയായിരുന്നു. ഇപ്പോഴിതാ അത് യാഥാർഥ്യമാകാൻ പോകുന്നു എന്നതാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഡിജിറ്റൽ ഇടപാടുകളും യു.പി.ഐ പേയ്മെന്റുകളും നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറിയിട്ടുണ്ടെങ്കിലും, കറൺസി നോട്ടുകൾ കയ്യിൽ കരുതാൻ താത്പര്യപ്പെടുന്നവരാണ് ഇന്നും ഇന്ത്യയിലെ ബഹുപൂരിപക്ഷം ജനങ്ങൾ. എന്നാൽ പഴകിയ നോട്ടുകൾ കീറി പോകുന്നതും അത് ഉപയോഗ ശൂന്യമായി പോകുന്നതും സാധാരണ ജനങ്ങളെ സംബന്ധിച്ച് കാലങ്ങളായി നേരിടുന്നൊരു പ്രശ്നമാണ്. എന്നാൽ ഇതേ പ്രശ്നം ആർ ബി ഐക്കും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. നോട്ടുകൾ അച്ചടിക്കുന്നതിനായുള്ള ഭീമമായ ചിലവും വിപണിയിൽ നിന്ന് പിൻവലിക്കേണ്ടി വരുന്ന അഴുക്കുപുരണ്ട നോട്ടുകളുടെ വർധനവുമാണ് ആർ.ബി.ഐയെ ഈ പുതിയ തീരുമാനത്തിലേക്ക് നയിച്ചത്.
ലഭ്യമായ കണക്കുകൾ പ്രകാരം, 2024 മാർച്ച് വരെയുള്ള സാമ്പത്തിക വർഷത്തിൽ 5,101.4 കോടി രൂപയായിരുന്ന കറൻസി അച്ചടി ചിലവ്, 2025 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ 6,372.8 കോടി രൂപയായി കുത്തനെ ഉയർന്നു. ഇതിനൊപ്പം തന്നെ വിപണിയിൽ നിന്ന് പിൻവലിക്കേണ്ടി വന്ന മുഷിഞ്ഞ നോട്ടുകളുടെ എണ്ണത്തിലും വലിയ വർധനവാണ് രേഖപ്പെടുത്തിയത്. മുൻവർഷത്തെ 21.24 ബില്യൺ പീസുകളിൽ നിന്ന് 12.3 ശതമാനം വർധനവോടെ, കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മാത്രം 23.8 ബില്യൺ മുഷിഞ്ഞ നോട്ടുകളാണ് ആർ.ബി.ഐക്ക് വിപണിയിൽ നിന്ന് മാറ്റേണ്ടി വന്നത്. ഇതിൽ ഭൂരിഭാഗവും ₹500, ₹100 നോട്ടുകളായിരുന്നു എന്നത് പ്രതിസന്ധിയുടെ ആഴം കൂട്ടുന്നു.
ഈയൊരു സാഹചര്യത്തിലാണ് ഇന്ത്യൻ കറൻസി രംഗത്ത് ചരിത്രപരമായ ഒരു മാറ്റത്തിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വഴിയൊരുക്കുന്നത്. നിലവിലുള്ള കോട്ടൺ അധിഷ്ഠിത പേപ്പർ നോട്ടുകൾക്ക് പകരമായി കൂടുതൽ ഈടുനിൽക്കുന്ന പ്ലാസ്റ്റിക് (പോളിമർ) നോട്ടുകൾ വിപണിയിലിറക്കാനുള്ള പത്ത് വർഷത്തിലധികം പഴക്കമുള്ള നിർദ്ദേശം വീണ്ടും സജീവമാക്കിയിരിക്കുകയാണ് കേന്ദ്ര ബാങ്ക്.
ബിസിനസ് സ്റ്റാൻഡേർഡ് പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, പട്നയിലും മുംബൈയിലും നടന്ന ആർ.ബി.ഐയുടെ കഴിഞ്ഞ രണ്ട് സെൻട്രൽ ബോർഡ് യോഗങ്ങളിൽ ഈ വിഷയം ഗൗരവമായി ചർച്ച ചെയ്യപ്പെട്ടു കഴിഞ്ഞു. ഇതിന്റെ തുടർച്ചയായി പരീക്ഷണാടിസ്ഥാനത്തിലുള്ള ഒരു പൈലറ്റ് പ്രോജക്ട് ആർ.ബി.ഐ ഉടൻ തന്നെ പ്രഖ്യാപിച്ചേക്കും. വിപണിയിൽ ഏറ്റവും കൂടുതൽ വിനിമയം ചെയ്യപ്പെടുന്നതും അതേസമയം വളരെ വേഗത്തിൽ കേടുപാടുകൾ സംഭവിക്കുന്നതുമായ ₹10, ₹20 തുടങ്ങിയ കുറഞ്ഞ മൂല്യമുള്ള നോട്ടുകളായിരിക്കും ആദ്യ ഘട്ടത്തിൽ പ്ലാസ്റ്റിക് രൂപത്തിൽ പരീക്ഷിക്കുക. പോളിമർ നോട്ടുകൾ വിതരണം ചെയ്യുന്നതിനായി രാജ്യത്തുടനീളമുള്ള എടിഎമ്മുകളിൽ ആവശ്യമായ സാങ്കേതിക മാറ്റങ്ങൾ വരുത്താൻ സാധിക്കുമെന്നാണ് ബാങ്കിങ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
ഇതിനുമുൻപ്, 2012-ൽ യു.പി.എ സർക്കാരിന്റെ കാലത്ത് രാജ്യത്തെ അഞ്ച് നഗരങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ 10 രൂപയുടെ ഒരു ബില്യൺ പോളിമർ നോട്ടുകൾ പുറത്തിറക്കാൻ അനുമതി നൽകിയിരുന്നു. എന്നാൽ അന്ന് നേരിട്ട ചില സാങ്കേതിക തടസ്സങ്ങൾ കാരണം ആ പദ്ധതി പിന്നീട് ഉപേക്ഷിക്കുകയാണുണ്ടായത്. എന്നാൽ ഇന്ന് ഇന്ത്യൻ ബാങ്കിങ് മേഖലയും എടിഎം സാങ്കേതികവിദ്യയും ഏറെ പുരോഗമിച്ച സാഹചര്യത്തിൽ ഈ പദ്ധതി വിജയകരമായി നടപ്പിലാക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. പ്ലാസ്റ്റിക് നോട്ടുകൾ അച്ചടിക്കുന്നതിനുള്ള പ്രാരംഭ ചിലവ് പേപ്പർ നോട്ടുകളേക്കാൾ അല്പം കൂടുതലാണെങ്കിലും, ഇവ സാധാരണ നോട്ടുകളേക്കാൾ 3 മുതൽ 4 മടങ്ങ് വരെ കൂടുതൽ കാലം ഈടുനിൽക്കുമെന്നതിനാൽ ദീർഘകാലാടിസ്ഥാനത്തിൽ സർക്കാരിന് കോടിക്കണക്കിന് രൂപ ലാഭിക്കാൻ സാധിക്കും. കൂടാതെ, വെള്ളം നനഞ്ഞാലും നശിക്കില്ല എന്നതും കള്ളനോട്ടുകൾ നിർമ്മിക്കുന്നത് അസാധ്യമാക്കുന്ന നൂതന സുരക്ഷാ ഫീച്ചറുകൾ അടങ്ങിയിരിക്കുന്നു എന്നതും ഇതിന്റെ വലിയ സവിശേഷതകളാണ്.
രാജ്യത്ത് ഓൺലൈൻ ഇടപാടുകൾ റെക്കോർഡ് വേഗതയിൽ വളരുമ്പോഴും, ഭൗതിക കറൻസിയുടെ ആവശ്യകതയിൽ യാതൊരു കുറവും വന്നിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. ലഭ്യമായ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, വിപണിയിലുള്ള ആകെ കറൻസിയുടെ മൂല്യം മുൻവർഷത്തെ അപേക്ഷിച്ച് 11.5 ശതമാനം വർധിച്ച് 42.86 ട്രില്യൺ രൂപയെന്ന എക്കാലത്തെയും ഉയർന്ന നിരക്കിൽ എത്തിനിൽക്കുകയാണ്. ഈയൊരു പശ്ചാത്തലത്തിൽ, കൂടുതൽ ഈടുനിൽക്കുന്നതും വൃത്തിയുള്ളതുമായ പോളിമർ നോട്ടുകൾ അവതരിപ്പിക്കുന്നത് രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയ്ക്കും സാധാരണ ജനങ്ങൾക്കും ഒരുപോലെ ഗുണകരമാകുമെന്ന വിലയിരുത്തലിലാണ് റിസർവ് ബാങ്ക്.