Fact Check

“സ്വർണം വാങ്ങരുതെന്ന് ഇന്ദിര ഗാന്ധി പറഞ്ഞിട്ടില്ല”; വൈറൽ പ്രചാരണം ഫേക്ക് എന്ന് ഫാക്ട് ചെക്ക് റിപ്പോർട്ട്

“സ്വർണം വാങ്ങരുതെന്ന് ഇന്ദിര ഗാന്ധി പറഞ്ഞിട്ടില്ല”; വൈറൽ പ്രചാരണം ഫേക്ക് എന്ന് ഫാക്ട് ചെക്ക് റിപ്പോർട്ട്

1967-ൽ മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി രാജ്യത്തോട് ‘സ്വർണം വാങ്ങുന്നത് നിർത്തിവെക്കണം’ എന്ന് അഭ്യർത്ഥിച്ചുവെന്ന പേരിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന വാർത്ത വ്യാജം. ‘ദ ഹിന്ദു’വിന്റെ ഫ്രണ്ട് പേജ് എന്ന രീതിയിൽ പ്രചരിച്ച പത്ര കട്ടിങ് ഡിജിറ്റലായി തിരുത്തിയാണ് യഥാർഥ വാർത്ത എന്ന തരത്തിൽ പ്രചരിക്കുന്നത്. ദ് ക്വിന്റ് ഫാക്ട് ചെക്കിങ് വിഭാഗമാണ് ഇക്കാര്യം കണ്ടെത്തിയത്.

ഈ പ്രചരണത്തെ തുടർന്ന് ദ് ഹിന്ദു ഔദ്യോഗിക വിശദീകരണവും പുറത്തിറക്കി. ”പ്രചരിക്കുന്ന ചിത്രം ഞങ്ങളുടെ പഴയ ആർകൈവിൽ ഉള്ളതല്ല. പങ്കുവെക്കുന്നതിന് മുൻപ് വിവരങ്ങൾ പരിശോധിക്കണം” എന്നായിരുന്നു പത്രത്തിന്റെ പ്രതികരണം.

1967 ജൂൺ 6-ന് വിദേശനാണ്യ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഇന്ദിര ഗാന്ധി ജനങ്ങളോട് സ്വർണം വാങ്ങൽ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും, അതിനെ ‘ദേശീയ അച്ചടക്കം’ ആയി കാണണമെന്നും പറഞ്ഞുവെന്ന രീതിയിലായിരുന്നു വ്യാജ പ്രചാരണം. ‘ടൈംസ് നൗ’ അടക്കമുള്ള ചില മാധ്യമങ്ങളും, കർണാടക ബി.ജെ.പി വക്താവ് വിജയ് പ്രകാശ് ഉൾപ്പെടെയുള്ള നേതാക്കളും ഈ വ്യാജ പത്രക്കട്ടിംഗ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ നടത്തിയ സ്വർണ ഉപഭോഗ നിയന്ത്രണ നിർദേശങ്ങളുമായി താരതമ്യം ചെയ്തുകൊണ്ടായിരുന്നു പ്രചരിച്ചത്. രാജ്യത്തിന്റെ വിദേശനാണ്യശേഖരത്തിൽ സമ്മർദ്ദം കുറയ്ക്കുന്നതിനായി അനാവശ്യ ഇറക്കുമതികൾ നിയന്ത്രിക്കണമെന്ന നിലപാടിന്റെ ഭാഗമായാണ് സ്വർണ ഉപഭോഗം കുറയ്ക്കണമെന്ന് മോദി നിർദേശിച്ചതായി വിലയിരുത്തപ്പെടുന്നു.

അതോടൊപ്പം പെട്രോൾ-ഡീസൽ ഉപഭോഗം കുറയ്ക്കുക, അനാവശ്യ വിദേശയാത്രകൾ ഒഴിവാക്കുക തുടങ്ങിയ നിർദേശങ്ങളും കേന്ദ്ര സർക്കാർ മുന്നോട്ടുവച്ചിട്ടുണ്ട്.

Share Email
Top