Fact Check

കള്ളനോട്ടിന് അന്ത്യം കുറിക്കാൻ നോട്ടുനിരോധനത്തിനായോ? ഇതാണ് യാഥാർഥ്യം

കള്ളനോട്ടിന് അന്ത്യം കുറിക്കാൻ നോട്ടുനിരോധനത്തിനായോ? ഇതാണ് യാഥാർഥ്യം

8 നവംബർ 2016 നാണ് ഇന്ത്യയിൽ നോട്ടുനിരോധനം പ്രാബല്യത്തിൽ വന്നത്. പെട്ടന്നൊരു സുപ്രഭാതത്തിൽ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ നിരോധിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. എന്തിനെന്ന ചോദ്യത്തിന് ഉത്തരം കള്ളനോട്ട് കുറക്കാൻ, കള്ളപ്പണം കണ്ടെത്താൻ, അഴിമതി ഇല്ലാതാക്കാൻ എന്നതൊക്കെയായിരുന്നു. 9 വർഷങ്ങൾക്കിപ്പുറം ഈ ലക്ഷ്യം പ്രാപ്തമായോ എന്നത് പ്രസക്തമായ ചോദ്യമാണ്.

ക്രൈം റെക്കോർഡ്‌സ് ബ്യുറോ പുറത്ത് വിട്ട റിപ്പോർട്ടിൽ യാഥാർഥ്യമുണ്ട്

2024 ലെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള കുറ്റകൃത്യങ്ങളുടെ വിവരങ്ങളാണ് നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യുറോ (എൻസിആർബി) കഴിഞ്ഞ ദിവസം പുറത്ത് വിട്ടത്. ഇതിലെ കണക്കുകൾ പ്രകാരം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ആ വർഷം പിടിച്ചെടുത്തത് 54.61 കോടി വിലമതിക്കുന്ന കള്ളനോട്ടുകളാണ്. ആറു ലക്ഷത്തോളം വരുന്ന പുതിയ 500 രൂപ നോട്ടുകളും ഒരു ലക്ഷത്തിലധികം വിലമതിക്കുന്ന 2000 രൂപ നോട്ടുകളും ഇതിൽ ഉൾപ്പെടുന്നു. 2000 രൂപയുടെ നോട്ടുകൾ 2023 മേയിൽ റിസേർവ് ബാങ്ക് നിരോധിച്ചതാണ്. പഴയ എൻസിആർബി റിപ്പോർട്ടുകൾ പരിശോധിച്ചാൽ നോട്ട് നിരോധനത്തിന് ശേഷം ഇതുവരെ 638 കോടിയുടെ കള്ളനോട്ടുകളാണ് പിടിച്ചെടുത്തത് എന്ന് വ്യക്തം. കോവിഡ് കാലത്ത് രാജ്യമാകെ സ്തംഭിച്ചപ്പോളും 92 കോടിയുടെ കള്ളനോട്ടുകൾ പിടിക്കാനായി.

പഴയ 500 ന്റെ നോട്ടുകൾ നിരോധിക്കുന്നതിലൂടെ ഏറ്റവും തടയാനാകുക പുതിയ 500 നോട്ടിന്റെ വ്യാജനെയാണ്. എന്നാൽ 2024 ൽ പിടിച്ചെടുത്ത 500 ന്റെ നോട്ടുകൾ 2016 ന്റെ നാല് മടങ്ങാണ്. മറ്റ് നിയമ നിർവഹണ ഏജൻസികളുടെ കണക്കുകളിൽ ഇതല്ലാതെ 40 കോടിയോളം വരുന്ന കള്ളനോട്ടുകൾ പിടിച്ചെടുത്തതായും കാണാം. പ്രധാനമന്ത്രിയുടെ സംസ്ഥാനമായ ഗുജറാത്തിൽ നിന്നാണ് ഏറ്റവും അധികം കള്ളനോട്ടുകൾ കണ്ടെത്തിയത്. 355 കോടിയാണ് വിലമതിപ്പ്. തൊട്ടു പിന്നാലെ മഹാരാഷ്ട്രയും (100 കോടി) കർണാടകയും (50 കോടി) ഉണ്ട്.

പെട്ടന്നുണ്ടായ നോട്ടു നിരോധനം സാധാരണ ജനകൾക്ക് ഉണ്ടാക്കിയ ബുദ്ധിമുട്ടുകൾ ചില്ലറയൊന്നുമല്ല. എടിഎമ്മിലെ നീണ്ട നിര മുതൽ രാജ്യത്തുണ്ടായ സാമ്പത്തിക അരക്ഷിതാവസ്ഥ വരെ നോട്ടുനിരോധനത്തിന്റെ തത്ഭലങ്ങൾ ആയിരുന്നു. നോട്ടുനിരോധനം ഏറ്റവും ബാധിച്ചത് ചെറുകിട സംരഭകരെയായിരുന്നു. ഈ കണക്കുകൾ വിലയിരുത്തുന്നത് നോട്ടുനിരോധനം കൊണ്ട് മോദി സർക്കാർ പറഞ്ഞ പോലെയുള്ള യാതൊരു ഉപയോഗവും ഉണ്ടായിട്ടില്ല എന്നാണ്. കള്ളനോട്ടുകൾ അന്നും ഇന്നും നിരത്തിലോടുന്നു, അക്ഷമരായി ജനങ്ങളും.

Share Email
Top