ഷാനിമോൾ ഉസ്മാൻ നഫീസത്ത് ബീവിക്ക് ശേഷമുള്ള ആദ്യ വനിതാ ഡെപ്യൂട്ടി സ്പീക്കറെന്ന് വി ഡി സതീശന്‍;എന്താണ് യാഥാർഥ്യം ?

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ പുതിയ മന്ത്രിസഭയിൽ ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോൾ ഉസ്‌മാനെ പ്രഖ്യാപിച്ചു. എന്നാൽ പ്രഖ്യാപനത്തിനു പിന്നാലെ ഷാനിമോൾ ഉസ്മാന്റെ പദവിയുമായി ബന്ധപ്പെട്ട് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ നടത്തിയ പ്രസ്താവന ഇപ്പോൾ വിവാദമായിരിക്കുകയാണ്. ഡെപ്യൂട്ടി സ്‌പീക്കറായി പ്രഖ്യാപിച്ചുകൊണ്ട് സംസാരിക്കവെ, 1960-ൽ ഇതേ പദവിയിലിരുന്ന നഫീസത്ത് ബീവിക്ക് ശേഷം നിയമസഭാ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത ഡെപ്യൂട്ടി സ്‌പീക്കറാകാൻ പോകുന്നതെന്നായിരുന്നു വി ഡി സതീശന്റെ വാദം. എന്നാൽ കേരള നിയമസഭയുടെ ഔദ്യോഗിക ചരിത്രരേഖകൾ പരിശോധിക്കുമ്പോൾ ഈ അവകാശവാദം തികച്ചും വസ്തുതാവിരുദ്ധമാണെന്ന് വ്യക്തമാകുന്നു.
എന്താണ് വസ്തുത?
ചരിത്രം പരിശോധിക്കുമ്പോൾ നഫീസത്ത് ബീവിക്ക് ശേഷവും കേരളത്തിൽ വനിതാ ഡെപ്യൂട്ടി സ്‌പീക്കർമാർ ഉണ്ടായിട്ടുണ്ട്. 1987 മുതൽ 1991 വരെയുള്ള കാലയളവിൽ സി.പി.ഐ നേതാവായ ഭാർഗവി തങ്കപ്പൻ കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്‌പീക്കറായി പദവി അലങ്കരിച്ചിരുന്നു. കൂടാതെ, 1957-ലെ ഒന്നാം കേരള നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കറും ഒരു വനിതയായിരുന്നു; കമ്മ്യൂണിസ്റ്റ് നേതാവ് കെ.ഒ. അയിഷ ബായ് ആയിരുന്നു അത്. ഈ ചരിത്രവസ്‌തുതകൾ നിലനിൽക്കെ, ഷാനിമോൾ ഉസ്‌മാന്റെ പദവിയെ ‘നഫീസ ബീവിക്ക് ശേഷം ആദ്യം’ എന്ന് അതായത് കേരളത്തിലെ രണ്ടാമത്തെ വനിതാ ഡെപ്യൂട്ടി സ്പീക്കർ എന്ന് വിശേഷിപ്പിച്ചത് വസ്തുതാ വിരുദ്ധമാണ്.
വി. ഡി. സതീശനും അദ്ദേഹത്തിന്റെ അനുകൂലികളും ഇത്തരത്തിൽ വസ്തുതാവിരുദ്ധമായ കാര്യങ്ങൾ രാഷ്ട്രീയ നേട്ടങ്ങൾക്കായി പ്രചരിപ്പിക്കുന്നത് ഇതാദ്യമല്ലെന്നാണ് വിമർശകർ ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ എ. കെ. ആന്റണിയ്ക്ക് ശേഷം കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി വി. ഡി. സതീശനാണെന്ന രീതിയിൽ വലിയ സൈബർ ഇടങ്ങളിൽ വ്യാജ പ്രചാരണം നടന്നിരുന്നു.
ഒരു സംസ്ഥാനത്തിന്റെ ഭരണത്തലവനാകാൻ പോകുന്ന വ്യക്തിയും അദ്ദേഹത്തെ അനുകൂലിക്കുന്നവരും പൊതുവേദികളിലും സൈബർ ഇടങ്ങളിലും ചരിത്രപരമായ വസ്‌തുതകൾ വേണ്ടത്ര പരിശോധിക്കാതെ പ്രചരിപ്പിക്കുന്നു എന്ന രീതിയിലുള്ള കടുത്ത വിമർശനങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ ഉയരുന്നത്.