Fact Check: കേരളത്തിൽ നിർമിച്ചു നൽകിയ വീടുകളിൽ പിഎംഎവൈ ലോഗോ ഉണ്ടോ? ഇതാണ് യാഥാർഥ്യം

ഇന്നലെ റിപ്പോർട്ടർ ടിവി ഒരു വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. പിഎംഎവൈയിൽ നിർമിച്ചു നൽകിയ ഒരു വീട്ടിൽ പ്രസ്തുത പദ്ധതിയുടെ ഒരു ലോഗോയും മറ്റു വിവരങ്ങളും പ്രദർശിപ്പിച്ചിട്ടുള്ളതായി. മാള ബ്ലോക്ക് പഞ്ചായത്ത് പിഎംഎവൈ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ചു നൽകിയ വീട്ടിൽ നിന്നുള്ള ദൃശ്യങ്ങളാണ് വാർത്തയ്ക്കു ആധാരമായി അവർ കാണിച്ചത്. വീടിന്റെ ജനാലയിൽ ഒരു സ്റ്റിക്കർ പതിച്ചതാണത്.

പിഎംഎവൈ മുഖേന നിർമിച്ചു നൽകിയ കേരളത്തിലെ വീടുകളിൽ മുഴുവൻ ലോഗോ ഉണ്ടെന്ന് തദ്ദേശവകുപ്പ് മന്ത്രി കെ.എം.ഷാജി പറഞ്ഞിരുന്നു. അതിന്റെ നിജസ്ഥിതി അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ഇങ്ങനെയൊരു വാർത്തയെന്നും ആ റിപ്പോർട്ടിൽ പറയുന്നുണ്ട്.
യാഥാർഥ്യം
ഈ റിപ്പോർട്ടിനു പിന്നാലെ മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്തെ തദ്ദേശ വകുപ്പുമായി ബന്ധപ്പെട്ടവരോടു ഇതേകുറിച്ച് അന്വേഷണം നടത്തി വിവരങ്ങൾ ശേഖരിച്ചു. കേരളത്തിൽ പിഎംഎവൈ മുഖേന നിർമിച്ച വീടുകളിൽ ലോഗോ വേണ്ട എന്നതു തന്നെയായിരുന്നു സർക്കാർ നിലപാടെന്ന് വ്യക്തമായി. എന്നാൽ ചെറിയൊരു ശതമാനം വീടുകളിൽ ഇങ്ങനെ ലോഗോ പതിപ്പിച്ചിട്ടുണ്ട്. തദ്ദേശ ഭരണകൂടങ്ങൾ വഴി നിർമിച്ചു നൽകിയ ചില വീടുകളിൽ ആണ് ഇങ്ങനെ ലോഗോ പതിപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഇത്തരം സംഭവങ്ങൾ പരാതിയായി തദ്ദേശ വകുപ്പിലേക്ക് എത്തിയിട്ടുണ്ട്. ലോഗോ ഉള്ള സ്ഥലങ്ങളിൽ ലോഗോ മാറ്റാനുള്ള നടപടികളും എൽഡിഎഫ് സർക്കാർ അന്ന് ചെയ്തിട്ടുണ്ടെന്നും തദ്ദേശ വകുപ്പുമായി ബന്ധപ്പെട്ടവർ വ്യക്തമാക്കി. അതായത് ഇത്തരത്തിൽ പിഎംഎവൈ പദ്ധതിയിൽ നിർമിച്ച ചെറിയൊരു ശതമാനം വീടുകളിൽ ഇത്തരത്തിലുള്ള ലോഗോ വന്നിട്ടുണ്ടാകാം. അതിൽ തന്നെ പരാതി ലഭിച്ച സ്ഥലങ്ങളിൽ ലോഗോ നീക്കം ചെയ്യാൻ എൽഡിഎഫ് സർക്കാർ നടപടി സ്വീകരിച്ചിട്ടുമുണ്ട്.
ഇന്ന് റിപ്പോർട്ടർ ടിവി മറ്റൊരു വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിൽ കൃത്യമായി പറയുന്നുണ്ട്, ‘പിഎംഎവൈ ഔദ്യോഗിക വെബ്‌സൈറ്റിൽ കേരളത്തിലെ വീടുകളിൽ ഭൂരിഭാഗം എണ്ണത്തിലും ലോഗോ ഇല്ല’ എന്ന്. ചെറിയൊരു ശതമാനം വീടുകളിൽ മാത്രമാണ് ഇങ്ങനെ ലോഗോ ഉള്ളതെന്നാണ് റിപ്പോർട്ടർ ടിവിയുടെ അവസാന റിപ്പോർട്ടിൽ തന്നെ പറയുന്നത്. ഈ വെബ് സൈറ്റ് സന്ദർശിച്ചപ്പോൾ കേരളത്തിലെ ഭൂരിഭാഗം പിഎംഎവൈ പദ്ധതിയിൽ ഉൾപ്പെട്ട വീടുകളുടെ മുന്നിലും ലോഗോയില്ല. ഏതാനും ചില വീടുകൾക്കു മുന്നിൽ മാത്രമാണ് ലോഗോ കാണുന്നത്. അതും ഫോട്ടോ എടുത്ത ശേഷം ഈ ലോഗോകൾ നീക്കം ചെയ്ത വീടുകളുമുണ്ടെന്ന് വ്യക്തമായി.
തദ്ദേശവകുപ്പ് മന്ത്രിയുടെ നുണ
ആയതിനാൽ തദ്ദേശവകുപ്പ് മന്ത്രി കെ.എം.ഷാജി പറഞ്ഞത് അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായി. കെ.എം.ഷാജി അവകാശപ്പെടുന്നതു പോലെ കേരളത്തിൽ പിഎംഎവൈ പദ്ധതി മുഖേന നിർമിച്ചു നൽകിയ എല്ലാ വീടുകളിലും പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ട ലോഗോയോ എംബ്ലമോ ഇല്ലെന്നതാണ് വസ്തുത.