Fact Check

‘വെറും 29 അല്ല’; യുഡിഎഫ് സർക്കാരിന്റെ കാലത്ത് 748 ബാറുകൾ പ്രവർത്തിച്ചിരുന്നു

‘വെറും 29 അല്ല’; യുഡിഎഫ് സർക്കാരിന്റെ കാലത്ത് 748 ബാറുകൾ പ്രവർത്തിച്ചിരുന്നു

‘യുഡിഎഫ് സർക്കാരിന്റെ കാലത്ത് വെറും 29 ബാറുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ’ കഴിഞ്ഞ ഏതാനും ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ കോൺഗ്രസ് സൈബർ അണികൾ പടച്ചുവിടുന്ന പ്രചരണമാണിത്. എന്നാൽ അതാണോ യാഥാർഥ്യം? പരിശോധിക്കാം:

മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്ത് 2014-15 വർഷത്തിൽ സംസ്ഥാനത്ത് 748 ബാർ ഹോട്ടലുകളാണ് പ്രവർത്തിച്ചിരുന്നത്. അന്നത്തെ സർക്കാരിന്റെ കാലയളവിൽ നിലവിൽ വന്ന അബ്കാരി നയത്തിന്റെ അടിസ്ഥാനത്തിൽ ഫൈവ് സ്റ്റാർ ക്ലാസിഫിക്കേഷൻ ഉണ്ടായിരുന്ന 29 ബാർ ലൈസൻസ് ഒഴികെയുള്ളവ റദ്ദ് ചെയ്യുകയായിരുന്നു. അതേസമയം ലൈസൻസ് റദ്ദാക്കിയ ഈ ബാർ ഹോട്ടലുകൾക്കു ബിയർ & വൈൻ പാർലർ ലൈസൻസ് അനുവദിക്കുകയും ചെയ്തു. ഈ സർക്കാർ നടപടികൾ അക്കാലത്ത് വലിയ വിവാദമാകുകയും അഴിമതി ആരോപണങ്ങൾ ഉയരുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ യുഡിഎഫ് സർക്കാർ അധികാരം ഒഴിയുമ്പോൾ സംസ്ഥാനത്ത് 29 ബാർ ഹോട്ടലുകളും 813 ബിയർ/വൈൻ പാർലറുകളും പ്രവർത്തിച്ചിരുന്നു. അതുപോലെ തന്നെ ഈ കാലയളവിൽ ആകെ 306 വിദേശമദ്യ ചില്ലറ വില്പന ശാലകളും സംസ്ഥാനത്ത് പ്രവർത്തിച്ചിരുന്നു.

ബിയർ/വൈൻ പാർലറായി മാറ്റിയ ബാർ ഹോട്ടലുകളിൽ ത്രി സ്റ്റാറോ അതിന് മുകളിലോ ക്ലാസ്സിഫിക്കേഷൻ നേടിയ ഹോട്ടലുകൾക്ക് പുതുക്കിയ അബ്കാരി പോളിസിയിലെ വ്യവസ്ഥകൾക്ക് വിധേയമായി മുൻപുണ്ടായിരുന്ന ബാർ ലൈസൻസ് പുതുക്കി നൽകുകയാണ് എൽഡിഎഫ് സർക്കാർ ചെയ്തിട്ടുള്ളത്. അത്തരത്തിൽ പുതുക്കി നൽകിയതും പുതിയതായി അനുവദിച്ചതും ഉൾപ്പെടെ സംസ്ഥാനത്ത് നിലവിൽ 896 ബാർ ഹോട്ടലുകളും 226 ബിയർ & വൈൻ പാർലറുകളും 335 വിദേശമദ്യ ചില്ലറ വില്പന ശാലകളും പ്രവർത്തിച്ചുവരുന്നു. മദ്യ ശാലകളുടെ എണ്ണത്തിലെ വർധനവ് പരിശോധിക്കുമ്പോൾ 2015-16 കാലഘട്ടത്തിൽ നിലവിലുണ്ടായിരുന്നതിൽ നിന്നും കഴിഞ്ഞ 10 വർഷ കാലയളവിൽ ആനുപാതികമായ വർധനവ് മാത്രമേ ഉണ്ടായിട്ടുള്ളൂ എന്ന് കാണാൻ സാധിക്കും.

മദ്യശാലകളുടെ എണ്ണം വർധിക്കുന്നത് മദ്യത്തിന്റെ ഉപഭോഗം വർധിപ്പിക്കുമെന്ന ആരോപണത്തിലും കഴമ്പില്ല. തിരക്ക് കുറയ്ക്കു, നിലവിലുള്ള ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമായി മദ്യം ലഭ്യമാക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 2016 മുതലുള്ള സർക്കാരിന്റെ നയം മദ്യ നിരോധനമല്ല, മദ്യ വർജ്ജനമാണ്. അതിനായി മദ്യത്തിന്റെ ഉപയോഗം കുറയ്ക്കുന്നതിനായി ഘട്ടം ഘട്ടമായ പ്രവർത്തനങ്ങൾ സർക്കാർ അവലംബിച്ചിട്ടുള്ളതാണ്.

മദ്യശാലകളും മദ്യത്തിന്റെ ഉപഭോഗവും

മദ്യശാലകളുടെ എണ്ണം വർധിച്ചതിനാൽ സംസ്ഥാനത്ത് മദ്യത്തിന്റെ ഉപഭോഗവും വർധിച്ചു എന്നതാണ് അടിസ്ഥാനരഹിതമായ മറ്റൊരു ആരോപണം. ഇതിൽ വ്യക്തത ലഭിക്കാൻ രണ്ട് കാലഘട്ടങ്ങൾ വേർതിരിച്ചുള്ള കണക്കുകൾ പരിശോധിക്കാം:

കഴിഞ്ഞ 15 വർഷത്തെ കണക്കെടുത്താൽ ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്റെ വിൽപ്പന ഏറ്റവും കൂടുതൽ നടന്നത് 2012-13 കാലഘട്ടത്തിൽ (യുഡിഎഫ് സർക്കാരിന്റെ കാലം) – 244.33 ലക്ഷം കെയ്‌സുകൾ

ബിയർ ഉൾപ്പെടെയുള്ള മദ്യത്തിന്റെ വിൽപ്പന ഏറ്റവും കൂടുതൽ നടന്നത് 2015-2016 കാലഘട്ടത്തിൽ (യുഡിഎഫ് സർക്കാർ) – 355.95 ലക്ഷം കെയ്‌സുകൾ

2011-12 (യുഡിഎഫ് സർക്കാർ) കാലയളവ് മുതൽ 2024-25 (എൽഡിഎഫ് സർക്കാർ) വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ മുൻ യുഡിഎഫ് സർക്കാരിന്റെ കാലയളവിൽ ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന്റെ ശരാശരി ഉപഭോഗം 229.822 ലക്ഷം കെയ്‌സും ബിയർ ഉൾപ്പെടെയുള്ള മദ്യത്തിന്റെ ഉപഭോഗം 341.264 ലക്ഷം കെയ്‌സും

2016-17 മുതൽ 2020-21 വരെയുള്ള ഒന്നാം എൽഡിഎഫ് സർക്കാരിന്റെ കാലയളവിൽ അത് യഥാക്രമം 207.32 ലക്ഷം കെയ്‌സ്, 322.182 ലക്ഷം കെയ്‌സ് എന്നിങ്ങനെയും, 2021-22 മുതലുള്ള നിലവിലെ സർക്കാരിന്റെ കാലയളവിൽ യഥാക്രമം 213.92 ലക്ഷം കെയ്‌സ്, 315.26 ലക്ഷം കെയ്‌സ് ആയും കുറഞ്ഞിട്ടുള്ളതായി കാണാൻ സാധിക്കും.

സർക്കാർ പുതിയ മദ്യശാലകൾ അനുവദിച്ചു എന്നതുകൊണ്ട് സംസ്ഥാനത്തെ മദ്യ ഉപഭോഗത്തിൽ വർധനവ് ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്കുകൾ.

Share Email
Top