100 തൊഴിലുറപ്പ് ദിനങ്ങൾ ഉറപ്പിക്കാനാതെ കേന്ദ്ര സർക്കാർ; സ്വകാര്യ റിപ്പോർട്ട് പുറത്ത് വിട്ട വിവരങ്ങൾ

മഹാത്മാ ഗാന്ധിയുടെ പേരിലുള്ള തൊഴിലുറപ്പ് പദ്ധതിക്ക് പുതിയ പേരും പുതിയ ഭാവവും നൽകിയ കേന്ദ്ര സർക്കാരിന് തിരിച്ചടിയായി സ്വകാര്യ സ്ഥാപനം നടത്തിയ പഠനം. വി ബി റാം ജി പദ്ധതിയായി മാറ്റുന്നതിലൂടെ 120 തൊഴിൽ ദിനങ്ങൾ ഉറപ്പ് വരുത്തുമെന്ന എൻഡിഎ സർക്കാരിന്റെ വാഗ്ദാനം അപ്പാടെ പാളി. 2025 – 26 ൽ ഭൂരിഭാഗം തൊഴിലാളികൾക്കും 100 തൊഴിൽ ദിനങ്ങൾ ഉറപ്പാക്കാൻ പോലും സാധിച്ചിട്ടില്ല!
2025 ലെ ഭേദഗതി ബിൽ പാസായതോടെ 3.2%ൽ കൂടുതൽ തൊഴിലന്വേഷകരാണ് പുതിയതായി പദ്ധതിയിൽ ചേർന്നത്, അതായത് ഇപ്പോൾ രാജ്യത്താകെ 15.46 കോടി ആളുകൾ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമാണ്. 2024ൽ ഇത് 14.98 കോടി ആയിരുന്നു. എന്നാൽ കഴിഞ്ഞ വർഷം ഇതിൽ 44 ലക്ഷം കുടുംബങ്ങൾക്ക് 100 ദിവസത്തെ തൊഴിൽ നൽകാൻ പദ്ധതിക്കായില്ല. 100 ദിനം പൂർത്തിയാക്കിയ കുടുംബങ്ങളുടെ എണ്ണത്തിൽ 40.5 % മാണ് കുറവ് സംഭവിച്ചത്. തൊഴിൽദാതാക്കൾ തൊഴിൽ കണ്ടെത്തുന്നതിലും ഈ കുറവ് കാണാം, 21.5 % ഇടിവാണ് ഈ കണക്കിൽ കണ്ടെത്തിയത്.
ഇന്ത്യയിലെ ഇരുപതിൽ പതിനഞ്ച് സംസ്ഥാനങ്ങളിലും ഈ കുറവ് കണ്ടെത്താൻ സാധിച്ചു. തമിഴ്നാട്ടിലാണ് പദ്ധതി വഴിയുള്ള തൊഴിലിന്റെ ലഭ്യത ഏറ്റവും കുറഞ്ഞത്. 42.8 % ഇടിവാണ് ഇവിടെ ഉണ്ടായത്. തൊട്ട് പിന്നാലെ ഹരിയാനായാണ് (41.7%). ആകെ 4 സംസ്ഥാനങ്ങളിൽ മാത്രം തൊഴിൽ ലഭ്യത കൂടിയിട്ടുണ്ട്. വെസ്റ്റ് ബംഗാളാണ് കണക്കിൽ വ്യതിയാനം സംഭവിക്കാത്ത ഏക സംസ്ഥാനം. എൻആർഇജിഎ സംഘർഷ് മോർച്ച എന്ന എൻജിഒ, ലിബ്ടെക് ഇന്ത്യ എന്ന റിസർച്ച് സംഘത്തിന്റെ സഹകരണത്തോടെയാണ് ഈ പഠനം നടത്തിയിരിക്കുന്നത്.
തൊഴിലാളികളുടെ പുരോഗതിക്കായി തുടങ്ങിയ ഒരു പദ്ധതിയുടെ ഇന്നത്തെ സ്ഥിതി ഇതാണ്. പേര് മാറ്റിയത് കൊണ്ട് മാത്രം പ്രവർത്തനം മാറുന്ന ഇല്ല. ഇന്നും ഇന്ത്യയിൽ കോടിക്കണക്കിനു ആളുകൾ തൊഴിൽ രഹിതരാണ്. അവരുടെ ഏക ആശ്വാസമായി തൊഴിലുറപ്പ് പദ്ധതി ഇല്ലാതാകലിന്റെ വക്കിലാണ്.