Fact Check

കോഴിക്കോട് നഗരത്തിൽ രാത്രികാല സിറ്റി ബസ് സർവീസ് തുടങ്ങുമോ? ഇതാണ് യാഥാർഥ്യം

കോഴിക്കോട് നഗരത്തിൽ രാത്രികാല സിറ്റി ബസ് സർവീസ് തുടങ്ങുമോ? ഇതാണ് യാഥാർഥ്യം

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ രാത്രികാല സിറ്റി ബസ് സർവീസ് തുടങ്ങുമെന്നും അതിനാൽ ഇനി ഓട്ടോ റിക്ഷക്കാരുടെ കൊള്ള പേടിക്കേണ്ട എന്ന തരത്തിലും സമൂഹ മാധ്യമങ്ങളിൽ വൻ തോതിൽ പ്രചാരണം നടക്കുന്നു. ബസിന്റെ സമയക്രമവും റൂട്ടും അടക്കമുള്ള കാർഡുകൾ വാട്ട്സ്ആപ്പിലും ഫേസ്ബുക്കിൽ നിറഞ്ഞോടുന്നു.

മെഡിക്കല്‍ കോളജ് മുതല്‍ റയില്‍വേ സ്റ്റേഷന്‍ വരെയും തിരിച്ചുമാണ് സർവീസ് എന്നാണ് പ്രചാരണം. രാത്രി 9.30 തുടങ്ങി പുലര്‍ച്ചെ അഞ്ചര വരെ നീളുന്ന രീതിയിലാണ് പെര്‍മിറ്റെന്നും പോസ്റ്റില്‍ പറയുന്നു. സിറ്റി ബസിന്‍റെ ചിത്രം സഹിതമാണു പ്രചാരണം. “കോഴിക്കോട് നഗരം ഇനി ഉണരും ആദ്യ സിറ്റി നൈറ്റ് സര്‍വീസ്, ഇനി ഓട്ടോറിക്ഷക്കാരുടെ കൊള്ള പേടിക്കേണ്ട” എന്ന തലക്കെട്ടോടെയാണു കാര്‍ഡ്. ഇതിന്റെ പിന്നിലെ യാഥാർഥ്യം എന്താണ്?

പുതിയ സർവീസ് അനുവദിക്കാനുള്ള നിലവിലെ നടപടി ക്രമം

സാധാരണ സ്വകാര്യ ബസുകള്‍ക്കു പെര്‍മിറ്റ് അനുവദിക്കാന്‍ അതിന്റേതായ നടപടി ക്രമങ്ങളുണ്ട്. റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയാണ് പെര്‍മിറ്റ് അനുവദിക്കുന്നത്. ഓണ്‍ലൈന്‍ വഴി വാഹനത്തിന്റെ കൃത്യമായ വിവരങ്ങളോടെ ടൈം, ഷെഡ്യൂള്‍ എന്നിവ സമര്‍പ്പിക്കണം. അപേക്ഷ എം.വി.ഡി. പരിശോധിച്ച് അനുയോജ്യമാണന്നു കണ്ടെത്തിയാല്‍ ഈ റൂട്ടില്‍ നിലവില്‍ ഓടുന്ന ബസുകളുടെ ഉടമകള്‍, തദ്ദേശ സ്ഥാപനങ്ങള്‍, യാത്രക്കാരുടെ സംഘടനകള്‍ തുടങ്ങിയവര്‍ക്ക് പരാതികളും ആക്ഷേപങ്ങളും അറിയിക്കാന്‍ സമയം നല്‍കും. തുടര്‍ന്ന് ആര്‍.ടി.ഒ. ബോര്‍ഡ് യോഗം ചേര്‍ന്നു അപേക്ഷകന്റെ യോഗ്യത, റൂട്ടിന്റെ ലഭ്യത പരിശോധിച്ചു ടൈമിങ് കോണ്‍ഫറന്‍സ് നടത്തും. നിലവിലെ ബസുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയില്‍ പുതിയ ബസിന് ടൈം ഷെഡ്യൂള്‍ കണ്ടെത്താനാണിത്.

മോട്ടോര്‍ വാഹന വകുപ്പിന്റെ വിശദീകരണം

ഇതുവരെ ഇങ്ങനെയൊരു റൂട്ടോ സര്‍വീസ് പെര്‍മിറ്റോ അനുവദിച്ചില്ലെന്നാണു മോട്ടോര്‍ വാഹന വകുപ്പ് വിശദീകരിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന രീതിയില്‍ നടപടിക്രമങ്ങളൊന്നും പൂര്‍ത്തീകരിച്ചിട്ടില്ല.

സ്വകാര്യ ബസ് ഉടമകളുടെ വിശദീകരണം

ആര്‍.ടി.ഒ. ബോര്‍ഡ് മീറ്റിങില്‍ ബസ് സംഘടനാ പ്രതിനിധികള്‍ക്ക് ക്ഷണമുണ്ട്. കോഴിക്കോട് ജില്ലാ ബസ് ഓപ്പററ്റേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.ടി. വാസുദേവന്‍ പറയുന്നത് അത്തരമൊരു അപേക്ഷ ഇതുവരെ ബോര്‍ഡിന്റെ മുന്‍പാകെ വന്നിട്ടില്ല എന്നാണ്. 14നു ചേരുന്ന ബോര്‍ഡ് മീറ്റിങിന്‍റെ അജണ്ടയിലും ഈ പെര്‍മിറ്റില്ല. വൈകി ഉറങ്ങുന്ന നഗരമാണെങ്കിലും യാത്രക്കാരുണ്ടാകില്ലെന്നും സ്വകാര്യ ബസ് ഉടമകള്‍ തീര്‍ത്ത് പറയുന്നു. പ്രിയദര്‍ശിനി സര്‍വീസ് മൂലം പകല്‍ സമയത്തെ സ്വകാര്യ ബസ് സര്‍വീസ് തന്നെ കടുത്ത പ്രതിസന്ധി നേരിടുന്ന ഈസമയത്ത് രാത്രികാല സിറ്റി സര്‍വീസുമായി ആരെങ്കിലും രംഗത്തിറങ്ങുമോയെന്നാണ് നിലവിലെ ബസ് ഉടമകളും ചോദിക്കുന്നത്.

ഈ വ്യാജ പ്രചാരണത്തിന് പിന്നിൽ ആരാണെന്നു വ്യക്തമല്ല. റയില്‍വേ സ്റ്റേഷനിലെത്തുന്ന യാത്രക്കാരെ കയറ്റുന്നതു സംബന്ധിച്ചു ഓട്ടോറിക്ഷാ തൊഴിലാളികളും ബസ് ജീവനക്കാരും തമ്മില്‍ നേരത്തെ പ്രശ്നങ്ങളുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണോ പ്രചാരണമെന്ന സംശയം നിലവിലുണ്ട്.

Share Email
Top