
മുഖ്യമന്ത്രി വി.ഡി.സതീശൻ ഭയങ്കര സിംപിളാണെന്ന് കാണിക്കാൻ പിആർ ടീം പ്രചരിപ്പിച്ച ‘ചായകുടി’ ചിത്രം വ്യാജം. ‘മുഖ്യമന്ത്രി തനിക്കു എസ്‌കോർട്ട് വന്ന പൊലീസുകാർക്കൊപ്പം ചായകുടിക്കുന്നു’ എന്ന തരത്തിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത് രണ്ട് വർഷം മുൻപത്തെ ചിത്രമാണ്. മാത്രമല്ല പ്രചരിക്കുന്ന ചിത്രങ്ങളിൽ എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള കൂട്ടിച്ചേർക്കലും ഉണ്ട്.
എന്തൊരു ലാളിത്യമുള്ള മനുഷ്യനാണ് കേരളത്തിന്റെ മുഖ്യമന്ത്രിയെന്നു പറഞ്ഞുകൊണ്ട് യുഡിഎഫിന്റെ പിആർ പേജുകളിലും കോൺഗ്രസ് അനുകൂലികളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലും ഈ ചിത്രം വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഫെയ്‌സ്ബുക്കിലെ ‘MS World’ എന്ന കോൺഗ്രസ് അനുകൂല പേജിൽ നിന്നാണ് ഈ ചിത്രത്തിന്റെ ഉറവിടമെന്ന് ഓഫ് ബീറ്റ് കൺസേൺസ് കണ്ടെത്തി. ‘UDF Online’ എന്ന വെരിഫൈഡ് പേജിലും ഈ ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഇപ്പോഴത്തേത് എന്ന നിലയിൽ പ്രചരിക്കുന്ന ചിത്രത്തിനു സാങ്കേതിക പാളിച്ചയും കാണാൻ സാധിക്കും. ചായ ഗ്ലാസിൽ മുഖ്യമന്ത്രി പിടിച്ചിരിക്കുന്നത് എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് രൂപപ്പെടുത്തിയ ചിത്രമാണ്.

യഥാർഥത്തിൽ ഈ ചായകുടി നടക്കുന്നത് 2024 ലാണ്. വയനാട് നടന്ന കെപിസിസി ക്യാംപിനു ശേഷം പൈലറ്റ് വന്ന പൊലീസ് ഉദ്യോഗസ്ഥർക്കൊപ്പം വി.ഡി.സതീശൻ ചായ കുടിക്കുന്ന വീഡിയോ റിപ്പോർട്ടർ ടിവി പങ്കുവെച്ചിട്ടുണ്ട്.
രണ്ട് വർഷം മുൻപത്തെ സംഭവത്തിലെ ചിത്രങ്ങൾ എടുത്താണ് ‘സിംപിൾ മുഖ്യമന്ത്രി’ എന്ന ക്യാംപെയ്ൻ സതീശന്റെ പിആർ ടീം നടത്തിയത്.

തിരഞ്ഞെടുപ്പ് വേളയിൽ ഇത്തരത്തിൽ പല ഫെയ്‌സ്ബുക്ക് പേജുകളും വിലയ്‌ക്കെടുത്താണ് കോൺഗ്രസും വി.ഡി.സതീശനും പിആർ നടത്തിയതെന്ന് ആരോപണം ഉയർന്നിരുന്നു. അത് ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ സംഭവം.