‘കേരളത്തിൽ തെരെഞ്ഞെടുപ്പ് നടന്നത് ദേശാഭിമാനി അറിഞ്ഞില്ലേ?’ ഇതാണ് യാഥാർഥ്യം

കേരളത്തിലെ നിയമസഭാ തെരെഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചത് ദേശാഭിമാനി ദിനപത്രം അറിഞ്ഞില്ലേ? എന്തുകൊണ്ടാണ് യുഡിഎഫ് വിജയം ദേശാഭിമാനി കവർ പേജിൽ നൽകാതിരുന്നത്? അഞ്ച് സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പ് ഫലമാണ് ഇന്നലെ പുറത്തുവന്നത്. അതിൽ കേരളത്തിന്റെ ഒഴികെ മറ്റെല്ലാ സംസ്ഥാനങ്ങളുടെയും ഫലങ്ങൾ ദേശാഭിമാനി റിപ്പോർട്ട് ചെയ്‌തെന്നും കേരളത്തിന്റേത് മാത്രം ഒഴിച്ച് നിർത്തിയെന്നുമാണ് പ്രചരിക്കുന്നത്. എന്താണ് യാഥാർഥ്യം?

2026-ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫ് വിജയം ദേശാഭിമാനി കവർ പേജിൽ തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ‘യുഡിഎഫിന് ജയം 102/104’ എന്ന തലക്കെട്ടോടുകൂടി ആദ്യപേജിൽ തന്നെയാണ് ദേശാഭിമാനി വാർത്ത നൽകിയിരിക്കുന്നത്. കോൺഗ്രസ് നേതാക്കൾ കേക്ക് മുറിച്ചാഘോഷിക്കുന്ന ചിത്രമടക്കം വാർത്താ റിപ്പോർട്ടിൽ കാണാം. തമിഴ്നാട്, അസം, വെസ്റ്റ് ബംഗാൾ, പോണ്ടിച്ചേരി എന്നീ സംസ്ഥാനങ്ങളുടെ ഫലങ്ങളാണ് രണ്ടാം പേജിൽ വാർത്ത നൽകിയിരിക്കുന്നത്. ഇതാണ് ദേശാഭിമാനിയുടെ ഒന്നാം പേജ് എന്ന വ്യാജേന സമൂഹ മാധ്യമങ്ങളിൽ കോൺഗ്രസ് സൈബർ ഹാൻഡിലുകൾ വ്യാപകമായി പ്രചരിപ്പിക്കുന്നത്.
