വിദ്യാഭ്യാസ മന്ത്രിയല്ലെങ്കിൽ മറ്റാര്? എസ് എസ് എൽ സി ഫലപ്രഖ്യാപനത്തിൽ ആശങ്ക

സംസ്ഥാനത്ത് പുതിയ സർക്കാർ അധികാരമേൽക്കാത്തതിനാൽ വിദ്യാഭ്യാസ മേഖലയിൽ അനിശ്ചിതത്വം. മുഖ്യമന്ത്രിയെയോ മന്ത്രിസഭയയെയോ തീരുമാനിക്കാത്ത സാഹചര്യത്തിൽ എസ് എസ് എൽ സി പരീക്ഷ ഫലപ്രഖ്യാപനം പ്രതിസന്ധിയിൽ. മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞിരുന്നത് ഈ ആഴ്ച ഫലം പ്രസിദ്ധീകരിക്കും എന്നായിരുന്നു. എന്നാൽ ഭരണം മാറിയ ശേഷം ഇതിൽ കൂടുതൽ വ്യക്തത വരുത്താൻ വിദ്യാഭ്യാസ വകുപ്പിന് കഴിഞ്ഞിട്ടില്ല. സാധാരണ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയാണ് ഫലം പ്രഖ്യാപിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ വകുപ്പ് മന്ത്രിയല്ലാതെ മറ്റാരാകും ഫലം പ്രഖ്യാപിക്കുക എന്നതാണ് മറ്റൊരു ആശങ്ക.
മൂല്യനിർണയവും മറ്റു നടപടികളുമൊക്കെ പൂർത്തിയാക്കി പരീക്ഷാബോർഡ് ബുധനാഴ്‌ച ചേരാൻ തീരുമാനിച്ചു. ഫലത്തിന്റെ അന്തിമരൂപം അന്ന് ലഭ്യമാക്കും. എന്നിരുന്നാലും ഫലപ്രഖ്യാപനം മുൻകൂട്ടി നിശ്ചയിച്ച പോലെ വെള്ളിയാഴ്ച നടക്കുമോ എന്ന് ഇത് വരെ തീരുമാനമായിട്ടില്ല. സാധാരണ ഗതിയിൽ പരീക്ഷാബോർഡ് ചേർന്ന് കഴിഞ്ഞാലും ഫലപ്രഖ്യാപനത്തിന്റെ ഔദ്യോഗികനടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ ഒരു ദിവസംകൂടി വേണ്ടിവരും.നിലവിൽ ഫലപ്രഖ്യാപനത്തിനുള്ള ഒരുക്കങ്ങൾ എല്ലാം പരീക്ഷാഭവൻ പൂർത്തീകരിച്ചുകഴിഞ്ഞു.
2021 ൽ സമാനമായ സാഹചര്യത്തിൽ ഫലപ്രഖ്യാപനം നടത്തിയത് പൊതുവിദ്യാഭ്യാസ സെക്രട്ടറിയായിരുന്നു. അതുപോലെ, ഇത്തവണയും ഉണ്ടാവുമോയെന്നതിലും വ്യക്തത ഇല്ലെന്നാണ് ഉദ്യോഗസ്ഥരുടെ മറുപടി. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി കെ. വാസുകിയ്ക്ക് ലോക്ഭവനിലേക്കു സ്ഥാനമാറ്റം ലഭിച്ചിരുന്നു.ഈ സാഹചര്യത്തിൽ ഷർമിള മേരി ജോസഫിനാണ് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ചുമതല. ഇതിനു പുറമേ, പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ. ഉമേഷുമുണ്ട്. നടപടികൾ പൂർത്തിയായാൽ, മുൻകാലങ്ങളിലേതുപോലെ പൊതുവിദ്യാഭ്യാസ സെക്രട്ടറിയും ഡയറക്ടറും കൂടിയാലോചിച്ച് ഫലപ്രഖ്യാപനത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കാവുന്നതേയുള്ളൂ. എന്നാൽ അത്തരമൊരു കൂടിയാലോചന ഇതുവരെ നടന്നിട്ടില്ല . തിരഞ്ഞെടുപ്പ് വിജയിച്ച യു ഡി എഫ് അതിനു മുൻകൈയെടുക്കാനോ ഈ പ്രതിസന്ധിയിൽ ഇടപെടാനോ തയ്യാറായിട്ടുമില്ല.