Fact Check: ആ കരാർ എൽഡിഎഫ് സർക്കാർ റദ്ദാക്കിയതോ? സണ്ണി ജോസഫ് പറഞ്ഞ നുണ

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. രാത്രികാലങ്ങളിൽ വ്യാപക വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുകയാണ്. സർക്കാരിന്റെ പിടിപ്പുകേടാണ് ഇപ്പോഴത്തെ വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് വിമർശനം ഉയരുമ്പോഴും നുണകൾ കൊണ്ട് പ്രതിരോധം തീർക്കുകയാണ് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്.
ഇന്നലെ മാധ്യമങ്ങളോടു സംസാരിക്കുമ്പോൾ സംസ്ഥാനം ഇപ്പോൾ നേരിടുന്ന വൈദ്യുതി പ്രതിസന്ധിക്ക് കാരണം ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തുണ്ടായിരുന്ന കരാർ എൽഡിഎഫ് സർക്കാർ റദ്ദാക്കിയതാണെന്ന് സണ്ണി ജോസഫ് പറഞ്ഞിരുന്നു. എന്നാൽ അതിന്റെ യാഥാർഥ്യം എന്താണ്?
സണ്ണി ജോസഫ് മാധ്യമങ്ങളോടു പറഞ്ഞത്: ‘ ആര്യാടൻ മുഹമ്മദ് വൈദ്യുതി മന്ത്രിയായിരുന്ന ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ഒരു ദീർഘകാല കരാറിന് രൂപം നൽകിയിരുന്നു. 4.29 രൂപയ്ക്ക് നമുക്ക് ദീർഘകാലത്തേക്ക് രാത്രിയും പകലും വൈദ്യുതി കുട്ടുന്ന ഒരു സംവിധാനമായിരുന്നു അന്ന് ഏർപ്പെടുത്തിയത്. ആ കരാർ പിന്നീട് വന്ന സർക്കാർ റദ്ദാക്കി. അതിന്റെ കെടുതികൾ നമ്മളിപ്പോൾ വളരെ വിഷമകരമായി അനുഭവിക്കുകയാണ്,’
വാസ്തവം: ആര്യാടൻ മുഹമ്മദ് വൈദ്യുതി മന്ത്രിയായിരുന്നപ്പോൾ കെ.എസ്.ഇ.ബി ഒപ്പുവെച്ച ദീർഘകാല വൈദ്യുതി വാങ്ങൽ കരാറുകൾ റദ്ദാക്കിയത് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ആണ്, എൽഡിഎഫ് സർക്കാരല്ല. കേന്ദ്ര ഊർജ്ജ മന്ത്രാലയത്തിന്റെ കൃത്യമായ മാർഗനിർദ്ദേശങ്ങൾ പാലിക്കാതെയും, ടെൻഡർ നടപടികളിലെ ചട്ടങ്ങൾ ലംഘിച്ചുമാണ് ഈ കരാറുകൾ ഒപ്പുവെച്ചത്. റെഗുലേറ്ററി കമ്മീഷന്റെ മുൻകൂർ അനുമതി വാങ്ങാതെയാണ് കെ.എസ്.ഇ.ബി കരാറിൽ ഏർപ്പെട്ടതെന്ന് കണ്ടെത്തി. അതിനാൽ തന്നെ ഊർജ മന്ത്രാലയവും റെഗുലേറ്ററി കമ്മീഷനും ഈ കരാർ റദ്ദാക്കുകയായിരുന്നു. ഇതിനെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കാൻ എൽഡിഎഫ് സർക്കാർ ശ്രമിച്ചിരുന്നെങ്കിലും ഫലംകണ്ടില്ല. മാത്രമല്ല കരാറുകൾ ക്രമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് അന്നത്തെ യുഡിഎഫ് സർക്കാരിന്റെ ധനവകുപ്പും ഇത് റദ്ദാക്കാൻ ശുപാർശ ചെയ്തിരുന്നു.