‘ലാപ്‌ടോപ്പുകൾ വാങ്ങിയത് വയനാട് ദുരന്ത നിവാരണ ഫണ്ട് വകമാറ്റി’; വ്യാജ പ്രചരണവുമായി ട്വന്റിഫോർ

വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതരെ സഹായിക്കാനുള്ള ഫണ്ട് വകമാറ്റിയെന്ന് ട്വന്റിഫോർ ന്യൂസ് ചാനലിൽ വ്യാജ പ്രചരണം. ഇത് ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് ടൗൺഷിപ്പ് പദ്ധതിയുടെ ഭാഗമായുള്ള ഓഫീസ് ആവശ്യങ്ങൾക്കുള്ള ലാപ്‌ടോപ്പുകൾ ആയിരുന്നു. അതിനെയാണ് വകമാറ്റിയത് എന്ന നിലയിൽ ട്വന്റിഫോർ പ്രചരിപ്പിക്കുന്നത്.
വാർത്തയിൽ കാണിക്കുന്ന സർക്കാർ ഉത്തരവിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ വായിച്ചാൽ തന്നെ ഇക്കാര്യം വ്യക്തമാകും. വയനാട് ടൗൺഷിപ്പ് പദ്ധതിയുടെ ഭാഗമായി ആറ് ലാപ്‌ടോപ്പുകളും ഒരു ഹെവി-ഡ്യൂട്ടി ഫോട്ടോകോപ്പി മെഷീനും വാങ്ങാൻ സർക്കാർ അനുമതി നൽകിയിരിക്കുന്നതായാണ് ഉത്തരവിൽ പറയുന്നത്.
ഫോട്ടോകോപ്പി മെഷീൻ Kyocera TASKalfa MZ32C മോഡൽ ആണ്. ഇത് ഒരു Laser Monochrome (Black & White) മെഷീൻ ആണ്. A4, A3, Legal സൈസ് പേപ്പറുകളിൽ പ്രിന്റ്/കോപ്പി എടുക്കാൻ കഴിയും. ഈ മെഷീന്റെ വില 1,50,000 ആയി രേഖപ്പെടുത്തിയിട്ടുണ്ട്.

ആകെ 4,32,000 രൂപ അനുവദിക്കാനാണ് സർക്കാർ ഉത്തരവിട്ടിരിക്കുന്നത്. ഈ തുക വയനാട് ബാങ്ക് അക്കൗണ്ടിലേക്ക് (Project Implementation Unit, Wayanad Township) നൽകാനും ഉത്തരവിൽ പറയുന്നു. വാങ്ങൽ GeM (Government e-Marketplace) പോർട്ടൽ വഴി നടത്തണം എന്നും വ്യക്തമാക്കിയിട്ടുണ്ട്. വാങ്ങുന്ന സാധനങ്ങൾ ദുരന്ത നിവാരണ വകുപ്പിലേക്ക് ആണ്. ഇതിനെയാണ് വകമാറ്റി ചെലവഴിക്കൽ എന്ന നിലയിൽ പ്രചരിപ്പിച്ചത്.