
Fact Check: കോഴിക്കോട് ജെഡിടി ഇസ്ലാം സ്‌കൂളിൽ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരുന്ന സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം പൊളിയുന്നു. ജെഡിടിയിലെ സ്‌ട്രോങ് റൂം തുറന്നു എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് പേരാമ്പ്ര റിട്ടേണിങ് ഓഫീസർ പറഞ്ഞു.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എൻകോർ സോഫ്റ്റ് വെയറിലെ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിനായി പേരാമ്പ്ര മണ്ഡലത്തിലെ പോളിങ് രേഖകൾ സൂക്ഷിച്ച സീൽ ചെയ്യാത്ത മുറിയാണ് സ്ഥാനാർഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തിൽ തുറന്നത്. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളോ പോസ്റ്റൽ ബാലറ്റുകളോ സൂക്ഷിച്ച മുറി അല്ല തുറന്നതെന്നും റിട്ടേണിങ് ഓഫീസർ അറിയിച്ചു.
സ്‌ട്രോങ് റൂമല്ല അതിനോടു ചേർന്ന മുറിയാണ് തുറന്നതെന്ന് പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർഥിയുടെ പ്രതികരണത്തിൽ നിന്ന് തന്നെ വ്യക്തമാണ്.
‘ മെറ്റീരിയൽ റൂം ഓപ്പൺ ചെയ്യുന്നുണ്ട് എന്നാണ് ആർഒ (റിട്ടേണിങ് ഓഫീസർ) അറിയിച്ചത്. ഒൻപത് മണിയാകുമ്പോഴേക്കും എത്തണമെന്ന് പറഞ്ഞു. ഫോം 17 വേരിഫിക്കേഷൻ ആണെന്നാണ് പറഞ്ഞത്,’ ഫാത്തിമ തഹ്ലിയ പറഞ്ഞു. ഇതിൽ നിന്ന് തന്നെ മെറ്റീരിയൽ റൂമാണ് തുറന്നതെന്നും സ്‌ട്രോങ് റൂം അല്ലെന്നും വ്യക്തമാണ്.
ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളോ തപാൽ വോട്ടുകളോ സൂക്ഷിച്ചിട്ടുള്ള സീൽ ചെയ്ത മുറികൾ തുറന്നിട്ടില്ലെന്ന് റിട്ടേണിങ് ഓഫീസറുടെ വിശദീകരണത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. മെറ്റീരിയൽ റൂം തുറന്നത് സ്ഥാനാർഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തിലാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.