Fact Check

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്ര: മാധ്യമങ്ങള്‍ പറയാത്ത ചില വസ്തുതകൾ

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്ര: മാധ്യമങ്ങള്‍ പറയാത്ത ചില വസ്തുതകൾ

കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് മുഖ്യമന്ത്രിക്കും സര്‍ക്കാറിനുമെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു മുഖ്യമന്ത്രിക്ക് യാത്ര ചെയ്യാന്‍ ഹെലികോപ്റ്റര്‍ വാങ്ങിയിരിക്കുന്നുവെന്നത്. 46 കോടി രൂപയിലധികം ഹെലികോപ്റ്ററിന്റെ വാടകയിനത്തില്‍ ചെലവാക്കി എന്നും വാര്‍ത്തകളുണ്ടായിരുന്നു. പ്രതിപക്ഷം ഈ വിഷയത്തെ വലിയ രീതിയില്‍ ക്യാമ്പെയ്‌നിനായി ഉപയോഗിക്കുകയും സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കുമ്പോള്‍ ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുത്തത് ഖജനാവ് ചോര്‍ത്തുന്ന നടപടിയാണെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

എന്താണ് വസ്തുത ?

പ്രകൃതി ദുരന്തങ്ങള്‍ ഉള്‍പ്പെടെയുണ്ടായിരുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ യാത്രയ്ക്കും, സംസ്ഥാനത്തിന്റെ എയര്‍ ആംബുലന്‍സ് ആയി ഉപയോഗിക്കുന്നതിനും, മാവോയിസ്റ്റ് നിരീക്ഷണങ്ങള്‍ക്കുമെല്ലാം ഉൾപ്പെടെയാണ് പൊലീസ് ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുത്തത്.

കേരളം എയര്‍ ആംബുലന്‍സ് സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ടോ ?

കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യൂ ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്റെ (K-SOTTO) കണക്കുകള്‍ പ്രകാരം, 2015-ല്‍ നടന്ന ആദ്യത്തെ എയര്‍ ആംബുലന്‍സ് വഴിയുള്ള ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം സംസ്ഥാനത്ത് എയര്‍ ആംബുലന്‍സിന്റെ സഹായത്തോടെ എട്ട് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകളാണ് നടന്നിട്ടുള്ളത്. അതായത്, 2015 ലെ ഒന്നിന് പുറമെ 2016 മുതല്‍ 2026 വരെയുള്ള കാലയളവില്‍ 8 അവയവമാറ്റങ്ങളാണ് എയര്‍ ആംബുലന്‍സ് വഴി നടന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 2015-ല്‍ തൃശൂര്‍ സ്വദേശി മാത്യു അച്ചാടന്‍ എന്ന വ്യക്തിക്കാണ് കേരളത്തില്‍ ആദ്യമായി എയര്‍ ആംബുലന്‍സ് വഴി കൊണ്ടുവന്ന ഹൃദയം മാറ്റിവെച്ചത്. 47-ാം വയസിലായിരുന്നു അദ്ദേഹത്തിന്റെ ശസ്ത്രക്രിയയ്ക്ക് ശേഷം 10 വര്‍ഷം അദ്ദേഹം ആരോഗ്യത്തോടെ ജീവിച്ചു.

ഇന്ത്യയില്‍ എല്ലാ സംസ്ഥാനങ്ങളിലും എയര്‍ ആംബുലന്‍സ് സൗകര്യം ലഭ്യമാണോ ?

ഇന്ത്യയില്‍ എല്ലാ സംസ്ഥാനങ്ങളിലും എയര്‍ ആംബുലന്‍സ് സൗകര്യങ്ങള്‍ ലഭ്യമല്ല. നിലവില്‍ കേരളം ഉള്‍പ്പെടെ 18 സംസ്ഥാനങ്ങളില്‍ മാത്രമാണ് എയര്‍ ആംബുലന്‍സ് ഇന്ത്യയില്‍ ലഭ്യമാവുന്നത്. പ്രധാനമായും സ്വകാര്യ ഏവിയേഷന്‍ കമ്പനികളും വന്‍കിട ആശുപത്രികളും (ഉദാഹരണത്തിന് അപ്പോളോ ഹോസ്പിറ്റല്‍സ്) ചേര്‍ന്നാണ് എയര്‍ ആംബുലന്‍സ് സേവനങ്ങള്‍ കൂടുതലായും നല്‍കുന്നത്. എങ്കിലും മെട്രോ നഗരങ്ങള്‍ കേന്ദ്രീകരിച്ച് മിക്ക സംസ്ഥാനങ്ങളിലും ഈ സേവനം ലഭ്യമാണ്.

എയര്‍ ആംബുലന്‍സ് സേവനങ്ങള്‍ സജീവമായി ലഭ്യമായ പ്രധാന സംസ്ഥാനങ്ങള്‍ (കേന്ദ്രഭരണ പ്രദേശങ്ങള്‍ ഉള്‍പ്പെടെ) താഴെ പറയുന്നവയാണ്:

ഡല്‍ഹി (ദേശീയ തലസ്ഥാന പ്രദേശം)
മഹാരാഷ്ട്ര (മുംബൈ, പൂനെ, നാഗ്പൂര്‍)
തെലങ്കാന (ഹൈദരാബാദ്)
തമിഴ്നാട് (ചെന്നൈ, കോയമ്പത്തൂര്‍, മധുര – തമിഴ്നാട് സര്‍ക്കാര്‍ അടുത്തിടെ സ്വന്തമായി എയര്‍ ആംബുലന്‍സ് സംവിധാനം തുടങ്ങാന്‍ തീരുമാനിച്ചിരുന്നു)
കര്‍ണാടക (ബെംഗളൂരു, മൈസൂര്‍)
കേരളം
പശ്ചിമ ബംഗാള്‍ (കൊല്‍ക്കത്ത, സിലിഗുരി)
അസം (ഗുവാഹത്തി, ദിബ്രുഗഡ്)
ബിഹാര്‍ (പറ്റ്‌ന)
ഛത്തീസ്ഗഡ് (റായ്പൂര്‍, ബിലാസ്പൂര്‍)
ഗുജറാത്ത് (അഹമ്മദാബാദ്, സൂറത്ത്)
ഉത്തര്‍പ്രദേശ് (ലക്‌നൗ, കാണ്‍പൂര്‍, ആഗ്ര)
രാജസ്ഥാന്‍ (ജയ്പൂര്‍)
മധ്യപ്രദേശ് (ഭോപ്പാല്‍, ഇന്‍ഡോര്‍)
ജാര്‍ഖണ്ഡ് (ജംഷഡ്പൂര്‍)
ഒഡീഷ (ഭുവനേശ്വര്‍)
പഞ്ചാബ് (അമൃത്സര്‍, ലുധിയാന)
ഹരിയാന (ഗുരുഗ്രാം, ഫരീദാബാദ്)

ചില സംസ്ഥാന സര്‍ക്കാരുകള്‍ സ്വന്തം നിലയ്ക്കും (വാടകയ്ക്ക് എടുത്തോ അല്ലാതെയോ) ദുരന്തനിവാരണത്തിനും അവയവമാറ്റ ശസ്ത്രക്രിയകള്‍ക്കുമായി ഇത്തരം സേവനങ്ങള്‍ ഉപയോഗപ്പെടുത്താറുണ്ട്. പൂര്‍ണ്ണമായും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എയര്‍ ആംബുലന്‍സുകളേക്കാള്‍, സ്വകാര്യ കമ്പനികളുടെ വിമാനങ്ങളും ഹെലികോപ്റ്ററുകളും വാടകയ്ക്ക് എടുത്താണ് മിക്കയിടത്തും ഈ സേവനം പ്രവര്‍ത്തിക്കുന്നത്.

മുഖ്യമന്ത്രി വി ഡി സതീശനും ഹെലികോപ്റ്റർ സൗകര്യം ഉപയോഗിക്കുന്നു

ഈ 18 ഇടങ്ങളില്‍ ഒന്ന് നമ്മുടെ കേരളമാണെന്ന് പറയാത്ത മാധ്യമങ്ങള്‍ കേരളത്തിന്റെ ഹെലികോപ്റ്റര്‍ ഉപയോഗം ധൂര്‍ത്താണെന്ന് വാര്‍ത്ത നല്‍കാന്‍ പ്രത്യേക താല്‍പര്യമെടുത്തു. ഇന്ന് മുഖ്യമന്ത്രിയായിരിക്കുന്ന വിഡി സതീശന്‍ ഉള്‍പ്പെടെ ഈ വാര്‍ത്തകളുടെ അരിക് പിടിച്ച് അന്നത്തെ സംസ്ഥാന സര്‍ക്കാറിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. എന്നാല്‍ മറ്റുപലതിലുമെന്നപോലെ അധികാരത്തിലെത്തിയയുടന്‍ ഈ നിലപാടിലും മുഖ്യമന്ത്രി വി ഡി സതീശന്‍ യു-ടേണ്‍ അടിച്ചു. ഹെലികോപ്റ്റര്‍ സേവനം തുടരണമെന്ന് പൊലീസ് റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിച്ചു. കഴിഞ്ഞ ദിവസം വയനാട് ദുരന്ത സ്ഥലത്തേക്ക് ആദ്യം മന്ത്രിമാരും പിന്നീട് മുഖ്യമന്ത്രിയും യാത്ര നടത്തിയത് ഒരുകാലത്ത് ധൂര്‍ത്തെന്ന് ആരോപിച്ച അതേ ഹെലികോപ്റ്റിലാണ് എന്നതാണ് ശ്രദ്ധേയം.

അതേ സമയം കഴിഞ്ഞ ദിവസങ്ങളില്‍ മസ്തിഷ്‌ക മരണം സംഭവിച്ച വടകര സ്വദേശി വിഷ്ണുവിന്റെയും, തമിഴ്‌നാട് സ്വദേശിയായ ഏഴുവയസുകാരന്‍ ലോകിനേനിയുടെയും അവയവദാനങ്ങള്‍ നടന്നത് റോഡ് മാര്‍ഗം ആംബുലന്‍സുകള്‍ വഴിയാണ്. എയര്‍ ആംബുലന്‍സ് സൗകര്യം നമുക്ക് ഉണ്ടായിരുന്നിട്ടും എന്തുകൊണ്ടായിരിക്കും റോഡ് മാര്‍ഗം തെരഞ്ഞെടുത്തത്!

Share Email
Top