സ്ത്രീകൾക്കു സൗജന്യ യാത്ര; കെ.എസ്.ആർ.ടി.സിയെ എങ്ങനെ ബാധിക്കും?

പൊതുമേഖലയെ തകർക്കുകയാണോ യുഡിഎഫ് സർക്കാരിന്റെ ലക്ഷ്യം? വൻ നഷ്ടത്തിൽ നിന്നു കരകയറിവരുന്ന കെ.എസ്.ആർ.ടി.സിയെ പഴയ റൂട്ടിലാക്കാൻ ഇവർ ആഗ്രഹിക്കുന്നത് എന്തുകൊണ്ടായിരിക്കും? പുതിയ സർക്കാർ കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്കു സൗജന്യയാത്ര നടപ്പിലാക്കിയാൽ അത് സാമ്പത്തികമായി എങ്ങനെ ബാധിക്കും?
കെഎസ്ആർടിസി ബസ്സിൽ മാത്രമാണ് സൗജന്യ യാത്ര എന്ന് പറഞ്ഞാൽ ലക്ഷക്കണക്കിന് വനിതാ യാത്രക്കാരെ പരിധിക്ക് പുറത്താക്കും എന്നർത്ഥം. കേരളത്തിൽ ആകെ യാത്ര ബസ്സുകളുടെ എണ്ണം 1,03,314 ആണ്. സ്വിഫ്ട് ബസ്സുകൾ ഉൾപ്പെടെ കെഎസ്ആർടിസി ബസുകൾ 5087 ആണ്. അതായത് 4.92%. യാത്രക്കാർ ഭൂരിഭാഗവും ആശ്രയിക്കുന്നത് സ്വകാര്യ ബസുകളെയാണ്. അതിലെ യാത്രക്കാർക്ക് സൗജന്യം ഇല്ലാതാനും.
ഏറ്റവുമധികം കെഎസ്ആർടിസി യാത്രക്കാരുള്ളത് തിരുവനന്തപുരം ജില്ലയിലാണ്, 2024 – 25 ൽ 5.9 ലക്ഷം യാത്രക്കാർ. കൊല്ലത്തിനാണ് രണ്ടാം സ്ഥാനം 2.54 ലക്ഷം. 9 ജില്ലകളിൽ ഒരു ലക്ഷത്തിൽ താഴെ മാത്രമാണ് പ്രതിവർഷ യാത്രക്കാരുടെ എണ്ണം. മലപ്പുറം 0.45 ലക്ഷം, ഇടുക്കി 0.6 ലക്ഷം, കോഴിക്കോട് 0.69 ലക്ഷം, കാസർഗോഡ് 0.66 ലക്ഷം. പാലക്കാട് 0.58 ലക്ഷം. കേരളത്തിൽ ആകെ യാത്ര ചെയ്തവർ 20.03 ലക്ഷം. രാഹുൽ ഗാന്ധിയുടെ ഗ്യാരണ്ടിയിൽ നിന്ന് ബഹുഭൂരിപക്ഷം ജനങ്ങളും പുറത്താകും എന്നാണ് ഈ പറഞ്ഞതിനർത്ഥം.
സ്വകാര്യ ബസ്സുകളെ എന്തുകൊണ്ട് രാഹുൽ ഗാന്ധി ഒഴിവാക്കി ? അവരെ ഉപദ്രവിക്കാൻ മടിച്ചിട്ടോ ? വൻ നഷ്ടം ഏറ്റെടുത്താണ് സംസ്ഥാനസർക്കാർ കെഎസ്ആർടിസിയെ നിലനിർത്തുന്നത്. ഒരു മാസത്തെ നടത്തിപ്പ് ചെലവ് 234 കോടി രൂപയാണ്. വരുമാനം 144 കോടി കമ്മി 90 കോടി രൂപ. പെൻഷനും വായ്പ തിരിച്ചടവിനും കൂടി 80 – 90 കോടി രൂപവേണം. പ്രതിദിനം നാലു കോടി രൂപയാണ് സർക്കാർ ചെലവാക്കുന്നത്. മാസം 120 കോടി. ചുരുക്കം പറഞ്ഞാൽ വളരെ ദരിദ്രമാണ് കെഎസ്ആർടിസിയുടെ സാമ്പത്തിക സ്ഥിതി.
ഒന്നാം പിണറായി സർക്കാർ 5002 കോടി രൂപയും രണ്ടാം സർക്കാർ 8072 കോടിയും ചെലവിട്ടാണ് കെഎസ്ആർടിസിയെ നിലനിർത്തുന്നത്. ഉമ്മൻ ചാണ്ടി സർക്കാരാകട്ടെ അഞ്ചുവർഷം അനുവദിച്ചത് 1467 കോടി രൂപ മാത്രം. കെഎസ്ആർടിസിയുടെ വരുമാനം വീണ്ടും കുറക്കാൻ മാത്രമെ വനിതകൾക്കുള്ള സൗജന്യ ബസ് യാത്ര സഹായിക്കു. വനിതകൾ എത്ര എന്ന് കണക്കില്ല ആകെ യാത്രക്കാരിൽ മൂന്നിലൊന്നാണ് എന്ന് സങ്കൽപ്പിച്ചാൽ സൗജന്യ യാത്ര അനുവദിക്കുന്നതു മൂലം ഒരു മാസം 48 കോടിയുടെ അധിക നഷ്ടം !