Explained

പ്രധാനമന്ത്രിയുടെ നിർദ്ദേശം; ഇനി വിവാഹത്തിനും സ്വർണം വാങ്ങാന്‍ പാടില്ലേ? ഇതാണ് വസ്തുത.

പ്രധാനമന്ത്രിയുടെ നിർദ്ദേശം; ഇനി വിവാഹത്തിനും സ്വർണം വാങ്ങാന്‍ പാടില്ലേ? ഇതാണ് വസ്തുത.

ഇന്ത്യയിൽ ജനനം മുതൽ വിവാഹം വരെയുള്ള ജീവിതത്തിലെ എല്ലാ പ്രധാന വിശേഷങ്ങളിലെയും അഭേദ്യ ഘടകമാണ് സ്വർണം. അതുകൊണ്ട് തന്നെ ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം സ്വർണം കേവലം ആഭരണം മാത്രമല്ല, സാധാരക്കാരുടെ സാമ്പത്തിക നിക്ഷേപം കൂടിയാണ്. സാംസ്കാരികമായും ഇന്ത്യയിൽ സ്വർണത്തിനു വലിയ പ്രാധാന്യമുണ്ട്. സാധാരണയായി ഏപ്രിൽ, മേയ് മാസങ്ങളിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ വിവാഹങ്ങൾ നടക്കുന്നത്. ഈ മാസങ്ങളിലാണ് രാജ്യത്ത് സ്വർണ കച്ചവടം പൊടി പൊടിക്കുന്നത്. ഇത്തരം സമയത്ത് സ്വർണ വ്യാപാര മേഖലയെയും സാധാരണക്കാരെയും ഞെട്ടിച്ചുകൊണ്ടാണ് ഒരു വർഷത്തേക്ക് സ്വർണം വാങ്ങരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദ്ദേശിച്ചത്.
ആദ്യമായാണ് കേന്ദ്ര സർക്കാർ ഇങ്ങനെയൊരു നിർദേശം മുന്നോട്ട് വയ്ക്കുന്നത്. എന്നാൽ കേവലം നിർദ്ദേശം മാത്രമായതിൽ ആളുകൾക്ക് വേണമെങ്കിൽ സ്വർണം വാങ്ങുന്നത് ഒഴിവാക്കാം എന്നതല്ലാതെ സ്വർണം വാങ്ങുന്നതിൽ നിലവിൽ വിലക്ക് ഒന്നും ഏർപ്പെടുത്തിയിട്ടില്ല.

എന്തുകൊണ്ട് സ്വർണം വാങ്ങരുതെന്ന് നിർദ്ദേശിച്ചു ?

ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം ഇറക്കുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. സ്വർണം വാങ്ങുന്നതിനായി ഇന്ത്യയിൽ നിന്ന് വൻതോതിൽ ഡോളർ ചെലവാകുന്നു. രാജ്യത്തിന്റെ വിദേശനാണ്യ ശേഖരത്തെ ഇത് പ്രതികൂലമായി ബാധിക്കുന്നുണ്ട്. വിദേശനാണ്യം രാജ്യത്തിന് പുറത്തേക്ക് ഒഴുകുന്നത് ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയുന്നതിനും, തത്ഫലമായി രാജ്യത്ത് പണപ്പെരുപ്പം വർധിച്ച് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമാകും.

പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ഹോർമുസ് കടലിടുക്കിലുണ്ടായ പ്രതിസന്ധി ആഗോള എണ്ണവിപണിയെ സാരമായി ബാധിച്ചു. ബാരൽ ഒന്നിന് 70 ഡോളറിൽ നിന്ന് 126 ഡോളറിലേക്കാണ് ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നത്. എണ്ണവില വർധനയെത്തുടർന്ന് രൂപയുടെ മൂല്യം റെക്കോർഡ് ഇടിവ് രേഖപ്പെടുത്തിയത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് വൻ വെല്ലുവിളിയാണ് ഉയർത്തുന്നത്. ഈ സാഹചര്യത്തിലാണ് ചെലവ് ചുരുക്കാനുമുള്ള നിർദേശങ്ങളുമായി പ്രധാനമന്ത്രി രംഗത്തെത്തിയത്. ഇന്ധന പ്രതിസന്ധിക്കൊപ്പം സ്വർണ ഇറക്കുമതി കൂടി തുടരുന്നത് രാജ്യത്തെ പണപ്പെരുപ്പത്തിന് കാരണമാകുമെന്നു സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. എന്നാൽ സ്വർണം വാങ്ങുന്നത് കുറച്ചുപേർ മാത്രം മാറ്റിവെച്ചതുകൊണ്ട് പരിഹരിക്കാവുന്നതല്ല ഈ പ്രതിസന്ധി.

ഇതോടൊപ്പം കേന്ദ്രം സ്വർണത്തിന്റെ ഇറക്കുമതി തീരുവ 15 ശതമാനം ഉയർത്തി. സ്വാഭാവികമായും സ്വർണ വില ഉയരും. ഇത് സ്വർണ വ്യാപാര മേഖലയിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. സ്വർണവില കുത്തനെ ഉയരുന്നതോടെ വിവാഹാവശ്യങ്ങൾക്കും മറ്റുമായി സ്വർണം വാങ്ങാനിരിക്കുന്ന സാധാരണക്കാരെ ഇത് സാരമായി ബാധിക്കും. ജനം സ്വർണം വാങ്ങുന്നത് കുറയ്ക്കുകയോ നീട്ടിവെക്കേണ്ടി വരികയോ ചെയ്യും അല്ലെങ്കിൽ സാമ്പത്തികമായി വലിയ ബാധ്യത ഏറ്റെടുക്കേണ്ടി വരുമെന്ന സാഹചര്യമാണ് ഇതോടെ സംജാതമായിരിക്കുന്നത്.

ദീർഘകാലമായി രാജ്യം നേരിടുന്ന സാമ്പത്തിക മാന്ദ്യത്തെ പ്രതിരോധിക്കാൻ ഫലപ്രദമായ നടപടികൾ കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നതിന്റെ തെളിവായി വേണം ഈ തീരുവ വർധനയെ കാണാൻ. രാജ്യത്തിന്റെ സാമ്പത്തിക നില മെച്ചപ്പെടുത്തുന്നതിനോ സാധാരണക്കാരുടെ പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിനോ സർക്കാർ സ്വീകരിക്കുന്ന നടപടികൾ പരാജയപ്പെടുകയാണെന്ന് ഇത് വ്യക്തമാക്കുന്നു. ചുരുക്കത്തിൽ, ഗുണപരമായ മാറ്റങ്ങൾ കൊണ്ടുവരുന്നതിന് പകരം ജനങ്ങളുടെ മേൽ അമിതഭാരം അടിച്ചേൽപ്പിക്കുന്ന സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നത്.

Share Email
Top