
കോട്ടയം നട്ടാശ്ശേരി വേമ്പിൻകുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ രണ്ടു ദിവസം മുമ്പ് ക്ഷേത്ര പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ പ്രചാരണ ഭാഗമായി ഒരു പരിപാടി സംഘടിപ്പിക്കുകയും അതിൽ നന്ദഗോവിന്ദം ഭജൻസ് ഗാനമേള അവതരിപ്പിക്കുകയും ചെയ്തു. ഈ പരിപാടിയിൽ നന്ദഗോവിന്ദം ഭജൻസ് ഒരു ക്രിസ്തീയ ഭക്തിഗാനം ആലപിച്ചിരുന്നു. യേശുദാസിന്റെ ഗന്ധർവ്വ നാദത്തിൽ മോഹൻ സിതാര സംഗീതം നൽകി അനശ്വരമാക്കിയ ‘ഈ പരദേവനഹോ’ എന്ന ഗാനമാണ് ഇവർ ആലപിച്ചത്.
“പരിപാടിയിൽ പങ്കെടുക്കാനെത്തിയ ക്രിസ്ത്യൻ സുഹൃത്തുക്കൾക്കായി ഒരു ഗാനം ആലപിക്കട്ടെ” എന്ന് ചോദിച്ചു കൊണ്ടാണ് ഇവർ ഈ ഗാനം ആലപിച്ചത്. കാണികൾ ഇതിനെ കയ്യടിച്ച് സ്വീകരിക്കുകയും ചെയ്തു. ഇത് സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും യഥാർത്ഥ മത വിശ്വാസികളും പൊതു സമൂഹവും ഇതിനെ ഇരുകയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു. എന്നാൽ ഇത് ശ്രദ്ധിക്കപ്പെട്ടതോടെ ഹിന്ദു ഐക്യവേദി ഉൾപ്പെടെയുള്ള സംഘപരിവാർ സംഘടനകൾ ഇതിനെതിരെ തിരിയുകയായിരുന്നു.
കെ പി ശശികല അടക്കമുള്ളവർ ഇതിനെതിരെ പരസ്യമായി രംഗത്ത് വന്നു. “ചിക്കന്‍ മസാല നല്ലതാണ്, പക്ഷേ പായസത്തിലിടരുതെ”ന്നായിരുന്നു ശശികലയുടെ പ്രതികരണം. തുടർന്ന് സോഷ്യൽ മീഡിയയിലൂടെ ഈ ഭക്തിഗാന സംഘത്തിനെതിരെ വലിയ രീതിയിൽ സൈബർ ആക്രമണം ഉണ്ടായി. ഇതോടെ വിശദീകരണവുമായി ക്ഷേത്ര കമ്മിറ്റിയും നന്ദഗോവിന്ദം ഭജൻസും രംഗത്ത് വന്നു. നന്ദഗോവിന്ദം ഭജൻസ് ക്രിസ്തീയ ഭക്തി ഗാനം പാടിയതിൽ ഒരു തെറ്റും കാണുന്നില്ലെന്ന് ക്ഷേത്ര കമ്മിറ്റി പുറത്തിറക്കിയ പ്രസ്‌താവനയിൽ വ്യക്തമാക്കി. ഗ്രാമത്തിലുള്ള എല്ലാവരും വളരെ സൗഹാർദപരമായാണ് ജീവിക്കുന്നതെന്നും ഇത്തരത്തിലുള്ള വിവാദം ഇളക്കിവിട്ട് നിലവിലുള്ള അവസ്‌ഥയെ തകർക്കരുതെന്നും ക്ഷേത്ര കമ്മിറ്റി ആവശ്യപ്പെട്ടു.
നന്ദ ഗോവിന്ദം ഭജൻസിന്റെ വിശദീകരണം ഇങ്ങനെയായിരുന്നു. “നന്ദഗോവിന്ദം എപ്പോഴും ഭക്തി, ഐക്യം, സംഗീതത്തിലൂടെ ആളുകൾ ഒന്നാകുന്ന ആത്മാവ് എന്നിവയ്ക്കായി നിലകൊണ്ടതാണ്. അത് മാറിയിട്ടില്ല. സംഗീതം നന്ദിയും ആദരവും ബന്ധവും പ്രകടിപ്പിക്കാൻ കഴിയുന്ന ഒരു ശക്തിയാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അതായിരുന്നു ആ നിമിഷത്തിന് പിന്നിലുള്ള ഏക ചിന്ത.”
ഈ പരിപാടിക്കുവേണ്ടി പാർക്കിങ് സൗകര്യങ്ങളൊക്കെ ഒരുക്കിതന്നത് ഇവിടത്തെ പള്ളി ഗ്രൗണ്ടിലാണെന്ന് നേരത്തേ ഈ ഗാനം ആലപിക്കുന്നതിന് മുന്നോടിയായി ഭജന സംഘത്തിലെ അംഗം വ്യക്തമാക്കിയിരുന്നു. “ദേശവിളക്ക് നടക്കുന്ന സമയത്ത് ഇവിടെയുള്ള പള്ളിയിലും വിളക്ക് തെളിയിക്കും. അങ്ങനെ പോകുന്നൊരു നാടാണ്. ഈയൊരു കാലഘട്ടത്തിൽ മതസൗഹാർദമെന്ന് പറയുന്നത് എന്തൊക്കെയോ പ്രശ്നമുള്ള കാര്യം പോലെയാണ് ഇപ്പോൾ. അതൊന്നും അറിയാത്ത കാലത്തും സൗഹാർദത്തോടെ ജീവിച്ച മനുഷ്യരാണ് ഞങ്ങൾ. ഭജന കേൾക്കാൻ ഇന്ന് തിരുവനന്തപുരത്തു നിന്ന് ക്രിസ്ത്യാനികളായ എന്റെ ചില അധ്യാപകർ ഇവിടെ വന്നിട്ടുണ്ട്. അവരിവിടെ ഉണ്ടാകും. ഒരു കാര്യങ്ങളിലും വ്യത്യാസമൊന്നും കാണാത്ത നാടാണ്. നമുക്ക് ഇത്രയും സൗകര്യങ്ങളൊക്കെ ചെയ്തു തന്ന അവർക്കു വേണ്ടി ഒരു പാട്ട് നമുക്ക് പാടാമല്ലോ അല്ലേ… “എന്ന് പറഞ്ഞു കൊണ്ടായിരുന്നു ഇവർ ഈ ക്രിസ്തീയ ഭക്തി ഗാനം ആലപിച്ചത്. ഇതിനെയാണ് സംഘപരിവാറും അവരുടെ ഏറാൻ മൂളികളായ മറ്റ് വർഗീയ വാദികളും ചേർന്ന് വലിയ അപരാധമാക്കി മാറ്റാൻ ശ്രമിച്ചത്. എന്നാൽ കേരളത്തിന്റെ മതേതര ബോധ്യങ്ങൾക്ക് മുന്നിൽ ആ ശ്രമവും പരാജയപ്പെട്ടു എന്നതാണ് വാസ്തവം.