Data Dive

Fact Check: ട്രഷറിയിൽ എന്ത്? മനോരമയുടെ നുണയും യഥാർഥ കണക്കുകളും !

Fact Check: ട്രഷറിയിൽ എന്ത്? മനോരമയുടെ നുണയും യഥാർഥ കണക്കുകളും !

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും പദ്ധതികൾക്കൊന്നും പണമില്ലെന്നും വരുത്തിത്തീർക്കാൻ മലയാള മനോരമ പടച്ചുവിട്ട പച്ചക്കള്ളം പൊളിയുന്നു. കേന്ദ്രസർക്കാർ സാമ്പത്തികമായി വരിഞ്ഞുമുറുക്കിയിട്ടും, കേരളം ഈ സാമ്പത്തിക വർഷം പദ്ധതിച്ചെലവിൽ വൻ കുതിപ്പാണ് നടത്തിയിരിക്കുന്നത് എന്നതാണ് ഔദ്യോഗിക ട്രഷറി കണക്കുകൾ വ്യക്തമാക്കുന്നത്.

സ്വന്തം നാടിനെ ഇകഴ്ത്തി കാണിക്കാൻ മനോരമ നിരത്തിയ നുണകളും യാഥാർത്ഥ്യവും തമ്മിലുള്ള അന്തരം നോക്കുക:

മനോരമയുടെ നുണ 1 : ആകെ പദ്ധതിച്ചെലവ് വെറും 49.46% മാത്രം! (21,097 കോടി).

യാഥാർഥ്യം: മാർച്ച് 8 വരെയുള്ള ഔദ്യോഗിക ട്രഷറി കണക്കുകൾ പ്രകാരം സംസ്ഥാനത്തിന്റെ ആകെ പദ്ധതിച്ചെലവ് ബജറ്റ് വിഹിതത്തിന്റെ 111.76 ശതമാനമാണ്! അതായത് 41,653 കോടി വകയിരുത്തിയ സ്ഥാനത്ത് ഇതിനോടകം 46,553 കോടി രൂപ ചെലവാക്കിക്കഴിഞ്ഞു. ഈ 111 ശതമാനത്തെയാണ് മനോരമ 49 ശതമാനമാക്കി ചുരുക്കി വിറ്റത്!

മനോരമയുടെ നുണ 2: സംസ്ഥാന പദ്ധതിച്ചെലവും തദ്ദേശ പദ്ധതിച്ചെലവും കൂപ്പുകുത്തി

യാഥാർഥ്യം: തദ്ദേശ സ്ഥാപനങ്ങൾ ഉൾപ്പെടുന്ന സംസ്ഥാന പദ്ധതിച്ചെലവ് ബജറ്റ് വിഹിതത്തിന്റെ 132.64 ശതമാനമാണ്! (32,500 കോടി വകയിരുത്തിയതിൽ 43,108 കോടി ചെലവാക്കി). തദ്ദേശ സ്ഥാപനങ്ങളുടെ മാത്രം ചെലവ് 41 ശതമാനമല്ല, മറിച്ച് ഇപ്പോൾ തന്നെ 70% കടന്നു (6,248 കോടി). സാമ്പത്തിക വർഷം അവസാനിക്കുന്നതോടെ ഇത് ഇനിയും കൂടും.

മനോരമ സൗകര്യപൂർവ്വം മറച്ചുവെച്ച സത്യം: സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചും, ഗ്രാന്റ് ഇൻ എയ്ഡുകൾ തടഞ്ഞുവെച്ചും, കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ഘടന മാറ്റി സംസ്ഥാനത്തിന് അധിക ബാധ്യതയുണ്ടാക്കിയും കേന്ദ്രം കേരളത്തെ ശ്വാസം മുട്ടിക്കുകയാണ്. എന്നിട്ടും, സംസ്ഥാനം തനതു നികുതി-നികുതിയേതര വരുമാനം വർദ്ധിപ്പിച്ചും, കൃത്യമായ ധനകാര്യ മാനേജ്മെന്റിലൂടെയുമാണ് ഈ ചരിത്രനേട്ടം കൈവരിച്ചത്. കേന്ദ്രം റിലീസ് ചെയ്യുന്ന ഫണ്ടുകൾ അപ്പപ്പോൾ തന്നെ സംസ്ഥാനം വിതരണം ചെയ്യുന്നുമുണ്ട്.

സത്യം ചെരിപ്പിട്ട് തുടങ്ങുമ്പോഴേക്കും നുണ ലോകം ചുറ്റിയിട്ടുണ്ടാകും എന്ന ധൈര്യമാണ് മനോരമയ്ക്ക്. പക്ഷെ കണക്കുകൾ കള്ളം പറയില്ല! സർക്കാരിനെ അപകീർത്തിപ്പെടുത്താൻ അക്കങ്ങൾ വളച്ചൊടിക്കുന്ന ഈ ‘അജണ്ട പത്രപ്രവർത്തനം’ കേരളത്തിലെ ജനങ്ങൾ തിരിച്ചറിയുക തന്നെ ചെയ്യും.

Share Email
Top