Fact Check

നമ്മൾ പാപ്പരല്ല ആന്റണി സാറേ…!

നമ്മൾ പാപ്പരല്ല ആന്റണി സാറേ…!

വോട്ട് ചോദിക്കാൻ വീട്ടിലെത്തിയപ്പോൾ തങ്ങൾ തന്ന ഗ്യാരണ്ടികൾ ഒന്നുപോലും നടപ്പിലാക്കാൻ കഴിയില്ലെന്ന പരോക്ഷ സൂചന നൽകുകയാണ് യുഡിഎഫ്. മുൻകൂർ ജാമ്യവുമായി ആദ്യം കളത്തിലിറങ്ങിയത് മുൻ മുഖ്യമന്ത്രിയും കോൺഗ്രസിന്റെ മുതിർന്ന നേതാവുമായ എ.കെ.ആന്റണിയാണ്. ‘നമ്മൾ പാപ്പരാണ്, ജനകീയ പ്രഖ്യാപനങ്ങളൊന്നും ഇപ്പോൾ പ്രതീക്ഷിക്കരുത്’ എന്നാണ് ആന്റണി പറഞ്ഞത്. ശരിക്കും നമ്മുടെ കേരളം പാപ്പരാണോ?

എൽഡിഎഫ് സർക്കാർ അധികാരമൊഴിയുമ്പോൾ കേരളത്തിന്റെ ട്രഷറിയിൽ 6,000 കോടിയുടെ ക്യാഷ് ബാലൻസുണ്ട്. സംസ്ഥാനത്തിന്റെ കഴിഞ്ഞ അഞ്ച് വർഷത്തെ ശരാശരി വാർഷിക ചെലവ് 1.72 ലക്ഷം കോടിയാണെങ്കിൽ 2025-26 സാമ്പത്തിക വർഷത്തിൽ മാത്രം സർക്കാർ ഖജനാവിൽ നിന്ന് ചെലവഴിച്ചത് രണ്ട് ലക്ഷം കോടി രൂപയിലധികമാണ്. 6,000 കോടി ട്രഷറി ബാലൻസുള്ള, രണ്ട് ലക്ഷം കോടിയിലധികം സാമ്പത്തിക വർഷത്തിൽ ചെലവഴിക്കാൻ പാകമുള്ള കേരളം എങ്ങനെയാണ് പാപ്പരാകുന്നത് ആന്റണി സാറേ?

ഇനി സംസ്ഥാനത്തിന്റെ പൊതുകടം എടുക്കാം. 2021 ൽ പൊതുകടം 39 ശതമാനമായിരുന്നു. 2026 ലേക്ക് എത്തുമ്പോൾ പൊതുകടം 34 ശതമാനത്തിൽ താഴെ എത്തിക്കാൻ എൽഡിഎഫ് സർക്കാരിനു സാധിച്ചു. കടത്തിന്റെ കണക്കിൽ ഇന്ത്യയിലെ ആദ്യത്തെ 15 സംസ്ഥാനങ്ങളിൽ പോലും കേരളമില്ല എന്നതാണ് വസ്തുത.

ഇനി തനതുവരുമാനത്തിലേക്ക്, 2021 ൽ 47,000 കോടിയായിരുന്നു സംസ്ഥാനത്തിന്റെ തനതുവരുമാനം. ഇത് 2026 ലേക്ക് എത്തിയപ്പോൾ ഒരു ലക്ഷം കോടിയായി വർധിച്ചു. 2023-24 വർഷത്തെ അപേക്ഷിച്ച് 2.7 ശതമാനത്തിന്റെ വർധനവാണ് തനതുവരുമാനത്തിൽ ഉണ്ടായിട്ടുള്ളത്. ന്യായമായ കേന്ദ്ര വിഹിതം കിട്ടാതെ വലിയ പ്രതിസന്ധി അനുഭവിക്കുമ്പോഴും തനതുവരുമാനം വർധിപ്പിച്ച് കേരളത്തിന്റെ ധനസ്ഥിതി മെച്ചപ്പെട്ടതാക്കാൻ എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തി കൊണ്ട് സാധിച്ചു.

കഴിഞ്ഞ സാമ്പത്തികവർഷം സംസ്ഥാന മൊത്ത ആഭ്യന്തര ഉത്പാദനം (ജിഎസ്ഡിപി) 6.19 ശതമാനമായി വർധിച്ചു. രാജ്യത്ത് പ്രതിശീർഷ വരുമാനത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ 5.67 ശതമാനം വളർച്ച നേടാൻ സംസ്ഥാനത്തിന് സാധിച്ചു. 2023-24 സാമ്പത്തികവർഷം 1,79,953 ലക്ഷം രൂപയായിരുന്നത് 1,90,149 ലക്ഷമായിട്ടാണ് ഉയർന്നത്. രാജ്യത്ത് ഉയർ പ്രതിശീർഷ വരുമാനമുള്ള സംസ്ഥാനങ്ങളിൽ കേരളം മുൻനിരയിലാണ്. ദേശീയ ശരാശരി 1.33 ലക്ഷമാണ്. ഇതിനു മുകളിലാണ് കേരളീയരുടെ ആളോഹരി വരുമാനം. സംസ്ഥാനത്തിന്റെ മൊത്ത വരുമാനത്തിൽ 0.3 ശതമാനത്തിന്റെ വർധനയുണ്ട്. 2023-24 സാമ്പത്തികവർഷത്തെ 1,24,486 കോടിയിൽ നിന്ന് 1,24,861.07 കോടി രൂപയായിട്ടാണ് ഉയർന്നത്.

പ്രളയം, കോവിഡ്, കേന്ദ്ര അവഗണന എന്നിവയെയെല്ലാം അതിജീവിച്ചാണ് കേരളം സാമ്പത്തികമായി ഇത്രയും കുതിപ്പ് നടത്തിയിരിക്കുന്നത്. യാഥാർഥ്യങ്ങൾ ഇങ്ങനെയായിരിക്കെ എ.കെ.ആന്റണിയെ പോലെ ഉത്തരവാദിത്തമുള്ള ഒരു മുതിർന്ന നേതാവ് പച്ചകള്ളം വിളിച്ചുകൂവുന്നത് അങ്ങേയറ്റം നികൃഷ്ടവും അപക്വവുമാണ്. ക്ഷേമ പെൻഷൻ 3,000 രൂപ ആക്കാൻ പറ്റില്ലെങ്കിൽ, കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്കു സൗജന്യയാത്ര നൽകാൻ ബുദ്ധിമുട്ടാണെങ്കിൽ, കോളേജ് വിദ്യാർഥിനികൾക്കു പ്രതിമാസം ആയിരം രൂപ നൽകാൻ കഴിയില്ലെങ്കിൽ അതിന്റെയൊന്നും ഉത്തരവാദിത്തം എൽഡിഎഫ് സർക്കാരിന്റെ തലയിലല്ല ആന്റണി സാറേ കൊണ്ടിടേണ്ടത്. ജനകീയ പ്രഖ്യാപനങ്ങൾ നടപ്പിലാക്കാൻ ഉദ്ദേശമില്ലെങ്കിൽ അതിന്റെ പൂർണ ഉത്തരവാദിത്തം ആന്റണി സാറിന്റെ പാർട്ടി നേതൃത്വം നൽകുന്ന പുതിയ യുഡിഎഫ് സർക്കാരിനു മാത്രമായിരിക്കും.

Share Email
Top