മരണത്തിന് വിട്ട് കൊടുക്കാതെ മകനെ ചേർത്ത് പിടിച്ച അമ്മയുടെ ചിത്രം ജബൽപുരിലെയല്ല! സ്ഥിരീകരിച്ച് അധികൃതർ

മധ്യപ്രദേശ്: ജബൽപുരിൽ നടന്ന ബോട്ട് അപകടത്തിൽ മരിച്ചെന്ന് കാണിക്കുന്ന അമ്മയുടെയും കുഞ്ഞിന്റെയും ചിത്രം വ്യാജമെന്ന് സ്ഥിരീകരിച്ച് അധികൃതർ. ലൈഫ് ജാക്കറ്റ് അണിഞ്ഞ് നാല് വയസ്സുകാരനായ മകനെ നെഞ്ചോട് ചേർത്ത് പിടിച്ചിരിക്കുന്ന അമ്മയുടെ ചിത്രം ഏവരുടെയും ഹൃദയത്തെ പിടിച്ചുലച്ചിരുന്നു. സാമൂഹ്യ മാധ്യമങ്ങളായ ഫേസ്ബുക്, എക്സ്, ഇൻസ്റ്റാഗ്രാം എന്നീ പ്ലാറ്റുഫോമുകളിൽ വ്യാപകമായി ഈ ചിത്രം പ്രചരിച്ചു.
എന്നാൽ ഇപ്പോൾ വന്നിരിക്കുന്ന വിഡിയോയിൽ നിന്ന് ഈ ചിത്രത്തിലെ വസ്തുത തിരിച്ചറിയാൻ സാധിക്കും. അപകടത്തിന് തൊട്ട് മുൻപുള്ള ബോട്ടിനുള്ളിലെ ദൃശ്യങ്ങളാണിപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ബോട്ട് വെള്ളത്തിൽ മുങ്ങിത്തുടങ്ങിയപ്പോഴാണ് യാത്രക്കാർക്ക് ലൈഫ് ജാക്കറ്റുകൾ കൈമാറിയതെന്നും ഈ ദൃശ്യങ്ങളിൽ കാണുന്നുണ്ട്. ബോട്ടിന്റെ ഇടതുവശത്തായി ഈ മകനും ഇരിക്കുന്നത് കാണാം. കണ്ടെടുത്ത അമ്മയുടേയും കുഞ്ഞിൻ്റെയും മൃതദേഹം ഒരേ ലൈഫ് ജാക്കറ്റിനുള്ളിൽ കെട്ടിപ്പിടിച്ചിരിക്കുന്ന രീതിയിലായിരുന്നു. വീഡിയോയിൽ അമ്മ ധരിച്ചിരിക്കുന്ന വസ്ത്രത്തിൻ്റെ നിറവും വൈറൽ ചിത്രത്തിലെ യുവതിയുടെതും രണ്ടും വ്യത്യസ്തമാണ്.
🚨 ANOTHER VIDEO
— Public News X (@PublicNewsX) May 1, 2026
Boat capsizes at Bargi Dam in Jabalpur; 9 dead, several missing after sudden storm, rescue operations ongoing.#BreakingNews #Jabalpur #India #MadhyaPradeshNews https://t.co/sNbvf79iQn pic.twitter.com/KSC8kYEO77
ഈ ചിത്രം എഐ നിർമിതമോ അല്ലെങ്കിൽ മറ്റേതെങ്കിലും സംഭവവുമായി ബന്ധപ്പെട്ടതാണെന്ന് ഉള്ള സ്ഥിരീകരണം നൽകിയിരിക്കുകയാണ് ജബൽപുർ ജില്ലാ കളക്ടർ. “ഈ ചിത്രം എഐ ഉപയോഗിച്ച് സൃഷ്ടിച്ചതോ അല്ലെങ്കിൽ മറ്റൊരു ഉറവിടത്തിൽ നിന്നുള്ളതോ ആണ്. ഇതിന് ബർഗി ക്രൂയിസ് അപകടവുമായി യാതൊരു ബന്ധവും ഇല്ല” എന്നാണ് എക്സിലൂടെ അധികൃതർ അറിയിച്ചത്. ഇതുപോലെയുള്ള വ്യാജ പ്രചാരണങ്ങൾ തിരിച്ചറിയണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

ചിത്രത്തിന്റെ വസ്തുത തിരിച്ചറിയാതെ പ്രചരിപ്പിച്ചവരിൽ പ്രമുഖരും ഉൾപ്പെടുന്നു. പി വി അൻവർ തന്റെ ഫേസ്ബുക്കിൽ വളരെ വികാര നിർഭരമായി ഈ ചിത്രം പങ്കുവച്ചപ്പോൾ ചിത്രത്തിലെ ഉറവിടം പരിശോധിക്കാൻ മറന്നു. ചിത്രത്തിലെ വികാരം മനസിലാക്കുമ്പോളും അതിലെ സത്യം കാണാതെ പോയവരാണ് ഇപ്പോളും ഈ ചിത്രം പ്രചരിപ്പിച്ചുകൊണ്ട് ഇരിക്കുന്നത്.

കഴിഞ്ഞ മാസം 30 നാണ് ജബൽപുരിലെ ബർഗി ഡാമിൽ ക്രൂയിസ് അപകടം നടന്നത്. സംസ്ഥാന സർക്കാർ ടൂറിസം പദ്ധതിയുടെ ഭാഗമായ ക്രൂയ്സാണ് അപകടത്തിൽപ്പെട്ടത്. ഇതുവരെ 13 പേരാണ് മരിച്ചതായി സ്ഥിരീകരിച്ചത്. 29 പേരെ മാത്രം കയറ്റാവുന്ന ബോട്ടിൽ 45 പേരുമായാണ് യാത്ര നടത്തിയത്.