വെള്ളം കയറാത്ത എസി റോഡോ? കുപ്രചരണവുമായി മാധ്യമങ്ങൾ; ഇതാണ് വാസ്തവം

ആലപ്പുഴ-ചങ്ങനാശേരി റോഡ് അഥവാ എസി റോഡാണ് ഇപ്പോൾ മാധ്യമങ്ങളുടെയും യുഡിഎഫിന്റെ ചർച്ചാവിഷയം. ഇത്തവണത്തെ കാലവർഷക്കെടുതിയിൽ എസി റോഡിൽ ചില സ്ഥലങ്ങളിൽ വെള്ളം കയറിയതുമായി ബന്ധപ്പെട്ട് കുപ്രചരണങ്ങളാണ് ഇക്കൂട്ടർ നടത്തുന്നത്. റോഡിൽ വെള്ളം കയറില്ലെന്ന് പറഞ്ഞിട്ട് ‘എൽഡിഎഫ് സർക്കാർ പറ്റിച്ചു; എന്നാണ് പരിഹാസം. എങ്കിൽ ഇതിന്റെ യാഥാർഥ്യം പരിശോധിക്കാം:
എസി റോഡ് ഇനിയൊരു പ്രളയം വന്നാലും അതിനെയും അതിജീവിക്കുന്ന വിധമാണ് പണികഴിപ്പിച്ചിരിക്കുന്നത്. റോഡിന്റെ ഉദ്ഘാടന വേളയിൽ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ ഇങ്ങനെയാണ്, ‘ 2018 ലെ മഹാപ്രളയത്തിൽ റോഡിന് വൻ തോതിലുള്ള കേടുപാടുകൾ സംഭവിച്ചു. അത്തരമൊരു ഘട്ടത്തിൽ ആ റോഡ് പഴയ രീതിയിൽ പുതുക്കി പണിയുക എന്നതല്ല സർക്കാർ ആലോചിച്ചത്. ഇനിയൊരു പ്രളയം വന്നാൽ തകരാത്ത രീതിയിൽ നിർമിതികൾ വേണമെന്നാണ് കണ്ടത്. അതിന്റെ ഭാഗമായി തയ്യാറാക്കിയ ഒട്ടേറെ കാര്യങ്ങളുണ്ട്. അതിലൊന്നാണ് എസി റോഡിന്റെ പുതിയ രൂപത്തിലുള്ള നിർമാണം,’
2018 ലെ പ്രളയത്തിൽ തകർന്ന റോഡ് ഇനിയൊരു പ്രളയം വന്നാലും അതിനെ അതിജീവിക്കണം എന്നതായിരുന്നു ഇടതുപക്ഷ സർക്കാരിന്റെ ലക്ഷ്യം. അതിനനുസരിച്ച് തന്നെയാണ് എസി റോഡ് ഏറ്റവും നൂതനമായ രീതിയിൽ പണികഴിപ്പിച്ചത്. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ശക്തമായ മഴയത്തും ഈ റോഡിലൂടെ ഗതാഗതം സാധ്യമായിരുന്നു. മാത്രമല്ല മുൻപത്തേതിനേക്കാൾ വേഗത്തിൽ വെള്ളക്കെട്ട് കുറഞ്ഞതും റോഡിന്റെ മേന്മ കൊണ്ടാണ്.
മലയോര മേഖലകളിൽ മഴപെയ്താൽ വെള്ളം കയറി ഒറ്റപ്പെട്ടുപോകുന്ന അവസ്ഥ മറികടക്കാനാണ് ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ജി.സുധാകരൻ മന്ത്രിയായിരിക്കുമ്പോൾ പിഡബ്‌ള്യുഡി എസി റോഡ് നവീകരിക്കാൻ തീരുമാനിക്കുന്നത്. കൾവർട്ടുകൾ നിർമ്മിക്കുക, പാലങ്ങൾ ഉയർത്തി നിർമ്മിക്കുക, സൈഡ് വാൾ പണിയുക, വെള്ളം കയറി ഇറങ്ങിയാലും പൊളിഞ്ഞു പോകാത്ത രീതിയിൽ നിലവാരമുള്ള ടാറിങ് എന്നിവയായിരുന്നു ഈ പദ്ധതിയുടെ ഭാഗമായി ഉണ്ടായിരുന്നത്.
ആലപ്പുഴ – ചങ്ങനാശേരി റോഡുമായി ബന്ധപ്പെട്ട് ഐപിആർഡി സൈറ്റിൽ നൽകിയിരിക്കുന്ന വിവരമാണ് ചുവടെ:

വെള്ളപ്പൊക്കം അതിജീവിക്കാനുള്ള ഡിസൈൻ എന്ന് ഇതിൽ കൃത്യമായി പറയുന്നുണ്ട്. ഒരു വെള്ളപ്പൊക്കം വന്നാലും അതിനെ അതിജീവിച്ച് തകരാത്ത റോഡ് ഉണ്ടാകുകയെന്ന ലക്ഷ്യമായിരുന്നു എൽഡിഎഫ് സർക്കാരിന്റേത്. ഏറ്റവും സുരക്ഷിതമെന്ന് കരുതിയിരുന്ന വീടുകളിൽ വരെ വെള്ളം കയറിയ 2018 ലെ പ്രളയം നമുക്ക് മുന്നിലുണ്ട്. അങ്ങനെയൊരു നാട്ടിൽ മഴ പെയ്താൽ വെള്ളം കയറാത്ത റോഡ് എന്നൊക്കെ ഉത്തരവാദിത്തപ്പെട്ടവർ അവകാശപ്പെട്ടിട്ടുണ്ടെന്ന നട്ടാൽ കുരുക്കാത്ത നുണയാണ് മാധ്യമങ്ങളും വലതുപക്ഷവും ചേർന്ന് പ്രചരിപ്പിക്കുന്നത്.