‘നോർത്ത് ഗേറ്റ് തുറന്നപ്പോൾ’; സതീശനും മാധ്യമങ്ങളും ഒന്നിച്ചുപറഞ്ഞ നുണ

മുഖ്യമന്ത്രിയായി ചുമതലയേറ്റിട്ടും വി.ഡി.സതീശൻ യാതൊരു സങ്കോചവുമില്ലാതെ നുണകൾ തുടരുന്നത് ഈ നാട്ടിലെ വലതുപക്ഷ മാധ്യമങ്ങൾ തനിക്കൊപ്പം ഉണ്ടെന്ന ധൈര്യത്തിലായിരിക്കും. അങ്ങനെ മാധ്യമങ്ങളും സതീശനും ഒന്നിച്ചുപറഞ്ഞ മറ്റൊരു നുണയാണ് ഇപ്പോൾ പൊളിഞ്ഞുവീഴുന്നത്. ‘സെക്രട്ടറിയേറ്റിലെ സമര ഗേറ്റ് എന്നറിയപ്പെടുന്ന നോർത്ത് ഗേറ്റ് പത്ത് വർഷങ്ങൾക്കു ശേഷം തുറക്കപ്പെട്ടു’ എന്ന വലിയനുണ !
വി.ഡി.സതീശൻ മുഖ്യമന്ത്രിയായി അധികാരമേറ്റതിനു പിന്നാലെയാണ് നോർത്ത് ഗേറ്റ് തുറന്നതെന്നും പത്ത് വർഷങ്ങൾക്കു ശേഷമാണ് ഇത് സംഭവിക്കുന്നതെന്നുമാണ് മാധ്യമങ്ങൾ പ്രചരിച്ചത്. മനോരമ ന്യൂസ്, മാതൃഭൂമി ന്യൂസ്, ഏഷ്യാനെറ്റ് ന്യൂസ് തുടങ്ങിയ വലതുപക്ഷ മാധ്യമങ്ങൾ വലിയ രീതിയിൽ ആഘോഷിച്ച വാർത്ത. മുഖ്യമന്ത്രി വി.ഡി.സതീശനും അത് ഏറ്റുപിടിച്ചു. എന്നാൽ എന്താണ് ഇതിന്റെ യാഥാർഥ്യം?

കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് അടച്ചിട്ടിരുന്ന നോർത്ത് ഗേറ്റ് രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് തുറന്നിട്ടുണ്ട്. അന്ന് ആ വാർത്ത ഇതേ മാധ്യമങ്ങൾ തന്നെ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. നോർത്ത് ഗേറ്റ് തുറക്കുന്നതുമായി ബന്ധപ്പെട്ട് 2023 മാർച്ച് 29 നു മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്ത വാർത്തയാണ് ചുവടെ:
‘മൂന്ന് വർഷത്തെ ഇടവേളയ്ക്കു ശേഷം സെക്രട്ടേറിയറ്റിലെ സമരഗേറ്റ് തുറന്നു’ എന്നാണ് ഏഷ്യാനെറ്റ് ന്യൂസിലെ വാർത്ത, ലിങ്ക് ചുവടെ:
മാതൃഭൂമിയുടെ വാർത്തയിൽ നൽകിയിരിക്കുന്ന തിയതി സൂക്ഷിച്ചുനോക്കുക. നോർത്ത് ഗേറ്റ് തുറന്ന വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത് 2023 മാർച്ച് 29 നാണ്. അതായത് മൂന്ന് വർഷങ്ങൾക്കു മുൻപ്. കോവിഡ് നിയന്ത്രണങ്ങൾ കാരണമാണ് ഈ ഗേറ്റ് വർഷങ്ങളായി അടച്ചിട്ടിരിക്കുന്നതെന്നും ഈ മാധ്യമങ്ങളുടെയെല്ലാം റിപ്പോർട്ടിൽ പറയുന്നുമുണ്ട്.

വസ്തുതകൾ ഇങ്ങനെയായിരിക്കെ ഇതേ മാധ്യമങ്ങൾ തന്നെയാണ് ‘പത്ത് വർഷത്തിനു ശേഷം നോർത്ത് ഗേറ്റ് തുറന്നു’ എന്ന നുണപ്രചരണം വി.ഡി.സതീശനു വേണ്ടി നടത്തുന്നത്.
സമരങ്ങളും സുരക്ഷാ പ്രശ്‌നങ്ങളും വന്നാൽ മുൻപ് ചെയ്തിരുന്നതുപോലെ നോർത്ത് ഗേറ്റ് അടച്ചിടുമെന്ന് തന്നെയാണ് ഇപ്പോഴും ഉത്തരവാദിത്തപ്പെട്ടവർ പറയുന്നത്. എന്നാൽ ഈ യാഥാർഥ്യങ്ങളെയെല്ലാം മറച്ചുവെച്ചുകൊണ്ട് നുണപ്രചരണം നടത്തുകയാണ് മാധ്യമങ്ങൾ.