PSC റാങ്ക് ഹോൾഡേഴ്സിന്റെ സെക്രട്ടറിയേറ്റ് സമരം: PSC ക്ക് എതിരോ സർക്കാരിനെതിരോ ?

തിരുവനന്തപുരം: ഡൽഹിയിലെ ജന്തർ മന്ദറിൽ വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച സെലിബ്രിറ്റികൾ ഇപ്പോൾ തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുന്നിൽ നടക്കുന്ന പി.എസ്.സി റാങ്ക് ഹോൾഡേഴ്സിന്റെ സമരത്തിനും പിന്നിൽ അണിനിരക്കുന്നു. എന്നാൽ, ഇതിനിടെ സമരവുമായി ബന്ധപ്പെട്ട് പലതരം ആരോപണങ്ങളും വ്യാജ പ്രചാരണങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമാകുന്നുണ്ട്.
സമരത്തിന്റെ യഥാർത്ഥ ആവശ്യം എന്ത്?
എൽ.പി.എസ്.ടി (LPST) റാങ്ക് ഹോൾഡേഴ്സ് കഴിഞ്ഞ 29 ദിവസമായി സെക്രട്ടറിയേറ്റിനു മുന്നിൽ അനിശ്ചിതകാല സമരം നടത്തുകയാണ്. അഞ്ച് ദിവസമായി നിരാഹാര സമരവും തുടരുന്നു. 2025 മേയ് 31-ന് പിഎസ്സി പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ നിന്ന് ഉടൻ നിയമനം നൽകണമെന്നും ഒഴിവുകളുടെ കൃത്യമായ റിപ്പോർട്ടിംഗ് വേണമെന്നുമാണ് അവരുടെ പ്രധാന ആവശ്യം.
എന്നാൽ, ഏറ്റവും പ്രധാനപ്പെട്ട ആവശ്യം സർക്കാർ സ്കൂളുകളിലെ വിദ്യാർത്ഥി-അധ്യാപക അനുപാതം (30:1) കുറയ്ക്കണമെന്നതാണ്. നിലവിലെ 30:1 എന്ന അനുപാതം 25:1 ആക്കി മാറ്റണമെന്നാണ് സമരക്കാർ ആവശ്യപ്പെടുന്നത്. ഇത് കാരണം പല ജില്ലകളിലും ഒന്നാം റാങ്ക് നേടിയവർക്ക് പോലും നിയമനം ലഭിക്കുന്നില്ല എന്നതാണ് അവർ ഉന്നയിക്കുന്ന പ്രശ്നം.
പി.എസ്.സിക്കെതിരായ ആരോപണങ്ങൾ: വസ്തുത എന്ത്?
സമരവുമായി ബന്ധപ്പെട്ട് “പി.എസ്.സി പരീക്ഷ തട്ടിപ്പാണ്, അട്ടിമറി നടന്നു” എന്ന തരത്തിലുള്ള പ്രചാരണങ്ങൾ പല ഇൻസ്റ്റാഗ്രാം പേജുകളിലും വ്യാപകമാണ്. എന്നാൽ ഇത് പൂർണ്ണമായും തെറ്റിദ്ധരിപ്പിക്കുന്നതാണ്.
പി.എസ്.സി പരീക്ഷ കൃത്യമായി നടത്തുകയും റാങ്ക് ലിസ്റ്റ് വ്യവസ്ഥാപിതമായി പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. സമരം ചെയ്യുന്നവർ റാങ്ക് ലിസ്റ്റിനെതിരെ യാതൊരു ആക്ഷേപവും ഉന്നയിച്ചിട്ടില്ല. അവരുടെ സമരം സർക്കാരിന്റെ നയപരമായ തീരുമാനത്തിനെതിരെയാണ് – അതായത് വിദ്യാർത്ഥി-അധ്യാപക അനുപാതം മാറ്റണം എന്ന ആവശ്യവുമായി.
അതായത്, പി.എസ്.സിക്കെതിരെയുള്ള ആരോപണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ല. ഇത്തരം പ്രചാരണങ്ങൾ കേരളത്തിൽ ഏറ്റവും കുറ്റമറ്റ രീതിയിൽ പ്രവർത്തിക്കുന്ന പി.എസ്.സിയുടെ വിശ്വാസ്യതയെയാണ് ഇല്ലാതാക്കുന്നത്.
സെലിബ്രിറ്റികളുടെ പിന്തുണയും വിമർശനങ്ങളും
ടോവിനോ തോമസ്, നസ്ലൻ, ചന്ദു സലിം കുമാർ, വിജീഷ് വിജയൻ, രൻജിനി ഹരിദാസ് തുടങ്ങിയ സിനിമ-ടെലിവിഷൻ താരങ്ങൾ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ജന്തർ മന്ദറിലെ വിദ്യാർത്ഥി സമരത്തെ അനുകൂലിച്ചിരുന്ന ഇവർ, പി.എസ്.സി സമരത്തോട് മൗനം പാലിച്ചത് ‘സെലക്ടീവ് ആക്ടിവിസ’മാണെന്ന വിമർശനം നേരിടേണ്ടി വന്നിരുന്നു.
“ഇത് നീറ്റ് Vs കേരള പി.എസ്.സി അല്ല. ഇത് നീറ്റും കേരള പി.എസ്.സിയും ആണ്. ഇത് നീതിപൂർവ്വവും സുതാര്യവും ഉത്തരവാദിത്തം ഉള്ളതുമായ ഒരു സംവിധാനം അർഹിക്കുന്ന ഓരോ വിദ്യാർഥിയെ സംബന്ധിച്ചും ഉള്ള കാര്യമാണ്. പരീക്ഷ നടത്തിയത് കേന്ദ്രമായാലും സംസ്ഥാനമായാലും ഓരോ വിദ്യാർഥിയും നീതി അർഹിക്കുന്നു. വന്ദേ മാതരം”, സിനിമ താരം വിജീഷ് ഇൻസ്റ്റഗ്രാമിൽ കുറിച്ചത് ഇങ്ങനെയാണ്. എന്നാൽ ഈ വിഷയത്തിൽ PSC ക്ക് യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ല എന്നത് വസ്തുതയാണ്. ഈ പ്രശ്നത്തിൽ പി.എസ്.സി റാങ്ക് ഹോൾഡേഴ്‌സും സർക്കാരുമാണ് ഉള്ളത് , പി.എസ്.സി കൃത്യമായി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതോടെ പി.എസ്.സിക്ക് വീഴ്ച ഉണ്ടെന്നു പറയാൻ കഴിയില്ല
അധ്യാപക-വിദ്യാർത്ഥി അനുപാതം കുറയ്ക്കുന്നത് സംസ്ഥാനത്തിന് വൻ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നും അത് എയ്ഡഡ് സ്കൂളുകളിലും ബാധകമാകുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കിയിട്ടുണ്ട്.
വസ്തുതാ പരിശോധന
ആരോപണം: പി.എസ്.സി പരീക്ഷ തട്ടിപ്പ് നടന്നു, അതിനെതിരെയാണ് സമരം.
വസ്തുത: തെറ്റ്. പി.എസ്.സിക്കെതിരെ സമരക്കാർ യാതൊരു ആരോപണവും ഉന്നയിച്ചിട്ടില്ല. പി.എസ്.സി റാങ്ക് ലിസ്റ്റ് കൃത്യമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. സമരം സംസ്ഥാന സർക്കാരിന്റെ വിദ്യാർത്ഥി-അധ്യാപക അനുപാത നയത്തിനെതിരെയാണ്. പി.എസ്.സിയെ വലിച്ചിഴക്കുന്നത് സമരത്തിന്റെ യഥാർത്ഥ ലക്ഷ്യം തെറ്റിക്കാനുള്ള ശ്രമമാണ്.
സമരത്തിന് പിന്തുണ പ്രഖ്യാപിക്കുന്നവർ പി.എസ്.സിക്കെതിരെയല്ല, മറിച്ച് നയപരമായ തീരുമാനം എടുക്കാത്ത സർക്കാരിനെതിരെയാണ് സമരം ചെയ്യേണ്ടത്. ഇക്കാര്യം എല്ലാ മലയാളിയും മനസിലാക്കേണ്ടത് വളരെ പ്രധാനമാണ്.