Explained

ബംഗാൾ തിരഞ്ഞെടുപ്പ്: ബിജെപിയുടെ ലക്ഷ്യവും യാഥാർഥ്യവും

ബംഗാൾ തിരഞ്ഞെടുപ്പ്: ബിജെപിയുടെ ലക്ഷ്യവും യാഥാർഥ്യവും

കൊൽക്കത്ത: 34 വർഷത്തോളം ഇടതുസർക്കാർ ഭരിച്ച വെസ്റ്റ് ബംഗാൾ എന്ന സംസ്ഥാനം, ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ ഒരു അടിസ്ഥാനവും ഇല്ലാതെ ഇരുന്നിട്ടും ബിജെപിയുടെ ഭാവി സ്വപ്നങ്ങളിൽ ഒന്നാണ്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തങ്ങളുടെ വോട്ട് വിഹിതം കൂട്ടാനാണ് ബംഗാളിലെയും കേന്ദ്രത്തിലെയും ബിജെപി നേതൃത്വത്തിന്റെ കരുനീക്കം. എന്നാൽ എന്തുകൊണ്ട് ബിജെപിയുടെ പ്രവർത്തനങ്ങൾ ബംഗാളിൽ ശിഥിലമായി പോകുന്നെവെന്നറിയാം….

1952ൽ ബംഗാൾ ആദ്യ തിരഞ്ഞെടുപ്പ് നേരിട്ടപ്പോൾ, വളരെ കുറഞ്ഞ ശതമാനം വോട്ടുകൾ മാത്രമേ ബിജെപിയുടെ മുൻഗാമിയായ ഭാരതീയ ജന സംഘ് പാർട്ടിക്ക് നേടാനായുള്ളൂ. ബംഗാളിന്റെ അടിസ്ഥാന പ്രശ്നങ്ങൾ ചർച്ച ചെയ്യാതിരിക്കുകയും ശ്യാമ പ്രസാദ് മുഖർജി രാജി വെക്കുകയും ചെയ്തതോടെ നേതൃത്വം ഏറ്റെടുക്കാൻ ആരുമില്ലാതായ ജന സംഘ് പാർട്ടിയുടെ കരുത്ത് കുറഞ്ഞു. തൊഴിലാളി പ്രശ്നങ്ങൾ ചർച്ച ചെയ്ത് കൂടെ നിന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അതിരില്ലാത്ത വളർച്ചയും ബംഗാളിൽ വലതുപക്ഷ രാഷ്ട്രീയത്തിന്റെ ശക്തി കുറച്ചു.

വലതുപക്ഷ ചിന്തകൾ വളർത്താനുള്ള പാഴ്ശ്രമം

പിന്നീടുള്ള കാലങ്ങളിൽ പതിയെ പതിയെ കൊൽക്കത്തയുടെ മണ്ണിൽ കാലുറപ്പിക്കാൻ ശ്രമിച്ച ബിജെപി, പക്ഷെ തിരഞ്ഞെടുത്ത മാർഗങ്ങൾ വളരെ ദുർബലമായിരുന്നു. പ്രത്യയശാസ്ത്രപരമായി ബംഗാളികൾക്ക് തീവ്ര വലതുപക്ഷ ചിന്ത വിരളമാണ്. ദുർബലമായ സംഘടനാ ശക്തിയും കുറഞ്ഞ വോട്ട് ബാങ്കും മാത്രം കൈമുതലായ ബംഗാളിലെ ബിജെപി, വോട്ട് പിടിക്കാൻ ശ്രമിക്കുന്നത് ബംഗ്ലാദേശി അഭയാർഥികളെ കരുവാക്കിയാണ്. ഇതിനിടയിൽ ചർച്ചയാക്കാൻ മറക്കുന്നത് അഴിമതി ഭരണവും തൊഴിലില്ലായ്മയും സർക്കാരിന്റെ കെടുകാര്യസ്ഥതയുമാണ്. മുസ്ലിം ജനസംഖ്യ ഒപ്പത്തിനൊപ്പം നിക്കുന്ന സംസ്ഥാനത്ത് ഹിന്ദുത്വ ചിന്തകൾ എങ്ങനെ അവതരിപ്പിക്കണം എന്നതിൽ നേതൃത്വത്തിന് ഇനിയും വ്യക്തതയില്ല.

പ്രചാരണ തന്ത്രമായി മോദിയെ ഉയർത്തികാണിക്കുന്നു

സംസ്ഥാനത്ത് കാര്യമായ നേതൃനിര ഇല്ലാത്തതിനാൽ കേന്ദ്ര നേതാക്കളായ മോദി, അമിത് ഷാ, യോഗി ആദിത്യ നാഥ് എന്നിവരെ എടുത്തുകാണിച്ച് വോട്ട് പിടിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്. കേന്ദ്ര പദ്ധതികൾ ‘മാർക്കറ്റ്’ ചെയ്യുന്നതിലും ഇവർ പരാജയപ്പെടുന്നു. പ്രവർത്തി പരിചയമുള്ള നേതാക്കളോ യുവാക്കളെ ആകർഷിക്കാനായി പറയത്തക്ക യുവ നേതാക്കളോ ബംഗാളിൽ ബിജെപിക്കില്ല.

ശക്തരായൊരു കേന്ദ്ര പാർട്ടി എന്ന ‘ലേബൽ’ ഉണ്ടാക്കിയപ്പോൾ ബംഗാളികൾക്ക് തങ്ങളോട് ചേർന്ന് നിക്കുന്ന പാർട്ടിയായി ബിജെപിയെ കാണാൻ ഇതുവരെ സാധിച്ചിട്ടില്ല. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഇനിയൊരു പരാജയം ബിജെപിയുടെ തട്ടകം തകർക്കുമോ എന്ന് കണ്ടറിയാം…

Share Email
Top