Fact Check: ‘ഇഎംഎസിന്റെ മകളെ തിരിഞ്ഞുനോക്കാത്ത പാർട്ടി’; എന്താണ് വസ്തുത? കുപ്രചരണം നടത്തുന്നത് ആര്?

Fact Check: കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയും സിപിഎം നേതാവുമായിരുന്ന ഇഎംഎസിന്റെ മകളുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചരണം അടിസ്ഥാനരഹിതം. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇഎംഎസിന്റെ മകൾ ഇ.എം.രാധയെ സിപിഎം തിരിഞ്ഞുനോക്കുന്നില്ല എന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളിൽ ഇടത് വിരുദ്ധർ നടത്തുന്ന കുപ്രചരണം.
കുപ്രചരണം തുടങ്ങിയത് ആര്?
ഫെയ്സ്ബുക്കിൽ റിഷി കമൽ മനോജ് എന്ന വ്യക്തിയാണ് അടിസ്ഥാനരഹിതമായ ഈ പ്രചരണത്തിന് തുടക്കമിട്ടത്. ഇ.എം.രാധ കടുത്ത രോഗാവസ്ഥയിൽ തിരുവനന്തപുരത്തെ ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിലാണെന്നും സിപിഎമ്മിന്റെ ഭാഗത്തുനിന്ന് കാര്യമായ കരുതലൊന്നും ലഭിക്കുന്നില്ലെന്ന് അവരുടെ കുടുംബവുമായി അടുപ്പമുള്ള വ്യക്തി തന്നോട് പറഞ്ഞെന്നുമാണ് ഫെയ്സ്ബുക്ക് പോസ്റ്റ്.

ഇത് തികച്ചും വസ്തുതാവിരുദ്ധമാണ്. പോസ്റ്റിട്ട വ്യക്തി മുതിർന്ന മാധ്യമപ്രവർത്തകൻ കൂടിയാണ്. നേരത്തെയും ഇടതുപക്ഷത്തിനെതിരായ കുപ്രചരണങ്ങൾ ഈ അക്കൗണ്ടിൽ നിന്ന് ഉണ്ടായിട്ടുണ്ട്.
യാഥാർഥ്യം
അതേസമയം ഇഎംഎസിന്റെ മകളെ പാർട്ടി തിരിഞ്ഞുനോക്കുന്നില്ല എന്ന തരത്തിൽ നടക്കുന്ന പ്രചരണങ്ങളെ ഇ.എം.രാധയുടെ കുടുംബം പൂർണമായി തള്ളി. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇഎംഎസിന്റെ മകൾ ഇ.എം.രാധയെ പാർട്ടി തിരിഞ്ഞുനോക്കുന്നില്ലെന്നാണ് ചിലർ വ്യാപകമായി പ്രചരിപ്പിക്കുന്നത്. എന്നാൽ ഇത് കല്ലുവെച്ച നുണയാണെന്നും കണ്ണിലെ കൃഷ്ണമണി പോലെയാണ് പാർട്ടി ഇഎംഎസിന്റെ മകളെ സംരക്ഷിക്കുന്നതെന്നും ഇ.എം.രാധയുടെ ഭർത്താവ് ഗുപ്തൻ സി.കെ. ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കി.
ഗുപ്തൻ സി.കെയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് പൂർണരൂപം
തിരുവനന്തപുരത്ത് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇഎംഎസ്സിൻറെ മകളും എന്റെ ഭാര്യയുമായ ഇഎം രാധയെ പാർടി തിരിഞ്ഞുനോക്കുന്നില്ലെന്ന് സോഷ്യൽ മീഡിയയിലൂടെ ചിലർ നടത്തുന്ന പ്രചരണം കല്ലുവെച്ച നുണയാണ്. പാർടി കണ്ണിലെ കൃഷ്ണമണി പോലെയാണ് രാധയെ സംരക്ഷിക്കുന്നത്.
ചികിത്സാ സംബന്ധമായ ആശുപത്രിയിൽ നിന്നുമുള്ള ബില്ലുകൾ മുഴുവൻ അടയ്ക്കുന്നത് എ. കെ. ജി സെന്ററിൽ നിന്നുമാണ്. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ അടക്കമുള്ള നേതാക്കൾ ആശുപത്രിയിൽ നിരവധി തവണ സന്ദർശിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വസ്തുത ഇതായിരിക്കെ ഇ.എംഎസ്സിന്റെ കുടുംബത്തെ അപമാനിക്കുംവിധമുള്ള പ്രചാരവേലയിൽ ആരും കുടുങ്ങിപോകരുതെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.