
കഴിഞ്ഞ ദിവസം ഡൽഹിയിലെ സത്യനികേതനിൽ ആൺകുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണു വിദ്യാർഥികൾ മരിച്ച സംഭവത്തിന്റെ ഒരുപാട് വിഡിയോകൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സത്യനികേതനിലെ നടുക്കുന്ന ദൃശ്യങ്ങൾ എന്ന ക്യാപ്ഷ്യനിൽ വരുന്ന വിഡിയോകളും ഒപ്പം വിദ്യാർഥികൾ അകത്ത് കുടുങ്ങി കിടക്കുന്നു എന്നടക്കം വാർത്തകൾ പ്രചാരത്തിലുണ്ട്. എന്നാൽ ഇതിൽ ചില വിഡിയോകൾ സത്യനികേതനിലെ അല്ല.
കെട്ടിടം പൊളിയുന്നു മറ്റു വിഡിയോകൾ
2017 ൽ ജസോലയിലെ കെട്ടിടം പൊളിക്കുന്ന വീഡിയോ, സത്യനികേതനിൽ തകർന്നു വീണ കെട്ടിടത്തിന്റെ വീഡിയോ എന്ന നിലയിൽ പ്രചരിക്കുന്നുണ്ട്. ‘നളന്ദ ഇൻഡക്സ്’ എന്ന എക്സ് അക്കൗണ്ടിൽ നിന്നാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോ തെറ്റാണെന്നു മനസിലായപ്പോൾ ഈ പോസ്റ്റ് ഇവർ റിമൂവ് ചെയുകയും ചെയ്തു.

മൊറാദാബാദിൽ കെട്ടിടം തകർന്നു വീണ ഒരു വീഡിയോ സത്യനികേതനിലെ വീഡിയോ ആണെന്ന തരത്തിൽ പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയിലെ സംഭവം നടന്നതും സത്യനികേതനിലെ അപകടത്തിന് ഒരു ദിവസം മുൻപാണ്. ഒരുപാട് വിദ്യാർഥികൾ കെട്ടിടത്തിനുള്ളിൽ കുടുങ്ങി കിടക്കുന്നുണ്ട് എന്നും ക്യാപ്ഷ്യനിൽ പറയുന്നു. ‘ഗുവാഹത്തി ടൈംസ്’ എന്ന എക്സ് അക്കൗണ്ടിലാണ് ഈ വീഡിയോ വന്നത്. വീഡിയോ തെറ്റാണെന്നു മനസിലായപ്പോൾ ഈ പോസ്റ്റ് ഇവർ റിമൂവ് ചെയുകയും ചെയ്തു.

സത്യനികേതനിൽ എന്താണ് ശരിക്കും സംഭവിച്ചത്?
ഡൽഹി സർവ്വകലാശാലയുടെ സൗത്ത് ക്യാമ്പസിന് സമീപമുള്ള സത്യനികേതനിൽ വിദ്യാർത്ഥികൾ താമസിച്ചിരുന്ന അഞ്ചുനില പേയിംഗ് ഗസ്റ്റ് (PG) കെട്ടിടം തകർന്നു വീണ് അപകടമുണ്ടായി. അനധികൃത നിർമ്മാണ പ്രവർത്തനങ്ങളും ബേസ്മെന്റിലെ നവീകരണ പ്രവൃത്തികളുമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താൻ ദേശീയ ദുരന്തനിവാരണ സേനയും (NDRF) അഗ്നിശമന സേനയും ചേർന്ന് വൻ രക്ഷാപ്രവർത്തനം നടത്തി. ഏഴ് വിദ്യാർഥികളാണ് മരണപ്പെട്ടത്. പരിക്കേറ്റവരെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.