‘സഖാവ് പൊലീസ് പിടിയിൽ’; നുണപ്രചരണവുമായി ലീഗ് മുഖപത്രം ‘ചന്ദ്രിക’

സംസ്ഥാന കായികമേളയുമായി ബന്ധപ്പെട്ട് നുണപ്രചരണവുമായി മുസ്ലിം ലീഗ് മുഖപത്രം ‘ചന്ദ്രിക’. കോഴിക്കോട് നടക്കുന്ന കലോത്സവത്തിലെ ഭക്ഷണത്തിൽ നിന്ന് പുഴുവിനെ കിട്ടിയതായി നേരത്തെ ആരോപണം ഉയർന്നിരുന്നു. മത്സരാർഥികൾക്കൊപ്പം ഭക്ഷണം കഴിക്കുകയായിരുന്ന ഒരു അധ്യാപകൻ തന്നെയാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്. എന്നാൽ ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ കായികാധ്യാപകൻ ഇടത് അനുകൂലിയാണെന്ന തരത്തിൽ ‘ചന്ദ്രിക’ വ്യാജ വാർത്ത പ്രചരിപ്പിച്ചു.
ചന്ദ്രികയിൽ വന്ന കാർഡ്

‘ചന്ദ്രിക ഡെയ്‌ലി’ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് സിപിഎമ്മിനെതിരായ നുണപ്രചരണം. ‘നാല് മണിക്കൂർ തിളച്ച സാമ്പാറിൽ ജീവനുള്ള പുഴു, കായികോത്സവം കലക്കാനൊരുങ്ങിയ സഖാവ് പൊലീസ് പിടിയിൽ’ എന്നാണ് ഈ കാർഡിലെ ഉള്ളടക്കം. എന്നാൽ ഇത് തികച്ചും വസ്തുതാവിരുദ്ധവും നുണയുമാണ്.
യാഥാർഥ്യം
പെരുമ്പാവൂർ വെങ്ങോല ശാലോം വി.എച്ച്.എസ്.എസിലെ കായികാധ്യാപകൻ ജിജോ ജെയിംസിനെയാണ് സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്ക് സിപിഎമ്മുമായോ ഇടത് പാർട്ടികളുമായോ യാതൊരു ബന്ധവുമില്ല. മാത്രമല്ല ജിജോ ജെയിംസ് സജീവ കോൺഗ്രസ് പ്രവർത്തകൻ കൂടിയാണ്. വേങ്ങൂർ പഞ്ചായത്തിൽ രണ്ടാം വാർഡിൽ യുഡിഎഫ് സ്ഥാനാർഥിയായി കൈപ്പത്തി ചിഹ്നത്തിൽ ഇയാൾ മത്സരിച്ചിട്ടുമുണ്ട്.

ഇന്നലെ രാവിലെയായിരുന്നു കായികമേളയ്ക്കിടെ വിളമ്പിയ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയത്. അനാവശ്യ വിവാദമുണ്ടാക്കുന്നുവെന്ന് ഫുഡ്കമ്മിറ്റി കൺവീനർ പരാതി നൽകിയതോടെ കായികാധ്യാപകനെ കുന്നമംഗലം പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് ഇന്ന് രാവിലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ജിജോ ജെയിംസ് പാറക്കൽ എന്ന ഇയാളുടെ ഫെയ്സ്ബുക്ക് അക്കൗണ്ടിൽ കോൺഗ്രസ് അനുകൂല പോസ്റ്റുകൾ കാണാം. ഷാഫി പറമ്പിൽ എംപിയുടെ അടക്കം പോസ്റ്റുകൾ ഇയാൾ തന്റെ പ്രൊഫൈലിൽ ഷെയർ ചെയ്തിട്ടുമുണ്ട്.
മത്സരാർഥികൾ പറയുന്നു
ഭക്ഷണത്തിൽ നിന്ന് പുഴുവിനെ കിട്ടിയ കാര്യം സത്യമാണെന്ന് മത്സരാർഥികൾ പറയുന്നു. കായികാധ്യാപകൻ ജിജോയ്‌ക്കൊപ്പം ഭക്ഷണം കഴിക്കുന്നതിനിടെയാണ് ഭക്ഷണത്തിൽ നിന്ന് പുഴുവിനെ കിട്ടിയത്. ഉടനെ സംഘാടകർ വന്ന് പാത്രത്തിൽ നിന്ന് പുഴുവിനെ എടുത്തുകൊണ്ടുപോയി. തങ്ങളാണ് പുഴുവിനെ കൊണ്ടിട്ടതെന്ന് പോലും സംഘാടകർ പറഞ്ഞെന്നും കുട്ടികൾ വെളിപ്പെടുത്തുന്നു.