ഭാരിച്ച ബാധ്യതയാകുന്ന ഈ വൈദ്യുതി കരാറുകൾ നമുക്ക് ആവശ്യമോ? സതീശൻ സർക്കാരിന്റെ വീഴ്ച !

AP Ragind / ragindap001@gmail.com
ദിവസങ്ങളുടെ ഇടവേളയ്ക്ക് ശേഷം നമ്മൾ വീണ്ടും വൈദ്യുദി ക്ഷാമത്തെ കുറിച്ചും പവർകട്ടിനെക്കുറിച്ചുമെല്ലാം ചർച്ച ചെയ്യുകയാണ്. പക്ഷെ ഇപ്പോഴത്തെ ചർച്ച വൈദ്യുതി ക്ഷാമത്തെ കുറിച്ച് മാത്രമല്ല. ഇതിന്റെ പേരിൽ സംസ്ഥാനം ഏർപ്പെട്ട കരാറിൽ നിലനിൽക്കുന്ന വ്യക്തത കുറവിനെ കുറിച്ച് കൂടിയാണ്. ലഭ്യമായ വിവരങ്ങൾ അനുസരിച്ച് രണ്ട് കരാറുകളെയും വിശകലനം ചെയ്യുന്നു.
പുതിയ സർക്കാർ അധികാരത്തിലെത്തിയതിന്റെ ആദ്യത്തെ ആഴ്ച തന്നെ സംസ്ഥാനത്ത് സർക്കാർ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി. മുൻ സർക്കാറിന്റെ കാലത്ത് 450 മെഗാവാട്ട് വൈദ്യുതി ലഭിക്കുന്ന വൈദ്യുതി കരാർ സർക്കാർ റദ്ദാക്കിയതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നായിരുന്നു അന്ന് സർക്കാർ വാദം.
എന്നാൽ കരാർ റദ്ദ് ചെയ്തത് യുഡിഎഫ് അധികാരത്തിലിരിക്കുമ്പോൾ മുതൽ തുടരുന്ന റെഗുലേറ്ററി കമ്മീഷനാണെന്നും എന്നിട്ടും സംസ്ഥാന താൽപര്യം മുൻനിർത്തി കരാർ തുടരാൻ എൽഡിഎഫ് പ്രത്യേക അധികാരമുപയോഗിച്ച് നയപരമായ തീരുമാനം കൈക്കൊള്ളുകയാണുണ്ടായതെന്നും വാർത്തകൾ പുറത്തുവന്നു. ഇതിനെതിരെ വൈദ്യുതി വിതരണ കമ്പനികൾ കോടതിയിൽ പോയി. പ്രസ്തുക കരാർ നിലവിൽ കോടതി നടപടികളിലാണ്.
അതിന് മുന്നെ തന്നെ എൽഡിഎഫ് സർക്കാർ വിവിധ ദീർഘകാല-ഹ്രസ്വകാല കരാറുകളിലൂടെ 2122 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കിയിട്ടുണ്ട്. റദ്ദായിപ്പോയ കരാറിനെ പറ്റി പറയുമ്പോൾ ഈ കാലയളവിൽ സർക്കാർ വിവിധ കരാറുകളിലൂടെ ലഭ്യമാക്കിയ വൈദ്യുതിയുടെ കണക്ക് മനപ്പൂർവ്വം മറച്ചുവയ്ക്കുന്നത് ശരിയല്ല.
പവർകട്ടും ലോഡ് ഷെഡ്ഡിംഗും ഇല്ലാതിരുന്നൊരു സംസ്ഥാനം യുഡിഎഫ് അധികാരത്തിലേറി ഒരാഴ്ചയ്ക്കകം വൈദ്യുതി പ്രതിസന്ധിയുള്ള സംസ്ഥാനമായതെങ്ങനെ ?

സംസ്ഥാനത്തിന് പീക്ക് ടൈമിൽ ഉൾപ്പെടെ ആവശ്യമുള്ള വൈദ്യുതി സ്റ്റോർ ചെയ്യാൻ മതിയായ സൗകര്യങ്ങളില്ലെന്നിരിക്കെ ഓപ്പൺ മാർക്കറ്റിൽ കൃത്യസമയത്ത് ഇടപെട്ടും പുതിയ കരാറുകൾ ഉണ്ടാക്കിയും സംസ്ഥാനത്തിന് ആവശ്യമായ വൈദ്യുതി ലഭ്യമാക്കേണ്ടത് വൈദ്യുതി ബോർഡാണ് ഇതിന് നയപരമായ തീരുമാനം നൽകേണ്ടത് വകുപ്പ് മന്ത്രിയും. ദൈനംദിനം ഇടപെടലും ശ്രദ്ധയും വേണ്ട മേഖലയാണ് ഇത്.
യുഡിഎഫ് സർക്കാർ അധികാരത്തിലേറിയ ശേഷം വകുപ്പുകളിൽ ഉന്നത ഉദ്യോഗസ്ഥരെ നിയമിക്കുന്നതിലും, മന്ത്രി ഓഫീസുകളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ നിയമിക്കുന്നതിലുമുണ്ടായ കാലതാമസം ഇത്തരം തീരുമാനങ്ങൾ സമയബന്ധിതമായി കൈക്കൊള്ളുന്നതിൽ വീഴ്ചയുണ്ടാക്കി. വൈദ്യുത മന്ത്രിയുമായി ബന്ധപ്പെട്ട ബന്ധു നിയമനം ഉൾപ്പെടെയുള്ള വിവാദങ്ങളും കെപിസിസി പ്രസിഡണ്ടെന്ന അധിക ചുമതലയും വകുപ്പിനെ പൂർണ തോതിൽ ശ്രദ്ധിക്കുന്നതിന് സണ്ണി ജോസഫിന് തടസമായെന്ന് വേണം മനസിലാക്കാൻ
അങ്ങനെ ഉത്തരവാദിത്വപ്പെട്ടവരുടെ അവഗണനകൊണ്ട് കേരളം 10 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരു മാസം സന്ധ്യാ നേരം മുതൽ ഇരുട്ടിൽ കഴിയേണ്ടിവന്നു. അന്ന് മുൻ മന്ത്രി എംഎം മണിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. ഈ വൈദ്യുതി പ്രതിസന്ധി അവർ മനപ്പൂർവ്വം ഉണ്ടാക്കിയതാണ് ഇതിന്റെ മറവിൽ കൊള്ള നിരക്കിൽ കരാറുകളുണ്ടാക്കി കമ്മീഷൻ അടിക്കുകയാണ് ലക്ഷ്യം.
ജിഎൻഎ ഹിമാചൽ കരാറുകളെ ലഭ്യമായ വിവരങ്ങൾ വച്ച പരിശോധിക്കാം
ഹിമാചൽ സർക്കാർ കേരളത്തിന് വൈദ്യുതി തരാമെന്ന് തീരുമാനിക്കുന്നത് കെസി വേണുഗോപാൽ നടത്തിയ പ്രത്യേക ഇടപെടലിന്റെ ഭാഗമായിട്ടാണെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്. ജിഎൻഎയുമായുള്ള കരാർ വൈദ്യുതി മന്ത്രിയും ബോർഡ് ചെയർമാനും മന്ത്രിസഭയും പോലുമറിയാതെ മുഖ്യമന്ത്രി നേരിട്ട് തീരുമാനമെടുത്തതാണെന്നും കരാറിന്റെ പൂർണ ഉത്തരവാദിത്വം തനിക്കാണെന്നും പത്രസമ്മേളനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
യുഡിഎഫ് സർക്കാർ അധികാരത്തിലേറി ആദ്യമാസം തന്നെ സർക്കാറിന്റെ ഇമേജ് തന്നെ തകർക്കുന്ന തരത്തിൽ വൈദ്യുത പ്രതിസന്ധി ഉണ്ടായ സമയത്ത് കെസി വേണുഗോപാലിന് മുന്നിലും, മുഖ്യമന്ത്രിക്ക് മുന്നിലും ഇങ്ങനെ ഒരു ഓഫർ ഇല്ലാതിരുന്നത് എന്തുകൊണ്ടെന്ന ചോദ്യത്തിനും സർക്കാറിന് ഇതുവരെ ഉത്തരം നൽകാൻ കഴിഞ്ഞിട്ടില്ല. നിലവിൽ പൊതു മാർക്കറ്റിൽ കുറഞ്ഞ നിരക്കിൽ പീക്ക് ടൈമിലും അല്ലാതെയും വൈദ്യുതി ആവശ്യത്തിന് ലഭ്യമാണ്. നിലവിൽ പൊതുമാർക്കറ്റിൽ ലഭ്യമായ വിലയെക്കാൾ വലിയ വിലയിലാണ് രണ്ട് കരാറുകളും കേരളത്തിന് വൈദ്യുതി ഓഫർ ചെയ്യുന്നത് എന്നിരിക്കെ രാജ്യത്തും കേരളത്തിലും വൈദ്യുതി പ്രതിസന്ധി ഇല്ലാത്ത സമയത്ത് അത്തരത്തിൽ രണ്ട് കരാറുകൾ നേതാക്കൾ വഴി കേരളത്തിലേക്കെത്തുന്നതും എന്തുകൊണ്ടെന്ന ഭരണപക്ഷം വിശദീകരിച്ചിട്ടില്ല.
കേരളം സ്വന്തമായി ഉണ്ടാക്കുന്ന വൈദ്യുതിയുടെ മഹാഭൂരിഭാഗം ജലവൈദ്യുതിയാണ്. നിലവിലെ സാധ്യതയനുസരിച്ച് മെയ്ന്റനൻസിനായി അടച്ചിട്ട ഉൽപാദന നിലയങ്ങൾ മാറ്റി നിർത്തിയാൽ പോലും 1800-1900 മെഗാവാട്ട് വൈദ്യുതി കേരളത്തിന് സ്വന്തമായി ഉൽപാദിപ്പിക്കാം പക്ഷെ ലഭ്യമായ കണക്കുകൾ പ്രകാരം കഴിഞ്ഞ മാസം നമ്മൾ ഉൽപാദിപ്പിച്ചത് 800 മെഗാവാട്ട് മാത്രമാണ്. 1000 മെഗാവാട്ട് ഉൽപാദനം വേണ്ടെന്നുവച്ചത് എന്തിനാണ് എന്ന ചോദ്യം സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തിലേറിയ ശേഷം കൃത്രിമ വൈദ്യുത ക്ഷാമമുണ്ടാക്കുകയാണെന്ന ആരോപണത്തെ ശക്തിപ്പെടുത്തുന്നതാണ്. അറ്റകുറ്റ പണികൾക്ക് അടച്ചിട്ട നിലയങ്ങൾപോലും നിർദേശ പ്രകാരം തുറന്ന് പ്രവർത്തിപ്പിച്ചുവെന്ന് പറയുന്ന മുഖ്യമന്ത്രി പക്ഷെ ഉൽപാദനത്തിലെ ഈ ഭീമമായ കുറവിനെ ഇതുവരെ അഡ്രസ് ചെയ്തിട്ടില്ല. ഇങ്ങനെ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയുണ്ടെന്ന് പൊതുബോധമുണ്ടാക്കിയ ശേഷമാണ് ഈ രണ്ട് കരാറുകളും വരുന്നത്.
ഇനി വൈദ്യുതി വിതരണത്തിൽ എന്താണ് ജിഎൻഎയുടെ റോൾ ?
രാജ്യത്ത് വൈദ്യുതി ഉൽപാദിപ്പിക്കുന്ന ഒരു ഉൽപാദകന് തന്റെ വിൽപനക്കാരനെ കണ്ടെത്താനുള്ള ഒരു പ്ലാറ്റ്ഫോമാണ് ജിഎൻഎ, അതുപോലെ തന്നെ നമുക്ക് വൈദ്യുതി ആവശ്യമുണ്ട് ഉൽപാദകരെ നേരിട്ട് അറിയില്ലെങ്കിൽ ഈ പ്ലാറ്റ്ഫോമിൽ കയറി അവിടെ ഉൽപാദകർ ലിസ്റ്റ് ചെയ്തിരിക്കുന്ന വിലയ്ക്ക് ടെന്റർ ഉറപ്പിച്ച് വൈദ്യുതി വാങ്ങാവുന്ന ഒരു സൈറ്റ്. അതിന്റെ കമ്മീഷൻ ജിഎൻഎ കൈപ്പറ്റുന്നു. ഇവിടെ എന്താണ് ഉണ്ടായത്. കേരളത്തിന് ആവശ്യമായതിൽ ഒരു നിശ്ചിത അളവ് വൈദ്യുതി ജിഎൻഎ നൽകാമെന്ന് അവർ സർക്കാറിന് കത്ത് നൽകുന്നു. ഇതിനുള്ള ലൈസൻസ് നിലവിൽ ജിഎൻഎയ്ക്ക് ഇല്ല അതിന് ലൈസൻസുള്ള കമ്പനികൾ ഇന്ത്യയിലുണ്ട് അതിൽ ഒന്നാണ് പിടിസി / പവർ ട്രേഡിംഗ് കോർപറേഷൻ (നിശ്ചിത നിബന്ധനകളുടെ അടിസ്ഥാനത്തിലാണ് ഈ ലൈസൻസ് കേന്ദ്ര സർക്കാർ നൽകുന്നത് ഈ ലൈസൻസ് ഇല്ലാത്ത കമ്പനിയാണ് ജിഎൻഎ) സർക്കാർ 6 തവണ ടെന്റർ വിളിച്ചിട്ടും ആരും വരാതിരുന്നപ്പോഴാണ് ജിഎൻഎയുടെ ഈ ഓഫർ സ്വീകരിച്ചതെന്നാണ് സർക്കാർ വാദം. അങ്ങനെയാണെങ്കിൽ തന്നെ ജിഎൻഎ താൽപര്യം അറിയിച്ച സ്ഥിതിക്ക് ഒരു ടെന്റർ വിളിച്ച് സർക്കാറിന് എഗ്രിമെന്റിലേക്ക് പോകാമല്ലോ
അങ്ങനെ ചെയ്താൽ ജിഎൻഎ ആരിൽ നിന്ന് വാങ്ങിയാണ് വൈദ്യുതി നമുക്ക് തരുന്നതെന്നും, രാജ്യത്തെ വൈദ്യുത വിതരണ ശൃംഖലയിൽ എവിടെവച്ചാണ് കേരളത്തിന്റെ ഗ്രിഡിലേക്ക് വൈദ്യുതി കയറ്റുക എന്നുൾപ്പെടെയുള്ള കാര്യങ്ങൾ ടെന്ററിന്റെ ഭാഗമായി പരസ്യപ്പെടുത്തണം. നിലവിൽ സംസ്ഥാന സർക്കാരോ വൈദ്യുതി മന്ത്രിയോ കെഎസ്ഇബിയോ ഇതൊന്നും അറിഞ്ഞിട്ടില്ല. കരാറിനെ കുറിച്ച് ചോദിക്കുമ്പോൾ അതിന്റെ പൂർണ ഉത്തരവാദിത്വം ഞാൻ ഏറ്റെടുക്കുന്നുവെന്ന പ്രതികരണത്തിൽ മുഖ്യമന്ത്രി എല്ലാവരുടെയും വായടപ്പിക്കുന്നു.
ജിഎൻഎയുടെ കരാർ എങ്ങനെ ?
500 മെഗാവാട്ടാണ് ജിഎൻഎ കരാർ വഴി ലഭ്യമാക്കുമെന്ന് പറയുന്ന വൈദ്യുതി അതും ദിവസം മുഴുവൻ. നിരക്ക് 8.90 എന്നും 8.63 എന്നും രേഖകൾ കാണിക്കുന്നു, 24 മണിക്കൂറും 8.90/8.63 നിരക്കിൽ കേരളം 500 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നു. പകൽ സമയത്ത് കേരളത്തിന് നിലവിലുള്ള കരാറുകളിൽ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നതും നാം ഉൽപാദിപ്പിക്കുന്നതുമായ വൈദ്യുതി ഉപയോഗിച്ചാൽ ഈ 500 മെഗാവാട്ട് ആവശ്യം വരില്ല, സംഭരിച്ച് വയ്ക്കാൻ സംവിധാനമില്ലാത്തതിനാൽ തന്നെ നമ്മൾ അത് ഓപ്പൺ മാർക്കറ്റിൽ വിൽക്കാൻ നിർബന്ധിതരാവുന്നു ഡിമാന്റ് കുറഞ്ഞ സമയമായതിനാൽ നിലവിൽ ഓപ്പൺ മാർക്കര്റിൽ പകൽ സമയത്ത് (പീക്ക് ടൈം അല്ലാത്തപ്പോൾ) 2 രൂപയാണ് വില. 8.90 രൂപയ്ക്ക് വാങ്ങിയ വൈദ്യുതി നമ്മൾ 2 രൂപയ്ക്ക് തിരിച്ച് മാർക്കറ്റിലേക്ക് കൊടുക്കുന്നു. ഒരു യൂണിറ്റിൽ 6 രൂപയുടെ നഷ്ടം
ഹിമാചൽ വൈദ്യുതി കരാർ എങ്ങനെ ?
ഇനി ഹിമാചലിന്റെ കരാർ ആണെങ്കിലോ ആദ്യം 14.50 ആയിരുന്നെങ്കിൽ പിന്നീട് വിലപേശി അത് 12.50 ൽ എത്തിക്കുന്നു. 12.50 രൂപയ്ക്ക് വൈദ്യുതി നൽകുന്നത് പീക്ക് സമയങ്ങളിൽ മാത്രം അതും 900 മെഗാവാട്ട്. പീക്ക് സമയങ്ങളിൽ വാങ്ങുന്ന വൈദ്യുതി പൂർണമായും നമുക്ക് ആവശ്യമുള്ളതാണ് മാത്രമല്ല ജിഎൻഎ യെക്കാൾ 400 മെഗാവാട്ട് വരെ അധികം ലഭ്യവുമാണ്. ഓഫ്പീക്ക് സമയങ്ങളിൽ ഓപ്പൺ മാർക്കറ്റിൽ ലഭ്യമായ 2 രൂപയ്ക്ക് ആവശ്യമായ വൈദ്യുതി വാങ്ങുകയും ചെയ്യാം. ഇനി ഹിമാചലിൽ വൈദ്യുതി ഉൽപാദനത്തിന്റെ പ്രധാന ശ്രോതസ് ജലവൈദ്യുതിയാണ്. നാമ്മൾ അവരോട് വൈദ്യുതി വാങ്ങിന്നത് ഡേ എഹെഡ് ബേസിസിലാണ് എന്നുവച്ചാൽ നാളത്തെ പീക്ക് ടൈമിൽ നമുക്ക് ആവശ്യമായ വൈദ്യുതി എത്രയാണെന്ന് ഇന്ന് തന്നെ അറിയിച്ച് നിശ്ചയിച്ച വിലയിൽ നാളെ വാങ്ങുന്നു. ആവശ്യം മുൻകൂട്ടി അറിയിക്കാൻ കഴിയുന്നതിനാലും ജലവൈദ്യുതിയാണ് പ്രധാന ശ്രോതസ് എന്നതിനാലും ആവശ്യത്തിനനുസരിച്ച് ഉൽപാദനം ക്രമീകരിക്കാൻ കഴിയുന്നു. ഇതിലൂടെ നമ്മൾ ആവശ്യപ്പെടുന്ന വൈദ്യുതിയുടെ ലഭ്യത പൂർണ തോതിൽ ഉറപ്പിക്കാൻ കഴിയുന്നു.
കേരളത്തിന് നിലവിൽ രണ്ട് കരറുകളും ആവശ്യമില്ലെന്ന വാദത്തിന്റെ അടിസ്ഥാനം എന്ത് ?
വരുന്ന ഒരു മാസം കേരളത്തിന് ആവശ്യമായി വരുന്ന വൈദ്യുതിയുടെ അളവും, നിലവിൽ കേരളം തനതായി ഉൽപാദിപ്പിക്കുന്നതും വിവിധ കരാറുകളിൽ നിന്നും ലഭിക്കുന്ന വൈദ്യുതിയുടെ അളവുമെല്ലാമുൾപ്പെടുത്തി കെഎസ്ഇബി റഗുലേറ്ററി കമ്മീഷന് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അധിക വൈദ്യുതിയുടെയോ പുതിയ കരാറിന്റെയോ ആവശ്യമില്ലെന്നാണ് റെഗുലേറ്ററി കമ്മീഷന്റെ മറുപടി.
രാജ്യത്ത് നിലവിൽ വൈദ്യുതി പ്രതിസന്ധി ഇല്ലാത്തതിനാലും ഉത്തരേന്ത്യയിൽ ശൈത്യകാലമായതിനാൽ വൈദ്യതി ഉപഭോഗം കുറവാണ് എന്നതിനാലും വൈദ്യുതിക്ക് ഡിമാന്റ് കുറവാണ് അതുകൊണ്ട് തന്നെ ഓപ്പൺ മാർക്കറ്റിൽ കഴിഞ്ഞ മാസത്തെ കണക്ക് പ്രകാരം ശരാശരി പീക്ക് അവറിലെ വില എന്ന് പറയുന്നത് 9.50 രൂപയാണ്. ജിഎൻഎ കരാർ പ്രകാരമാണെങ്കിൽ രാവിലെ ഒരു യൂണിറ്റിന് 6 രൂപയോളം നഷ്ടം സഹിച്ച് രാത്രി യൂണിറ്റിന് 60 പൈസ ലാഭത്തിന് 500 മെഗാവാട്ട് കിട്ടും. ഹിമാചൽ കരാർ പ്രകാരമാണെങ്കിൽ വിതരണം പീക്ക് അവറിൽ മാത്രം ആയതിനാൽ 3 രൂപ അധികം കൊടുത്ത് 900 മെഗാവാട്ട് വാങ്ങണം (ആവശ്യാനുസരണം ഏറ്റക്കുറച്ചിൽ വരുത്താം എന്ന സൗകര്യമുണ്ടെന്ന് മാത്രം).
ഓപ്പൺ മാർക്കറ്റിലെ വൈദ്യുതിയുടെ ഇന്നത്തെ വില വ്യക്തമാക്കുന്ന ചാർട്ട് താഴെ കൊടുക്കുന്നു

എൽഡിഎഫ് കാലത്ത് ജിഎൻഎ ഉപയോഗിച്ചത് എന്തിന് ?
എൽഡിഎഫ് കാലത്ത് ജിഎൻഎ ഉപയോഗിച്ചത് പവർ സ്വാപ്പിംഗിന് വേണ്ടിയാണ്. എന്ന് വച്ചാൽ നമ്മൾ ആവശ്യ സമയത്ത് നമ്മൾ വാങ്ങിയ വൈദ്യുതിക്ക് പകരം നമുക്ക് നന്നായി വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയുന്ന സമയത്ത് വാങ്ങിയ അത്രയും വൈദ്യുതി അവർക്ക് തിരിച്ച് നൽകുന്നു. വാങ്ങുന്നയാളും വിൽക്കുന്നയാളും തമ്മിൽ ഇവിടെ പണമിടപാട് ഇല്ല. ഉൽപന്നം തന്നെയാണ് കൈമാറുന്നത്. ജിഎൻഎയ്ക്ക് നൽകിയത് ഇതിനുള്ള സർവീസ് ചാർജ് മാത്രമാണ്. അതും രാജ്യത്തെ നിയമങ്ങൾ അംഗീകരിച്ച നിരക്കിൽ മാത്രം. അതിനെ ജിഎൻഎ പറയുന്ന വിലയ്ക്ക് അവരിൽ നിന്നും വൈദ്യുതി വാങ്ങുന്ന യുഡിഎഫിന്റെ നിലവിലെ ഇടപാടും തമ്മിൽ താരതമ്യം അഭികാമ്യമല്ല.