Explained Fact Check

സീറാം സാംബശിവ റാവു നൽകിയ എഫ്എൽ – 7 ബാർ ലൈസൻസുകൾ റദ്ദാക്കിയോ ? വാർത്തകളുടെ വസ്തുതയെന്ത് ?

സീറാം സാംബശിവ റാവു നൽകിയ എഫ്എൽ – 7 ബാർ ലൈസൻസുകൾ റദ്ദാക്കിയോ ? വാർത്തകളുടെ വസ്തുതയെന്ത് ?

AP Ragind / ragindap001@gmail.com

സംസ്ഥാനത്ത് ബാറുകൾക്ക് എഫ്എൽ 7 ലൈസൻസ് നൽകിയതുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന വാർത്തകളും വിവാദങ്ങളും പുതിയ തലത്തിലേക്ക് കടക്കുകയാണ്. സ്ഥാനം നഷ്ടപ്പെട്ട സീറാം സാംബശിവ റാവുവിന് പകരക്കാരനായെത്തിയ ആർ ജയശങ്കർ ഐഎഎസിന്റെ പുതിയ ഉത്തരവാണ് നിലവിലെ വാർത്താ വിഷയം.

കേരള അബ്കാരി ആക്ട് പ്രകാരവും ഫോറിൻ ലിക്വർ റൂൾസ് പ്രകാരവും അനുവദിക്കുന്ന ലൈസൻസുകളുടെ പ്രധാന കാറ്റഗറി താഴെ നൽകിയിരിക്കുന്നവയാണ്.

പ്രധാന വിദേശമദ്യ (FL) ലൈസൻസുകൾ

1 FL-1 (Wholesale / Retail Off-Premises): ബെവ്കോ (KSBC), കൺസ്യൂമർഫെഡ് (Consumerfed) എന്നിവയുടെ റീട്ടെയിൽ ഔട്ട്ലെറ്റുകൾക്ക് നൽകുന്ന ലൈസൻസ്.

2 FL-2 (Club License): രജിസ്റ്റർ ചെയ്ത സ്വകാര്യ ക്ലബ്ബുകളിൽ അംഗങ്ങൾക്ക് മദ്യം വിളമ്പാനുള്ള ലൈസൻസ്.

3 FL-3 (Hotel Bar License): ഫോർ സ്റ്റാർ (4-Star), ഫൈവ് സ്റ്റാർ (5-Star), ഫൈവ് സ്റ്റാർ ഡീലക്സ്, ഹെറിറ്റേജ് ക്ലാസിഫിക്കേഷനുള്ള ഹോട്ടലുകളിൽ പ്രവർത്തിക്കുന്ന ജനറൽ ബാറുകൾക്കുള്ള ലൈസൻസ്.

4 FL-4 / FL-4A (Club / Special Bar License): നിർദ്ദിഷ്ട ക്ലബ്ബുകൾ, ആർമി കാന്റീനുകൾ, അല്ലെങ്കിൽ പ്രത്യേക കാറ്ററിംഗ് സ്ഥാപനങ്ങൾ എന്നിവയ്ക്കുള്ള ലൈസൻസ്.

5 FL-7 (Airport Lounge Bar License):
അന്താരാഷ്ട്ര/ആഭ്യന്തര വിമാനത്താവളങ്ങളിലെ ട്രാവൽ ലോഞ്ചുകളിൽ പ്രവർത്തിക്കുന്ന ബാറുകൾക്കുള്ള ലൈസൻസ്.

6 FL-9 (Wholesale Warehouse License): വിദേശമദ്യത്തിന്റെ മൊത്തവിതരണ സംഭരണശാലകൾക്ക് (KSBC വെയർഹൗസുകൾ) നൽകുന്നത്.

7 FL-11 (Beer / Wine Parlour License): ത്രീ സ്റ്റാർ, ഫോർ സ്റ്റാർ അല്ലെങ്കിൽ അംഗീകൃത ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ബീയറും വൈനും മാത്രം വിൽക്കുന്നതിനുള്ള ലൈസൻസ്.

8 FL-11D (Seasonal Beer/Wine Parlour License): ടൂറിസം കേന്ദ്രങ്ങളിലെ ഹോട്ടലുകൾക്കും റെസ്റ്റോറന്റുകൾക്കും സീസൺ സമയങ്ങളിൽ ബീയറും വൈനും വിൽക്കാൻ നൽകുന്ന താൽക്കാലിക ലൈസൻസ്.

9 FL-12 (Special Occasion License): പ്രത്യേക ചടങ്ങുകൾ, ബാങ്ക്വറ്റുകൾ, അല്ലെങ്കിൽ ഇവന്റുകൾ എന്നിവയിൽ താൽക്കാലികമായി മദ്യസേവ നടത്താൻ നൽകുന്ന ലൈസൻസ്.

10 FL-13 / FL-13D (Horti Wine Outlets / Special Outlets): ഹോർട്ടി വൈൻ ഉൾപ്പെടെയുള്ള പ്രത്യേക തരം ഔട്ട്ലെറ്റുകൾക്കായുള്ള ലൈസൻസുകൾ.

സീറാം സാംബശിവ റാവു നൽകിയ എഫ്എൽ 7 ലൈസൻസുകൾ റദ്ദാക്കിയിരിക്കുന്നവെന്നാണ് പുതിയ ഉത്തരവിനെ ചൂണ്ടിക്കാട്ടി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് എന്താണ് വസ്തുത ? പരിശോധിക്കാം

സീറാം സാംബശിവ റാവു നൽകിയ എഫ്എൽ 7 ലൈസൻസുകൾ ഏതെക്കെ ?

Foreign Liquor Rules, 1953s-ലെ Rule 13(7) പ്രകാരം FL-7 Airport Transit Lounge Licence എന്ന പ്രത്യേക ലൈസൻസ് SRO No.442/2011 (G.O.(P) No.87/2011/TD dated 19.07.2011) 2011 ലെ ഈ ഉത്തരവ് പ്രകാരം സംസ്ഥാനത്തെ വിമാനത്താവളങ്ങളിലെ ആഭ്യന്തര, അന്താരാഷ്ട്ര ടെർമിനലുകളിൽ എയർ കാറ്ററർ മാർക്കും ഫ്ലൈറ്റ് സർവ്വീസ് ഓപറേറ്റർമാർക്കും ലോഞ്ച് ബാർ അനുവദിക്കുന്നതിന് കസ്റ്റംസ് കമ്മീഷണറുടെയും വിമാനത്താവള അധികൃതരുടെയും അനുമതിയാണ് ആവശ്യമായുള്ളത്. എഫ്എൽ – 7 ലൈസൻസ് ലഭിക്കുന്ന സ്ഥാപനങ്ങൾക്ക് പൊതുജനങ്ങൾക്ക് മദ്യം വിതരണം ചെയ്യുന്നതിനുള്ള അനുമതിയില്ല.

ഇതിന്റെ അടിസ്ഥാനത്തിൽ സീറാം സാംബശിവ റാവു എക്സൈസ് കമ്മീഷണറായിരിക്കെ 2026 ജൂൺ 22 ന് എഫ്എൽ 7/2026/00003, എഫ്എൽ 7/2026/00004 എന്നിങ്ങനെ രണ്ട് ലൈസൻസുകൾ അനുവദിക്കുന്നു. 2011 മുതൽ എഫ്എൽഎ 7 ലൈസൻസുകൾ അനുവദിക്കുന്നതിന് സംസ്ഥാനം സ്വീകരിച്ചുവരുന്ന നടപടിക്രമങ്ങൾ പാലിച്ചാണ് ഈ ലൈസൻസുകൾ അനുവദിച്ചതെന്ന് എക്സൈസ് കമ്മീഷണർ നൽകിയ വിശദീകരണത്തിൽ വ്യക്തമാക്കുന്നു. ഈ രണ്ട് ലൈസൻസുകൾ പ്രകാരവും അനുമതി കിട്ടിയ സ്ഥാപനങ്ങളിൽ പൊതുജനങ്ങൾക്ക് പ്രവേശനാനുമതിയില്ല.

എന്നാൽ ഇതേ സമയത്ത് സമർപ്പിക്കപ്പെട്ട ബാലാജി കാറ്ററേസ് എന്ന സ്ഥാപനത്തിൽ വിമാന യാത്രക്കാരല്ലാത്തവർക്കും പ്രവേശനം ലഭിക്കുന്ന സാഹചര്യമുള്ളതിനാൽ ഈ സ്ഥാനത്തിന് എഫ്എൽ 7 ലൈസൻസ് അനുവദിക്കാൻ നിലവിലെ ചട്ടപ്രകാരം സാധിക്കില്ല. ആയതിനാൽ ഇതിൽ വ്യക്തത വരുത്തുന്നതിനായി 2026 മാർച്ച് 10 ന് സർക്കാരിന് എക്സൈസ് കമ്മീഷണർ കത്ത് നൽകുന്നു. 2026 ആഗസ്ത് 4 ന് സർക്കാരിൽ നിന്നും ലഭിച്ച മറുപടിയുടെ അടിസ്ഥാനത്തിൽ ഈ അപേക്ഷ നിരസിച്ചുകൊണ്ട് എക്സൈസ് കമ്മീഷണർ ഉത്തരവിറക്കുന്നു. പൊതുജനങ്ങൾക്ക കൂടെ മദ്യം ലഭിക്കുന്ന സാഹചര്യമുള്ളതിന്ൽ ഇത്തരം ലൈസൻസുകൾ യുഡിഎഫ് സർക്കാറിന്റെ അബ്കാരി നയം രൂപീകരിക്കുന്നതുവരെ നൽകേണ്ടതില്ലെന്ന നയപരമായ തീരുമാനത്തിന്റെ പുറത്താണ് ഈ അപേക്ഷ നിരസിക്കപ്പെട്ടത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ മറ്റ് രണ്ട് ലൈസൻസുകളും ഇപ്പോഴും സാധുവാണ്. അതിന്റെ അടിസ്ഥാനത്തിൽ ഈ ബാറുകൾ നിലവിൽ തുറന്ന് പ്രവർത്തിക്കുന്നുമുണ്ട്

വാർത്തകളിലെ പിശക് എന്ത് ?

എഫ്എൽ 7/2026/00005 – നമ്പറിലുള്ള ഈ അപേക്ഷയ്ക്ക് ലൈസൻസ് നൽകുന്നതിനുള്ള നടപടി ക്രമങ്ങൾ സീറാം സാംബശിവ റാവുവിന്റെ കാലത്ത് ആരംഭിച്ചിരുന്നു. ഈ നടപടി ക്രമങ്ങൾ മാത്രമാണ് നിലവിലെ കമ്മീഷണറുടെ കത്തിന്റെ അടിസ്ഥാനത്തിൽ നിലവിൽ റദ്ദ് ചെയ്തിരിക്കുന്നത്.

ബാർ ലൈസൻസ് നൽകുന്നതുമായി ബന്ധപ്പെട്ട് യുഡിഎഫ് സർക്കാർ നയം എക്സൈസ് മന്ത്രി മാധ്യമങ്ങളോട് സംസാരിച്ചിരുന്നുവെങ്കിലും 11-03-2026 ന് മുമ്പ് എഫ്എൽ 7 ലൈസൻസുകൾ നൽകുന്നതുമായി ബന്ധപ്പെട്ട് 2011 ലെ ഉത്തരവിന് വിരുദ്ധമായൊരു ഉത്തരവ് മന്ത്രിസഭ ഇറക്കിയിരുന്നില്ല അതുകൊണ്ട് തന്നെ എഫ്എൽ 7/2026/00003, എഫ്എൽ 7/2026/00004 എന്നീ ലൈസൻസുകളിൽ ചട്ടവിരുദ്ധമായി എന്തെങ്കിലും ഉള്ളതായും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ടാണ് 09.11.2026 ലെ എക്സൈസ് കമ്മീഷണറുടെ കത്തിൽ ഈ ലൈസൻസുകളെ പറ്റി പരാമർശമില്ലാത്തത്.

ചുരുക്കി പറഞ്ഞാൽ എഫ്എൽ 7/2026/00003, എഫ്എൽ 7/2026/00004 എന്നീ അപേക്ഷകളുടെ ലൈസൻസൻസ് നടപടികൾ പൂർത്തീകരിക്കുകയും എഫ്എൽ 7/2026/00005 എന്ന അപേക്ഷയുടെ ലൈസൻസ് നൽകുന്നതിനുള്ള നടപടികൾ ആരംഭിക്കുകയുമാണ് സീറാം സാംബശിവ റാവു എക്സൈസ് കമ്മീഷണറായിരിക്കെ ചെയ്തിട്ടുള്ളത്. 09.11.2026 ലെ ഉത്തരവിലൂടെ എഫ്എൽ 7/2026/00005 എന്ന അപേക്ഷയ്ക്ക് ലൈസൻസ് നൽകുന്നതിനുള്ള നടപടികൾ നിർത്തിവയ്ക്കാനാണ് എക്സൈസ് കമ്മീഷണർ ഉത്തരവിട്ടത്. അതുകൊണ്ട് സീറാം സാംബശിവ റാവുവിന്റെ കാലത്ത് നൽകിയ എഫ്എൽ 7 ലൈസൻസുകൾ റദ്ദാക്കി എന്ന മാധ്യമ വാർത്തകൾ വസ്തുതാ വിരുദ്ധമാണ്.

Share Email
Top